ന്യൂഡല്‍ഹി: ആഗോള കാലാവസ്ഥയെ മാറ്റിമറിക്കാന്‍ ശേഷിയുള്ള എല്‍ നിനോ പ്രതിഭാസം അതിശക്തമായി തുടരുന്നതിനിടെ, ചരിത്രത്തിലാദ്യമായി പസഫിക് സമുദ്രോപരിതല താപനില 30 ഡിഗ്രി സെല്‍ഷ്യസ് കടന്നു. ശാസ്ത്രജ്ഞര്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്ന മധ്യ ഭൂമധ്യരേഖാ പസഫിക് മേഖലയിലെ താപനില ഒക്ടോബര്‍ 22-നാണ് മുമ്പൊരിക്കലും രേഖപ്പെടുത്തിയിട്ടില്ലാത്ത ഉയര്‍ന്ന നിലയിലെത്തിയത്. യുഎസ് നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്‍ (NOAA) പുറത്തുവിട്ട വിവരങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളില്‍ സമുദ്ര താപനില റെക്കോര്‍ഡ് നിലവാരത്തിലേക്ക് ഉയരുമെന്നും ഡിസംബറോടെ എല്‍ നിനോ പരമാവധി ശക്തിയിലെത്തുമെന്നും ലോക കാലാവസ്ഥാ സംഘടന (WMO) വ്യക്തമാക്കി. ഈ പ്രതിഭാസം 2027-ന്റെ തുടക്കം വരെ ശക്തമായി തുടര്‍ന്നേക്കുമെന്നാണ് പ്രവചനം.
മധ്യ-കിഴക്കന്‍ ഉഷ്ണമേഖലാ പസഫിക് സമുദ്രോപരിതല ജലം അസാധാരണമായി ചൂടുപിടിക്കുന്ന സ്വാഭാവിക കാലാവസ്ഥാ പ്രതിഭാസമാണ് എല്‍ നിനോ. സമുദ്രജലത്തിലെ ഈ താപവ്യതിയാനം കാറ്റിന്റെ ഗതിയെയും മഴമേഘങ്ങളുടെ സഞ്ചാരത്തെയും സ്വാധീനിക്കുകയും, സമുദ്രതീരങ്ങളില്‍ നിന്ന് ഏറെ അകലെയുള്ള പ്രദേശങ്ങളില്‍പ്പോലും കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്യുന്നു. ഇത്തവണ രൂപപ്പെട്ടിരിക്കുന്ന എല്‍ നിനോ മുന്‍കാലങ്ങളേക്കാള്‍ അതീവ ശക്തമാണെന്ന് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. WMO-യുടെ കണക്കുകള്‍ പ്രകാരം, നിനോ 3.4 മേഖലയിലെ സമുദ്രോപരിതല ശരാശരി താപനില ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ സാധാരണയേക്കാള്‍ 3.7 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം. ഇത് 2015-16 കാലയളവില്‍ രേഖപ്പെടുത്തിയ 2.6 ഡിഗ്രി എന്ന മുന്‍ റെക്കോര്‍ഡിനേക്കാള്‍ വളരെ കൂടുതലാണ്.

എല്‍ നിനോയുടെ ശക്തി വര്‍ധിക്കുന്നത് ഇന്ത്യയില്‍ കഠിനമായ വരള്‍ച്ചയ്ക്കും താപനില വര്‍ധനവിനും ഇടയാക്കുമെന്ന ആശങ്ക ശക്തമാണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം 2026-ലെ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ 13 ശതമാനം കുറവ് മഴയാണ് രാജ്യത്ത് ലഭിച്ചത്. വരും മാസങ്ങളില്‍ ദക്ഷിണേഷ്യയിലെ മിക്ക പ്രദേശങ്ങളിലും താപനില ഉയര്‍ന്നുനില്‍ക്കുമെന്നും മധ്യ-ദക്ഷിണ ഉപദ്വീപ് മേഖലകളില്‍ മഴ കുറയാനാണ് സാധ്യതയെന്നും ഡബ്ല്യു.എം.ഓ മുന്നറിയിപ്പ് നല്‍കുന്നു. ഇന്ത്യന്‍ കാലാവസ്ഥയെ പ്രാദേശിക ഘടകങ്ങളും സ്വാധീനിക്കുന്നുണ്ടെങ്കിലും, പസഫിക്കിലെ ക്രമാതീതമായ ചൂട് ക്രമം തെറ്റിയ മഴയ്ക്കും ഉഷ്ണതരംഗങ്ങള്‍ക്കും കാരണമായേക്കാമെന്നതിനാല്‍ സാഹചര്യങ്ങള്‍ ശാസ്ത്രലോകം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
