ആന്റിഗ്വ: അമേരിക്കയുമായുള്ള വ്യാപാരബന്ധത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെ പുതിയ അന്താരാഷ്ട്ര പങ്കാളിത്തങ്ങൾ ശക്തിപ്പെടുത്താൻ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. ആന്റിഗ്വ ആൻഡ് ബാർബുഡയിൽ നടക്കുന്ന 28-ാമത് കോമൺവെൽത്ത് രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടിയിൽ വ്യാപാരം, സുരക്ഷ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങൾക്കാണ് കാനഡ മുൻഗണന നൽകുന്നത്.
കോമൺവെൽത്ത് അംഗരാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം 2030ഓടെ ഇരട്ടിയാക്കാനുള്ള നീക്കമാണ് ഉച്ചകോടിയിലെ പ്രധാന ചർച്ച. അമേരിക്കയെ ആശ്രയിക്കുന്നത് കുറച്ച് വ്യാപാരബന്ധങ്ങൾ വൈവിധ്യവത്കരിക്കാനുള്ള കാർണി സർക്കാരിന്റെ നയത്തിന് ഇത് സഹായകമാകുമെന്നാണ് വിലയിരുത്തൽ.
കരീബിയൻ രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും കാനഡ ലക്ഷ്യമിടുന്നുണ്ട്. ആന്റിഗ്വ ആൻഡ് ബാർബുഡ പ്രധാനമന്ത്രി ഗാസ്റ്റൺ ബ്രൗണുമായി കാർണി ഉഭയകക്ഷി ചർച്ച നടത്തും. വ്യാപാരം, നിക്ഷേപം, കാലാവസ്ഥാ പ്രവർത്തനം, പ്രാദേശിക സുരക്ഷ എന്നിവ ചർച്ച ചെയ്യാൻ കരീബിയൻ നേതാക്കളുമായും കൂടിക്കാഴ്ച നടത്തും.

കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ വികസ്വര രാജ്യങ്ങൾക്ക് അടുത്ത അഞ്ച് വർഷത്തിനിടെ 13 ബില്യൺ ഡോളറിന്റെ സഹായം നൽകാനുള്ള കാനഡയുടെ പദ്ധതിയും ഉച്ചകോടിയിൽ ശ്രദ്ധേയമാകും. ചെറിയ ദ്വീപ് രാഷ്ട്രങ്ങൾക്ക് കാലാവസ്ഥാ പ്രതിസന്ധികളെ നേരിടാൻ കൂടുതൽ സാമ്പത്തിക പിന്തുണ ഉറപ്പാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
അടിമക്കച്ചവടത്തിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിനുണ്ടായിരുന്ന ചരിത്രപരമായ പങ്കും നഷ്ടപരിഹാരം നൽകണമെന്ന ആവശ്യവും ഉച്ചകോടിയിൽ ചർച്ചയാകാൻ സാധ്യതയുണ്ട്. അടിമത്തത്തിന്റെ ദീർഘകാല പ്രത്യാഘാതങ്ങൾ കാനഡ അംഗീകരിക്കുന്നുണ്ടെന്നും വിഷയത്തിൽ തുറന്ന ചർച്ചകളെ പിന്തുണയ്ക്കുന്നുവെന്നും കനേഡിയൻ അധികൃതർ വ്യക്തമാക്കി.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വ്യാപാരനയങ്ങൾ ആഗോള ബന്ധങ്ങളിൽ സൃഷ്ടിക്കുന്ന അനിശ്ചിതത്വവും ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ പ്രധാന ചർച്ചാവിഷയമാണ്. അമേരിക്കയുടെയും ചൈനയുടെയും സ്വാധീനത്തിന് പുറത്തുനിന്ന് മറ്റ് രാജ്യങ്ങളുമായി സഹകരണം വർധിപ്പിക്കാനുള്ള അവസരമായാണ് കോമൺവെൽത്ത് വേദിയെ കാനഡ കാണുന്നത്.
