Tuesday, November 3, 2026

കാല്‍ഗറിയില്‍ നാളെ മുതല്‍ ജല ഉപയോഗത്തിന് നിയന്ത്രണം

കാല്‍ഗറി: കാല്‍ഗറിയില്‍ (Calgary) നഗരവ്യാപകമായി വീണ്ടും കടുത്ത ജലനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. തകരാറിലായ ബെയര്‍സ്പാവ് സൗത്ത് ഫീഡര്‍ മെയിന്‍ (Bearspaw South feeder main) ശുദ്ധജല പൈപ്പ്ലൈനിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി പ്രധാന ശൃംഖലയുമായി ഘടിപ്പിക്കുന്നതിനായി ബുധനാഴ്ച മുതല്‍ നാലാം ഘട്ട (Stage 4) ജലനിയന്ത്രണങ്ങള്‍ നിലവില്‍ വരും.

നവംബര്‍ 15-ന് നടക്കാനിരിക്കുന്ന 113-ാമത് ‘ഗ്രേ കപ്പ്’ (Grey Cup) ആഘോഷവേളയിലും ഈ നിയന്ത്രണങ്ങള്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

നാല് ആഴ്ചത്തെ നിയന്ത്രണം: പൈപ്പ്ലൈന്‍ ജോലികളും പരിശോധനകളും പൂര്‍ത്തിയാക്കാന്‍ ഏകദേശം നാല് ആഴ്ചയെടുക്കും. ഈ സമയത്ത് പുറത്തുള്ള ജല ഉപയോഗം (ഔട്ട്ഡോര്‍ റീക്രിയേഷണല്‍ ഐസ് റിങ്കുകള്‍ നിറയ്ക്കുന്നത് അടക്കം) പൂര്‍ണ്ണമായും നിരോധിച്ചു.

വീടുകളിലെ ജല ഉപയോഗത്തില്‍ കുറവ് വരുത്തണം: വീടുകള്‍ക്കുള്ളിലെ ജല ഉപയോഗം കുറയ്ക്കാന്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി പ്രധാനമായും മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിക്കണം:

  • വാഷിങ് മെഷീനും ഡിഷ്വാഷറും പരമാവധി നിറയുമ്പോള്‍ മാത്രം പ്രവര്‍ത്തിപ്പിക്കുക.
  • അത്യാവശ്യത്തിന് മാത്രം ടോയ്ലറ്റ് ഫ്‌ലഷ് ചെയ്യുക.
  • കുളിക്കുന്ന സമയം പരമാവധി 3 മിനിറ്റായി ചുരുക്കുക.

മറ്റ് മേഖലകളിലേക്കും നിയന്ത്രണം: കാല്‍ഗറിക്ക് പുറമെ എയര്‍ഡ്രി, ചെസ്റ്റര്‍മിയര്‍, സ്ട്രാത്ത്‌മോര്‍, ത്സൂട്ടിന നേഷന്‍ (Tsuut’ina Nation) എന്നീ സമീപ പ്രദേശങ്ങളിലെ ജനങ്ങളും ജല ഉപയോഗം കുറയ്‌ക്കേണ്ടി വരും.

പ്രതിദിന ലക്ഷ്യം: നഗരത്തില്‍ ആവശ്യത്തിന് കുടിവെള്ളവും തീപിടുത്തം പോലുള്ള അടിയന്തര സാഹചര്യങ്ങള്‍ നേരിടാനുള്ള വെള്ളവും ഉറപ്പാക്കാന്‍ പ്രതിദിന ഉപയോഗം 50 കോടി (500 മില്യണ്‍) ലിറ്ററില്‍ താഴെയായി നിലനിര്‍ത്തണം.

റോഡ് അറ്റകുറ്റപ്പണികളും:

പാര്‍ക്ക്ഡെയ്ല്‍ ബൊളിവാര്‍ഡ്, മെമ്മോറിയല്‍ ഡ്രൈവ് എന്നിവിടങ്ങളിലെ റോഡുകളുടെയും നടപ്പാതകളുടെയും നവീകരണവും ഇതിനോടൊപ്പം നടക്കുമെന്ന് വാട്ടര്‍ യൂട്ടിലിറ്റി ആക്ടിംഗ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ മൈക്കല്‍ തോംസണ്‍ അറിയിച്ചു.

11 മാസത്തെ അദ്ധ്വാനം:
കഴിഞ്ഞ 11 മാസമായി തുടരുന്ന പൈപ്പ്ലൈന്‍ അറ്റകുറ്റപ്പണികള്‍ അവസാന ഘട്ടത്തിലാണെന്നും, പൊതുജനങ്ങള്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നതായും കാല്‍ഗറി മേയര്‍ ഫാര്‍കാസ് (Farkas) പറഞ്ഞു. ജലക്ഷാമവും അടിയന്തര പണികളും മൂലം ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുന്നുവെന്നും, ഈ അവസാന നാല് ആഴ്ച കൂടി നഗരവാസികള്‍ സര്‍ക്കാരുമായി സഹകരിക്കണമെന്നും മേയര്‍ അഭ്യര്‍ത്ഥിച്ചു.

ഗ്രേ കപ്പിനെ ബാധിക്കില്ല:
ജലനിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഗ്രേ കപ്പ് ഫെസ്റ്റിവലിനായി കാനഡയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തുന്ന കാണികളെ സ്വീകരിക്കാന്‍ കാല്‍ഗറി സജ്ജമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. സന്ദര്‍ശകരോടും ഹോട്ടലുകളോടും ജല ഉപഭോഗം കുറയ്ക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!