ഓട്ടവ: കനേഡിയന്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ’24 സസക്‌സ് ഡ്രൈവ്’ (24 Sussex Drive) നവീകരിക്കുന്നതിനുള്ള പൊതു ഫണ്ട് സമാഹരണ പ്രചാരണത്തിന് തുടക്കമായതോടെ 5.7 മില്യണ്‍ ഡോളറിലധികം (57 ലക്ഷത്തിലധികം കനേഡിയന്‍ ഡോളര്‍) സംഭാവനയായി ലഭിച്ചതായി റൈഡോ ഹാള്‍ ഫൗണ്ടേഷന്‍ (RHF) അറിയിച്ചു.
ഓട്ടവ നദിയുടെ അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഈ ചരിത്രപരമായ ഔദ്യോഗിക വസതി നവീകരിക്കുന്നതിനും ആധുനികവല്‍ക്കരിക്കുന്നതിനുമായി പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ജൂണ്‍ 26-ന് ഒരു ദേശീയ ഡിസൈന്‍-ആന്‍ഡ്-ബില്‍ഡ് മത്സരത്തിന് തുടക്കം കുറിച്ചിരുന്നു. മൊത്തം 50 മില്യണ്‍ ഡോളര്‍ ലക്ഷ്യമിട്ടാണ് റൈഡോ ഹാള്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ദേശീയ ഫണ്ട് സമാഹരണം പുരോഗമിക്കുന്നത്.

25, 50, 100 ഡോളര്‍ വരെയുള്ള വ്യക്തിഗത സംഭാവനകള്‍ മുതല്‍ വലിയ തുക വരെയടക്കം ഇതുവരെ നാലായിരത്തിലധികം ആളുകള്‍ കെട്ടിട നവീകരണത്തിനായി സംഭാവന നല്‍കിയിട്ടുണ്ടെന്ന് ഫൗണ്ടേഷന്‍ വ്യക്തമാക്കി. ഒരാള്‍ക്ക് നല്‍കാന്‍ കഴിയുന്ന പരമാവധി സംഭാവന തുക 5 മില്യണ്‍ ഡോളറാണ്.
സുരക്ഷാ-ആരോഗ്യ ആശങ്കകളെത്തുടര്‍ന്ന് 2022-ല്‍ നാഷണല്‍ ക്യാപിറ്റല്‍ കമ്മീഷന്‍ (NCC) കെട്ടിടം അടച്ചിടുകയായിരുന്നു. 2015 ജൂണിന് ശേഷം പ്രധാനമന്ത്രിമാരാരും ഇവിടെ താമസിച്ചിട്ടില്ല. 1867-68 കാലഘട്ടത്തില്‍ നിര്‍മ്മിച്ച ഈ വസതിയില്‍ ഇതുവരെ 10 പ്രധാനമന്ത്രിമാര്‍ താമസിച്ചിട്ടുണ്ട്. 34 മുറികളുള്ള പ്രധാന കെട്ടിടത്തിന് പുറമെ 10 സസക്‌സ് ഡ്രൈവിലെ ചെറിയ വസതി, സ്വിമ്മിംഗ് പൂള്‍ ഹൗസ്, രണ്ട് ആര്‍സിഎംപി ഗാര്‍ഡ് ഹൗസുകള്‍ എന്നിവ അടങ്ങുന്നതാണ് ഈ സമുച്ചയം.
