Tuesday, October 27, 2026

ഹാമില്‍ട്ടണില്‍ ആന്‍ഡ്രിയ ഹോര്‍വത്തിന് കനത്ത തോല്‍വി; കീനിന്‍ ലൂമിസ് മേയര്‍

ഹാമില്‍ട്ടണ്‍: ഹാമില്‍ട്ടണ്‍ നഗരത്തിന്റെ പുതിയ മേയറായി പ്രമുഖ ബിസിനസ്സ് നേതാവ് കീനിന്‍ ലൂമിസ് (Keanin Loomis) തിരഞ്ഞെടുക്കപ്പെട്ടു. ശക്തമായ മത്സരത്തില്‍ നിലവിലെ മേയറും മുന്‍ ഒന്റാരിയോ എന്‍.ഡി.പി (NDP) നേതാവുമായ ആന്‍ഡ്രിയ ഹോര്‍വാത്തിനെ (Andrea Horwath) തകര്‍പ്പന്‍ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയാണ് ലൂമിസ് ചരിത്ര വിജയം നേടിയത്.

60 ശതമാനത്തോളം വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 41 ശതമാനം വോട്ടുകള്‍ നേടിയാണ് ലൂമിസ് മുന്നേറിയത്. ഹാമില്‍ട്ടണ്‍ സിറ്റി കൗണ്‍സിലറായ റോബ് കൂപ്പര്‍ (Rob Cooper) 32 ശതമാനം വോട്ടുകളോടെ രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍, നിലവിലെ മേയര്‍ ആന്‍ഡ്രിയ ഹോര്‍വാത്തിന് കേവലം 14 ശതമാനം വോട്ടുകള്‍ മാത്രമാണ് നേടാനായത്.

വലിയൊരു തിരിച്ചുവരവ്: 35,000-ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം

2022-ലെ മേയര്‍ തിരഞ്ഞെടുപ്പില്‍ ഹോര്‍വാത്ത് ലൂമിസിനെ വെറും 1,600 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇത്തവണ 35,000-ത്തിലധികം വോട്ടുകളുടെ കൂറ്റന്‍ ഭൂരിപക്ഷത്തിലാണ് ലൂമിസ് ഹോര്‍വാത്തിനെ പരാജയപ്പെടുത്തിയത്.

ഹാമില്‍ട്ടണ്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ മുന്‍ മേധാവിയായ ലൂമിസ്, അടുത്തിടെ വരെ കനേഡിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റീല്‍ കണ്‍സ്ട്രക്ഷന്റെ പ്രസിഡന്റും സി.ഇ.ഒ യുമായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

‘അഞ്ച് വര്‍ഷത്തെ യാത്ര, തിരിച്ചുവരവിന്റെ നഗരം’: കീനിന്‍ ലൂമിസ്

തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം പ്രതികരിച്ച ലൂമിസ്, ഈ വിജയത്തെ തന്റെ ‘അഞ്ച് വര്‍ഷത്തെ യാത്രയുടെ’ ഫലമെന്നാണ് വിശേഷിപ്പിച്ചത്.’ഹാമില്‍ട്ടണ്‍ തിരിച്ചുവരവുകളെ സ്‌നേഹിക്കുന്ന നഗരമാണ്. ഇതൊരു പുതിയ ദിശയിലേക്കുള്ള തുടക്കമാണ്. കൗണ്‍സിലിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട എല്ലാവരെയും അഭിനന്ദിക്കുന്നു. പുതിയ നഗരസഭാ കൗണ്‍സിലിനൊപ്പം പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്,’ ലൂമിസ് പറഞ്ഞു.

നഗരത്തിന്റെ അവിശ്വസനീയമായ വികസന സാധ്യതകള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ശക്തമായ നേതൃത്വത്തിന്റെ കുറവുണ്ടായിരുന്നുവെന്നും അത് നികത്താനുള്ള സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉരുക്ക് വ്യവസായ സംരക്ഷണവും വരും പദ്ധതികളും

നഗരത്തിലെ പ്രധാന തൊഴില്‍ മേഖലയായ ഉരുക്ക് (Steel) വ്യവസായത്തെയും തൊഴിലാളികളെയും സംരക്ഷിക്കുന്നതിന് പ്രൊവിന്‍ഷ്യല്‍, ഫെഡറല്‍ ഗവണ്‍മെന്റുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് മേയറായി തിരഞ്ഞെടുക്കപ്പെട്ട ലൂമിസ് വ്യക്തമാക്കി. പ്രദേശിക ബിസിനസ്സുകളെയും തൊഴിലാളി യൂണിയനുകളെയും ഏകോപിപ്പിച്ച് നഗരത്തിലെ തൊഴിലവസരങ്ങള്‍ സംരക്ഷിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!