മുംബൈ: നടന് ടൈഗര്‍ ഷ്രോഫിന് നേരെയുണ്ടായ വധശ്രമത്തിന് പിന്നാലെ ബോളിവുഡിനെ വീണ്ടും നടുക്കി കുപ്രസിദ്ധ ഗുണ്ടാസംഘമായ ബിഷ്ണോയി ഗ്യാങ്ങിന്റെ ഭീഷണി. പ്രമുഖ ബോളിവുഡ് താരം ആയുഷ്മാന്‍ ഖുറാനക്കാണ് ബിഷ്ണോയി ഗ്യാങ്ങില്‍ നിന്ന് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. കോടികള്‍ ആവശ്യപ്പെട്ടാണ് സംഘത്തിന്റെ ഭീഷണി. സംഭവത്തില്‍ മുംബൈ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
താരത്തിന് ലഭിച്ച ഓഡിയോ ക്ലിപ്പിലെ ശബ്ദം കേന്ദ്രീകരിച്ച് പോലീസ് പരിശോധന ത്വരിതപ്പെടുത്തിയിട്ടുണ്ട്. അടുത്തിടെ നടന് തുഷാര്‍ കപൂറിനും സമാനമായ രീതിയില്‍ ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ബിഷ്ണോയിയുടെ കൂട്ടാളിയായ ‘ഹാരി ബോക്സര്‍’ എന്ന് പരിചയപ്പെടുത്തിയ ആളാണ് തുഷാര്‍ കപൂറിനോട് പണം ആവശ്യപ്പെട്ടത്. എന്നാല്‍, പോലീസ് നടത്തിയ അന്വേഷണത്തില്‍ ഈ സംഭവത്തിന് ബിഷ്ണോയി സംഘവുമായി നേരിട്ട് ബന്ധമില്ലെന്ന് പിന്നീട് കണ്ടെത്തുകയുണ്ടായി.

തുടര്‍ച്ചയായി പ്രമുഖ താരങ്ങള്‍ക്ക് നേരെ ഭീഷണി ഉയരുന്നത് ബോളിവുഡില്‍ സുരക്ഷാ ആശങ്കകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ടൈഗര്‍ ഷ്രോഫിന് വെടിയേറ്റ സംഭവത്തിന് പിന്നാലെ പ്രമുഖ താരങ്ങളെല്ലാം തന്നെ സുരക്ഷാ മുന്‍കരുതലുകള്‍ ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം മുംബൈ ജുഹുവിലെ വസതിക്ക് മുന്നില്‍ ആരാധകരെ കാണാന്‍ എത്തിയ ബോളിവുഡ് സൂപ്പര്‍ താരം അമിതാഭ് ബച്ചന് ബുള്ളറ്റ് പ്രൂഫ് ഗ്ലാസിനുള്ളില്‍ നിന്നാണ് ജനങ്ങളെ അഭിസംബോധന ചെയ്തത്.
അതേസമയം, ടൈഗര്‍ ഷ്രോഫിന് വെടിയേറ്റ കേസില്‍ ഇതുവരെ 13 പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത മൂന്ന് പേരും പദ്ധതി ആസൂത്രണം ചെയ്ത മുഖ്യസൂത്രധാരന്മാരും ഇതില്‍ ഉള്‍പ്പെടുന്നു. ടൈഗര്‍ ഷ്രോഫിന് നേരെയുണ്ടായ ആക്രമണത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ബിഷ്ണോയി ഗ്യാങ് നേരത്തെ ഏറ്റെടുത്തിരുന്നു.
