ഓട്ടവ: പ്രകൃതിദുരന്തങ്ങൾ, വൈദ്യുതി തടസ്സം, സൈബർ ആക്രമണങ്ങൾ തുടങ്ങിയ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കുറഞ്ഞത് 72 മണിക്കൂറത്തേക്കുള്ള ഭക്ഷണവും വെള്ളവും മറ്റ് അവശ്യസാധനങ്ങളും വീടുകളിൽ കരുതണമെന്ന് കാനഡ സർക്കാർ. അടിയന്തര സാഹചര്യങ്ങളിൽ തുടർച്ചയായി മൂന്ന് ദിവസം വരെ വൈദ്യുതിയും കുടിവെള്ളവും ലഭിക്കാതെ വന്നാലും സ്വയം അതിജീവിക്കാൻ കഴിയുന്ന തരത്തിൽ ഓരോ കുടുംബവും തയ്യാറായിരിക്കണമെന്നാണ് നിർദേശം.
കാനഡയുടെ പബ്ലിക് സേഫ്റ്റി വിഭാഗം വർഷങ്ങളായി നൽകിവരുന്ന നിർദേശമാണ് ഇപ്പോൾ വീണ്ടും ആവർത്തിച്ചിരിക്കുന്നത്. അടിയന്തര സാഹചര്യങ്ങളിൽ കുറഞ്ഞത് 72 മണിക്കൂറെങ്കിലും സ്വന്തം നിലയിൽ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്ന വിധത്തിൽ കുടുംബങ്ങൾ തയ്യാറെടുക്കണമെന്ന് വകുപ്പിന്റെ വക്താവ് സാറാ മാലിക് വ്യക്തമാക്കി.
യുകെ, ഫ്രാൻസ്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളും സമാനമായ മുന്നൊരുക്ക നിർദേശങ്ങൾ പുറപ്പെടുവിച്ചതോടെ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ശക്തമായിട്ടുണ്ട്. ഒക്ടോബർ 22ന് യുകെ ആരംഭിച്ച ‘ബി റെഡി’ ക്യാമ്പയിന്റെ ഭാഗമായി മൂന്ന് ദിവസത്തേക്കുള്ള ഭക്ഷണം, കുപ്പിവെള്ളം, മറ്റ് അവശ്യസാധനങ്ങൾ എന്നിവ ശേഖരിക്കാൻ ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. സൈബർ ആക്രമണങ്ങളും അതിശക്തമായ കാലാവസ്ഥയും അവശ്യ സേവനങ്ങളെ തടസ്സപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.
ഫ്രാൻസിലെ നോർമൻഡി മേഖലയിലും 72 മണിക്കൂറത്തേക്കുള്ള അവശ്യസാധനങ്ങളടങ്ങിയ അടിയന്തര ബാഗ് തയ്യാറാക്കാൻ ജനങ്ങൾക്ക് നിർദേശം നൽകി. അതേസമയം, ഭൂകമ്പ സാധ്യത കണക്കിലെടുത്ത് ജപ്പാനും ദുരന്തനിവാരണ മുന്നൊരുക്കങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
എന്നാൽ വിവിധ രാജ്യങ്ങൾ ഒരേ സമയത്ത് ഇത്തരം നിർദേശങ്ങൾ നൽകിയതിന് പിന്നിൽ പ്രത്യേകമായ ഒരു അടിയന്തര സംഭവമോ ഏകോപിത നീക്കമോ ഉള്ളതായി സൂചനകളില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. എങ്കിലും സാമൂഹിക മാധ്യമങ്ങളിൽ ഇതുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ട്.
ഏഴ് ദിവസത്തേക്കുള്ള കരുതൽ വേണമെന്ന് വിദഗ്ധർ
സർക്കാർ നിർദ്ദേശിക്കുന്ന 3 ദിവസം എന്നത് ഏറ്റവും കുറഞ്ഞ പരിധിയാണെന്നും, ഇന്നത്തെ സാഹചര്യത്തിൽ കുറഞ്ഞത് 7 ദിവസത്തേക്ക് (ഒരു ആഴ്ചത്തേക്ക്) എങ്കിലും ആവശ്യമായ ഭക്ഷണവും വെള്ളവും ശേഖരിച്ചുവെക്കുന്നതാണ് കൂടുതൽ സുരക്ഷിതമെന്നും ദുരന്ത നിവാരണ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. വലിയൊരു ദുരന്തമുണ്ടായാൽ ആദ്യത്തെ ഏതാനും ദിവസങ്ങളിൽ രക്ഷാപ്രവർത്തകർക്ക് എല്ലാ ഇടങ്ങളിലും ഉടനടി എത്തിച്ചേരാൻ കഴിഞ്ഞെന്ന് വരില്ലെന്നും വിദഗ്ധരുടെ മുന്നറിയിപ്പ്.

പ്രകൃതിദുരന്തങ്ങൾക്കും മനുഷ്യനിർമിത പ്രതിസന്ധികൾക്കും പുറമെ സൈബർ ആക്രമണങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ അടിയന്തര മുന്നൊരുക്കങ്ങൾ കൂടുതൽ ഗൗരവത്തോടെ കാണണമെന്നും അവർ മുന്നറിയിപ്പ് നൽകി. വൈദ്യുതി, ഭക്ഷ്യവിതരണം, മറ്റ് നിർണായക അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെ ലക്ഷ്യമിടുന്ന സൈബർ ആക്രമണങ്ങൾ ഏത് പ്രദേശത്തെയും ബാധിക്കാമെന്നും അവർ ചൂണ്ടിക്കാട്ടി.
ഭക്ഷണവും വെള്ളവും മരുന്നുകളും മറ്റ് അവശ്യസാധനങ്ങളും കരുതുന്നതിനൊപ്പം അടിയന്തരമായി ഒഴിഞ്ഞുപോകേണ്ട സാഹചര്യം ഉണ്ടായാൽ ഉപയോഗിക്കാവുന്ന എമർജൻസി ബാഗും തയ്യാറാക്കണമെന്ന് വിദഗ്ധർ നിർദേശിക്കുന്നു.
കരുതേണ്ട പ്രധാന സാധനങ്ങൾ:
- ഒരാൾക്ക് പ്രതിദിനം 2 മുതൽ 4 ലിറ്റർ വരെ എന്ന കണക്കിൽ കുടിവെള്ളം.
- കേടാകാത്ത ടിന്നിലടച്ച ഭക്ഷണങ്ങളും എനർജി ബാറുകളും.
- ബാറ്ററിയോ ഹാൻഡ് ക്രാങ്കോ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ടോർച്ചും റേഡിയോയും.
- പ്രഥമശുശ്രൂഷാ കിറ്റ്, അടിയന്തര മരുന്നുകൾ, പണം, പ്രധാന രേഖകളുടെ പകർപ്പുകൾ.
അതേസമയം, വ്യക്തിഗത മുന്നൊരുക്കങ്ങൾക്കൊപ്പം പ്രാദേശിക തലത്തിലുള്ള ദുരന്തനിവാരണ സംവിധാനങ്ങളും ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് എമർജൻസി മാനേജ്മെന്റ് ലോജിസ്റ്റിക്സ് കാനഡ സഹസ്ഥാപകൻ സ്കോട്ട് കാമറൂൺ പറഞ്ഞു. ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും ലഭ്യമാക്കുന്നതിനുള്ള പ്രാദേശിക വിതരണ ശൃംഖലകളും സമൂഹത്തിന്റെ പ്രതിരോധശേഷിയും മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
