തിരുവനന്തപുരം: വഖഫ് ബോർഡിൽ കാന്തപുരം വിഭാഗത്തിന് പ്രാതിനിധ്യം നൽകാൻ ധാരണയായി. മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഇടപെടലിനെ തുടർന്നാണ് തർക്കത്തിൽ സമവായത്തിലെത്തിയത്. സമവായ ഫോർമുല പ്രകാരം നിലവിലെ ബോർഡ് അംഗമായ തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവി അംഗത്വം ഒഴിയുകയും പകരം കാന്തപുരം വിഭാഗത്തിൽനിന്നുള്ള പ്രതിനിധിയെ ഉൾപ്പെടുത്തുകയും ചെയ്യും.
ഇതിന്റെ ഭാഗമായി ഹജ്ജ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തിലും മാറ്റമുണ്ടാകും. കാന്തപുരം വിഭാഗത്തിന്റെ കൈവശമുള്ള ചെയർമാൻ സ്ഥാനം ഒഴിയുകയും തുടർന്ന് തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവിയെ ആ സ്ഥാനത്തേക്ക് കൊണ്ടുവരികയും ചെയ്യാനാണ് ധാരണ.
കലക്ടറേറ്റ് മാർച്ച് പിൻവലിച്ചേക്കും
സമവായത്തിലെത്തിയതോടെ ഈ മാസം 22ന് കാന്തപുരം വിഭാഗം നടത്താനിരുന്ന കലക്ടറേറ്റ് മാർച്ച് പിൻവലിച്ചേക്കുമെന്നാണ് സൂചന. ഇതുസംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാൻ എ.പി. വിഭാഗം കോഴിക്കോട്ട് യോഗം ചേരും. കൂടാതെ, വിഷയത്തിൽ വ്യക്തത വരുത്തുന്നതിനായി നേതാക്കൾ കാന്തപുരവുമായി നേരിട്ട് കൂടിക്കാഴ്ച നടത്താനും ശ്രമിക്കുന്നുണ്ട്.

ബോർഡിൽ മാറ്റങ്ങളുണ്ടാകുമെന്ന് മന്ത്രി
വഖഫ് ബോർഡിൽ സമവായമുണ്ടായതായി മന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കി. നിലവിൽ പ്രഖ്യാപിച്ച ബോർഡിൽ മാറ്റങ്ങൾ വരുമെന്നും എല്ലാവരെയും ഉൾക്കൊണ്ട് മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചപ്പോൾ ചില വിഭാഗങ്ങൾക്കുള്ള മാനദണ്ഡങ്ങൾ കാരണം എല്ലാവർക്കും പ്രാതിനിധ്യം നൽകാൻ കഴിഞ്ഞിരുന്നില്ലെന്നും ആരെയും ബോധപൂർവം ഒഴിവാക്കിയതല്ലെന്നും മന്ത്രി വിശദീകരിച്ചു.
കാന്തപുരം വിഭാഗത്തിന്റെ പരാതി ന്യായമാണെന്നും ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കുമെന്നും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സമവായ നീക്കങ്ങൾ സജീവമായത്.
