റിയാദ്: സൗദി അറേബ്യക്കെതിരായ ഹൂതി ആക്രമണങ്ങളും പശ്ചിമേഷ്യയിലെ വർധിച്ചുവരുന്ന സംഘർഷങ്ങളും ലഘൂകരിക്കുന്നതിനുള്ള നടപടികളും ചർച്ച ചെയ്ത് സൗദി പ്രതിരോധ മന്ത്രി പ്രിൻസ് ഖാലിദ് ബിൻ സൽമാനും യുഎസ് യുദ്ധകാര്യ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും.
ഫോൺ സംഭാഷണത്തിലൂടെയാണ് ഇരുനേതാക്കളും വിവിധ പ്രാദേശിക, അന്താരാഷ്ട്ര വിഷയങ്ങൾ ചർച്ച ചെയ്തത്. സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകളും ഇരുവരും വിലയിരുത്തി.

മേഖലയിലെ സംഘർഷാവസ്ഥ കുറയ്ക്കുന്നതിനും സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനുമായി നടത്തുന്ന ശ്രമങ്ങളും ചർച്ചയിൽ പ്രധാന വിഷയമായി. സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഹൂതികൾ തുടരുന്ന ആക്രമണങ്ങളെക്കുറിച്ചും ഇതിനെ നേരിടുന്നതിനുള്ള സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ചും ഇരുവരും ആശയവിനിമയം നടത്തി.
മേഖലയിലെ സുരക്ഷാ വെല്ലുവിളികൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ സൗദി-അമേരിക്കൻ പ്രതിരോധ ബന്ധത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണ് ഈ ചർച്ച. പ്രാദേശിക സ്ഥിരത ഉറപ്പാക്കുന്നതിനുള്ള ഇരുരാജ്യങ്ങളുടെയും സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും കൂടിക്കാഴ്ച വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.
