വാഷിങ്ടണ്‍: അമേരിക്കന്‍ ഭരണകൂടത്തിന്റെയും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെയും ജനപ്രീതിയും നയങ്ങളും തട്ടിച്ചുനോക്കുന്ന യു.എസ്. ഇടക്കാല തിരഞ്ഞെടുപ്പ് ഇന്ന് നടക്കുന്നു. വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതോടെ യു.എസ്. കോണ്‍ഗ്രസിലെ ഇരുസഭകളിലെയും അധികാര സമവാക്യങ്ങള്‍ മാറിമറിയുമോ എന്നതിലേക്ക് ലോകം ഉറ്റുനോക്കുകയാണ്.യു.എസ്. കോണ്‍ഗ്രസിലെ രണ്ട് പ്രധാന സഭകളിലേക്കുമായി ഏകദേശം 21 കോടിയോളം വോട്ടര്‍മാരാണ് ജനവിധിയെഴുതുന്നത്.
ജനപ്രതിനിധി സഭയിലെ (ഹൗസ് ഓഫ് റപ്രസന്റേറ്റീവ്‌സ്) മുഴുവന്‍ 435 സീറ്റുകളിലേക്കും സെനറ്റിലെ ആകെ 100 സീറ്റുകളില്‍ 35 സീറ്റുകളിലേക്കുമാണ് പോരാട്ടം. സാധാരണ വോട്ടെടുപ്പിന് പുറമേ, സ്റ്റേറ്റ് സെക്രട്ടറിയായി നിയമിതനായതിനെ തുടര്‍ന്ന് മാര്‍ക്കോ റൂബിയോ ഒഴിഞ്ഞ ഫ്‌ളോറിഡയിലെയും, വൈസ് പ്രസിഡന്റായി ചുമതലയേറ്റപ്പോള്‍ ജെ. ഡി. വാന്‍സ് ഒഴിഞ്ഞ ഒഹായോയിലെയും സീറ്റുകളിലേക്ക് പ്രത്യേക തിരഞ്ഞെടുപ്പും നടക്കും. ഇതിന് പുറമേ 36 സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരെ തിരഞ്ഞെടുക്കാനും ഇന്ന് വോട്ടെടുപ്പ് നടക്കുന്നുണ്ട്.
നിലവില്‍ ജനപ്രതിനിധി സഭയില്‍ ഒരു സ്വതന്ത്ര അംഗത്തിന്റെ പിന്തുണയോടെ കേവല ഭൂരിപക്ഷമായ 218 തികച്ചാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭരണം നിലനിര്‍ത്തുന്നത് (റിപ്പബ്ലിക്കന്‍സ് + സ്വതന്ത്രന്‍: 219, ഡെമോക്രാറ്റുകള്‍: 214). എന്നാല്‍, ഇത്തവണ ‘ഡിസിഷന്‍ ഡെസ്‌ക് എച്ച്ക്യു’ ഉള്‍പ്പെടെയുള്ള മുന്‍നിര പ്രവചന ഏജന്‍സികള്‍ ജനപ്രതിനിധി സഭയില്‍ ഡെമോക്രാറ്റുകള്‍ വ്യക്തമായ മുന്നേറ്റം നടത്തുമെന്നാണ് സൂചിപ്പിക്കുന്നത്. അതേസമയം, 53 സീറ്റുകളുമായി റിപ്പബ്ലിക്കന്‍സിന് ഭൂരിപക്ഷമുള്ള സെനറ്റില്‍ (ഡെമോക്രാറ്റുകള്‍ – 45, സ്വതന്ത്രര്‍ – 2) ഇത്തവണ കടുത്ത പോരാട്ടമാണ് പ്രവചിക്കപ്പെടുന്നത്.

വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവ്, ഉയര്‍ന്ന ഇന്ധനവില, ഇറാന്‍ വിദേശനയ പ്രതിസന്ധികള്‍, കുടിയേറ്റ നയങ്ങളിലെ ഭിന്നത എന്നിവയാണ് വോട്ടര്‍മാരെ സ്വാധീനിക്കുന്ന പ്രധാന വിഷയങ്ങള്‍. ഇരുസഭകളിലും ഡെമോക്രാറ്റിക് പാര്‍ട്ടി വിജയം നേടിയാല്‍ ട്രംപ് ഭരണകൂടത്തിന് പുതിയ നിയമനിര്‍മ്മാണങ്ങള്‍ പാസാക്കിയെടുക്കാന്‍ കടുത്ത തടസ്സങ്ങള്‍ നേരിടേണ്ടിവരും. തിരഞ്ഞെടുക്കപ്പെടുന്ന പുതിയ സഭ അടുത്ത വര്‍ഷം ജനുവരി മൂന്നിന് ഔദ്യോഗികമായി അധികാരമേല്‍ക്കും.
