ടൊറന്റോ: പ്രവിശ്യയിലെ ഭരണസേവനങ്ങള്‍ കൂടുതല്‍ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി ഡിജിറ്റല്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ അവതരിപ്പിക്കാനൊരുങ്ങി ഒന്റാരിയോ. ആദ്യ ഘട്ടത്തില്‍ ഫോട്ടോ കാര്‍ഡുകളാണ് ഡിജിറ്റല്‍ രൂപത്തിലാക്കുക. തുടര്‍ന്ന് ഡ്രൈവിങ് ലൈസന്‍സും ഹെല്‍ത്ത് കാര്‍ഡും സ്മാര്‍ട്ട്ഫോണുകളില്‍ ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍, ഈ ഡിജിറ്റല്‍ ഐഡികള്‍ നിര്‍ബന്ധമാക്കില്ലെന്നും നിലവിലുള്ള പ്ലാസ്റ്റിക് കാര്‍ഡുകള്‍ പൂര്‍ണ്ണമായും തുടരുമെന്നും പബ്ലിക് ആന്റ് ബിസിനസ് സര്‍വീസ് ഡെലിവറി മന്ത്രി സ്റ്റീഫന്‍ ക്രോഫോര്‍ഡ് വ്യക്തമാക്കി. പൗരന്മാര്‍ക്ക് ഭൗതിക കാര്‍ഡുകള്‍ തുടര്‍ന്നും ഉപയോഗിക്കാനുള്ള അവകാശം പുതിയ നിയമനിര്‍മ്മാണത്തിലൂടെ സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡ്രൈവിങ് ലൈസന്‍സ് ഇല്ലാത്ത ഒന്റാരിയോ നിവാസികള്‍ക്ക് നല്‍കുന്ന ഒന്റാരിയോ ഫോട്ടോ കാര്‍ഡിലൂടെയാണ് പദ്ധതിയുടെ തുടക്കം. ഡിജിറ്റല്‍ സംവിധാനം നടപ്പിലാക്കുന്നതിനായുള്ള പൊതു-വിദഗ്ധ ചര്‍ച്ചകളും കൂടിയാലോചനകളും ഈ വര്‍ഷം അവസാനം ആരംഭിക്കും. വ്യക്തിഗത വിവരങ്ങളുടെ സ്വകാര്യതയും സുരക്ഷയും പൂര്‍ണ്ണമായും ഉറപ്പാക്കിക്കൊണ്ടായിരിക്കും ഡിജിറ്റല്‍ ഐഡികള്‍ രൂപകല്‍പ്പന ചെയ്യുകയെന്ന് ആരോഗ്യ മന്ത്രി സില്‍വിയ ജോണ്‍സ് വ്യക്തമാക്കി. ഫോട്ടോ കാര്‍ഡുകളുടെ വിജയകരമായ പരിശോധനയ്ക്ക് ശേഷമായിരിക്കും ഡ്രൈവിംഗ് ലൈസന്‍സും ഹെല്‍ത്ത് കാര്‍ഡും മൊബൈല്‍ വാലറ്റുകളിലേക്ക് വ്യാപിപ്പിക്കുക.

നേരത്തെ 2021-ല്‍ സമാനമായ പദ്ധതി ഒന്റാരിയോ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് സാങ്കേതിക കാരണങ്ങളാല്‍ നീട്ടിവെക്കുകയായിരുന്നു. എന്നാല്‍, ആല്‍ബര്‍ട്ട, കെബെക്, ബ്രിട്ടിഷ് കൊളംബിയ തുടങ്ങിയ മറ്റ് കനേഡിയന്‍ പ്രവിശ്യകളുടെ മാതൃക പിന്തുടര്‍ന്ന് പദ്ധതി വേഗത്തില്‍ നടപ്പിലാക്കാനാണ് സര്‍ക്കാരിന്റെ നിലവിലെ തീരുമാനം. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടന തീയതി ഉടന്‍ പ്രഖ്യാപിക്കും.
