മുംബൈ: ദ്വിദിന ഔദ്യോഗിക സന്ദര്‍ശനത്തിനായി യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ മുംബൈയിലെത്തി. ഭാര്യ ജീനെറ്റ് ഡൗസ്ഡെബെസ് റൂബിയോ, ഇന്ത്യയിലെ യു.എസ്. അംബാസഡര്‍ സെര്‍ജിയോ ഗോര്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ട്. മഹാരാഷ്ട്ര മന്ത്രി ആഷിഷ് ഷേലാറിന്റെ നേതൃത്വത്തിലാണ് റൂബിയോയെ വിമാനത്താവളത്തില്‍ സ്വീകരിച്ചത്. പതിവിന് വിപരീതമായി രാജ്യതലസ്ഥാനമായ ഡല്‍ഹി ഒഴിവാക്കിയാണ് അദ്ദേഹം നേരിട്ട് മുംബൈയിലെത്തിയത്.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാറുകളിലെ ചര്‍ച്ചകള്‍ സജീവമാക്കുകയാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ മുംബൈയിലെത്തി റൂബിയോയുമായി കൂടിക്കാഴ്ച നടത്തും. വൈകീട്ട് നാലിനാണ് ഇരുവരുടെയും കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. നയതന്ത്രം, വ്യാപാരം, ഊര്‍ജ മേഖലകളിലെ സഹകരണം എന്നിവ ചര്‍ച്ചാവിഷയമാകും. ഇതിന്റെ ഭാഗമായി റിലയന്‍സിന്റെ ഗുജറാത്ത് ജാംനഗറിലെ റിഫൈനറിയും റൂബിയോ സന്ദര്‍ശിക്കും.

അമേരിക്ക നേരിടുന്ന കനത്ത ഊര്‍ജ്ജ പ്രതിസന്ധിയുടെ പശ്ചാത്തലത്തിനാണ് ഈ സന്ദര്‍ശനത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ളത്. അടുത്ത മാസം നടക്കാനിരിക്കുന്ന അമേരിക്കന്‍ മിഡ്ടേം ഇലക്ഷന് മുന്നോടിയായി ഊര്‍ജ്ജ മേഖലയിലെ സഹകരണം ശക്തമാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ജാംനഗറിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓയില്‍ റിഫൈനറി സന്ദര്‍ശിക്കുന്ന അദ്ദേഹം, റിലയന്‍സ് ചെയര്മാന് മുകേഷ് അംബാനിയുമായി കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാറുകള്‍ അന്തിമമാക്കാനും താരിഫ് തര്‍ക്കങ്ങള്‍ പരിഹരിക്കാനും ചര്‍ച്ചയിലൂടെ ലക്ഷ്യമിടുന്നു. അമേരിക്കന്‍ സ്വാതന്ത്ര്യത്തിന്റെ 250-ാം വാര്‍ഷികത്തോടനുബന്ധിച്ച് മുംബൈയില്‍ സംഘടിപ്പിക്കുന്ന ‘ഫ്രീഡം 250’ ചടങ്ങിലും അദ്ദേഹം പങ്കെടുക്കും.
അതേസമയം, നയതന്ത്ര ചര്‍ച്ചകള്‍ സാധാരണയായി രാജ്യതലസ്ഥാനത്താണ് നടക്കാറുള്ളതെന്നിരിക്കെ, ഡല്‍ഹി ഒഴിവാക്കി മുംബൈയില്‍ കൂടിക്കാഴ്ച നിശ്ചയിച്ചത് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. തീരുമാനത്തിനെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തി. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര് റൂബിയോയുടെ ജോലിക്കാരനാണോ എന്ന് രാഹുല്‍ പരിഹസിച്ചു. ഇന്ത്യ ഔദ്യോഗികമായി സന്ദര്‍ശനം പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ, ഇന്ത്യയിലെ യു.എസ്. അംബാസഡര്‍ കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പുറത്തുവിട്ടതാണ് പ്രതിപക്ഷത്തിന്റെ പരിഹാസത്തിന് ഇടയാക്കിയത്.
