Tuesday, November 3, 2026

പോപ്പി പൂക്കൾ വിതരണം ചെയ്യുന്നതിനിടെ കേഡറ്റ് ഉദ്യോഗസ്ഥന് മർദനം; ഹാമിൽട്ടണിൽ രണ്ടുപേർ അറസ്റ്റിൽ

ടൊറന്റോ: അനുസ്മരണ ദിനത്തോടനുബന്ധിച്ച് പോപ്പി പൂക്കൾ വിതരണം ചെയ്ത് സംഭാവനകൾ ശേഖരിക്കുന്നതിനിടെ റോയൽ കനേഡിയൻ എയർ കേഡറ്റ്സ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. സംഭവത്തിൽ ഉദ്യോ​ഗസ്ഥന് ഗുരുതരമായി പരുക്കേറ്റെന്ന് ഹാമിൽട്ടൺ പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 12 വയസ്സുകാരനെയും 48കാരിയെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഞായറാഴ്ച ഉച്ചയ്ക്ക് ഹാമിൽട്ടണിലെ ദി സെന്റർ ഓൺ ബാർട്ടണിലുള്ള ഒരു റെസ്റ്റോറന്റിന് സമീപമായിരുന്നു സംഭവം. യുവ കേഡറ്റുകൾക്കൊപ്പം പോപ്പി പൂക്കൾ വിതരണം ചെയ്യുകയായിരുന്ന ഉദ്യോഗസ്ഥന്റെ ചെവിക്ക് സമീപം രണ്ട് ആൺകുട്ടികൾ എയർ ഹോൺ മുഴക്കിയതോടെയാണ് സംഭവങ്ങളുടെ തുടക്കം.

ഇതിനെ ചോദ്യം ചെയ്യാൻ കുട്ടികളെ പിന്തുടർന്ന് റെസ്റ്റോറന്റിനുള്ളിലേക്ക് എത്തിയ ഉദ്യോഗസ്ഥനുമായി വാക്കേറ്റവും സംഘർഷവുമുണ്ടായി. ഇതിനിടെ കുട്ടികൾക്കൊപ്പം ഉണ്ടായിരുന്ന 48കാരി ഇടപെട്ട് ഉദ്യോഗസ്ഥനെ ആക്രമിക്കുകയും നിലത്തുവീഴ്ത്തുകയും ചെയ്തതായി പൊലീസ് അറിയിച്ചു. തുടർന്ന് കുട്ടികളിലൊരാൾ ഉദ്യോഗസ്ഥനെ പലതവണ മർദിച്ചെന്നാണ് ആരോപണം.

പൊലീസ് സ്ഥലത്തെത്തുമ്പോൾ ഗുരുതരമായി പരുക്കേറ്റ നിലയിലായിരുന്ന ഉദ്യോഗസ്ഥനെ പാരാമെഡിക്കൽ സംഘം ആശുപത്രിയിലെത്തിച്ചു. പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള കടുത്ത കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. സംഭവസ്ഥലത്തുണ്ടായിരുന്ന 11 വയസ്സുകാരൻ നിയമപരമായി പ്രായപൂർത്തിയാകാത്തതിനാൽ കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കി വിട്ടയച്ചു. കാനഡയിൽ രാജ്യത്തിനായി ജീവൻ ബലിനൽകിയ സൈനികരുടെ ഓർമ്മയ്ക്കായി നടത്തുന്ന പോപ്പി ക്യാമ്പെയ്നിടെ ഉണ്ടായ ഈ ആക്രമണം കനേഡിയൻ സമൂഹത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!