Wednesday, October 28, 2026

അടിസ്ഥാന പലിശ നിരക്ക് 0.25% വർധിപ്പിച്ച് ബാങ്ക് ഓഫ് കാനഡ

ഓട്ടവ: അടിസ്ഥാന പലിശ നിരക്ക് 0.25% വര്‍ധിപ്പിച്ച് ബാങ്ക് ഓഫ് കാനഡ.
അമേരിക്കയുമായുള്ള താരിഫ് യുദ്ധവും ഒപ്പം മിഡില്‍ ഈസ്റ്റിലെ യുദ്ധം മൂലം പണപ്പെരുപ്പം ഉയരാനുള്ള സാധ്യതയും മുന്‍നിര്‍ത്തിയാണ് തങ്ങളുടെ പ്രധാന നയപരമായ പലിശ നിരക്ക് (Key Policy Rate) വര്‍ധിപ്പിച്ചു. മൂന്ന് വര്‍ഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് കേന്ദ്രബാങ്ക് പലിശ നിരക്ക് കൂട്ടുന്നത്.

ബെഞ്ച്മാര്‍ക്ക് നിരക്ക് 25 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 2.5 ശതമാനമാക്കിയതായി ബാങ്ക് നിര്‍ണ്ണായക പ്രഖ്യാപനത്തില്‍ അറിയിച്ചു. ഇതോടൊപ്പം 2027-ലേക്കുള്ള പണപ്പെരുപ്പ പ്രവചനം മുന്‍പ് ജൂലൈയില്‍ കണക്കാക്കിയിരുന്ന 2.0 ശതമാനത്തില്‍ നിന്ന് 3.1 ശതമാനമായി ഉയര്‍ത്തുകയും ചെയ്തു. ഈ വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 1.0 ശതമാനമായിരിക്കുമെന്നും ബാങ്ക് വിലയിരുത്തുന്നു.

ഗവര്‍ണര്‍ ടിഫ് മക്ലെമിന്റെ പ്രതികരണം:

‘പണപ്പെരുപ്പ നിരക്കുകള്‍ ഉയര്‍ന്നുതന്നെ നില്‍ക്കുന്ന സാഹചര്യത്തിലും രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ ശക്തമായ പ്രതിരോധശേഷി കാണിക്കുന്നതിനാലുമാണ് പലിശ നിരക്ക് കൂട്ടാന്‍ തീരുമാനിച്ചത്. ഉയര്‍ന്ന ഇന്ധനവില പൊതുവായ പണപ്പെരുപ്പത്തിലേക്ക് പടരുന്നത് തടയാന്‍ ഈ നീക്കം ആവശ്യമാണ്. വരും ദിനങ്ങളില്‍ ബാങ്ക് സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും ജാഗ്രതയോടെ മുന്‍പോട്ട് പോകുകയും ചെയ്യും,’ ബാങ്ക് ഓഫ് കാനഡ ഗവര്‍ണര്‍ ടിഫ് മക്ലെം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സെപ്റ്റംബര്‍ മാസത്തില്‍ കാനഡയിലെ വാര്‍ഷിക പണപ്പെരുപ്പ നിരക്ക് 3.2 ശതമാനത്തിലെത്തിയിരുന്നു. ഇത് ബാങ്കിന്റെ നിശ്ചിത ലക്ഷ്യമായ 1%-3% പരിധിക്കും മുകളിലാണ്. പ്രധാനമായും ഇന്ധനവിലയും ഗതാഗത ചെലവുകളുമാണ് ഇതിന് കാരണമായത്. ഈ വര്‍ഷാവസാനത്തോടെ പണപ്പെരുപ്പം 3.5 ശതമാനത്തിലെത്തുമെന്നും 2028 മധ്യത്തോടെ മാത്രമേ ഇത് പഴയപടി 2 ശതമാനത്തിലേക്ക് താഴൂ എന്നും ബാങ്ക് കണക്കാക്കുന്നു.

സാമ്പത്തിക രംഗത്തെ പ്രത്യാഘാതങ്ങള്‍:

ജിഡിപി പ്രവചനത്തില്‍ മാറ്റം: മൂന്നാം പാദത്തില്‍ സാമ്പത്തിക വളര്‍ച്ച 2 ശതമാനമായും നാലാം പാദത്തില്‍ 0.8 ശതമാനമായും മന്ദഗതിയിലാകുമെങ്കിലും, 2027, 2028 വര്‍ഷങ്ങളിലെ ജിഡിപി വളര്‍ച്ച 2 ശതമാനമായി ഉയരുമെന്ന് പാദവാര്‍ഷിക മോണിറ്ററി പോളിസി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

വിദഗ്ധരുടെ ഭിന്നപ്രായം: അടിസ്ഥാന പണപ്പെരുപ്പം (Core Inflation) ഇപ്പോഴും 2 ശതമാനത്തിന് അടുത്തായതിനാല്‍ പലിശ വര്‍ധന് നിലവിലെ തൊഴില്‍ വിപണിയെയും സാമ്പത്തിക കരകയറ്റത്തെയും ദോഷകരമായി ബാധിച്ചേക്കാമെന്ന് ഒരുവിഭാഗം സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!