Wednesday, November 4, 2026

MPOയിലെ സ്വകാര്യ ജീവനക്കാരുടെ വിവരങ്ങള്‍ പുറത്തുവിടാനാകില്ല: ഡൊമിനിക് ലെബ്ലാങ്ക്

ഒട്ടാവ: മേജര്‍ പ്രോജക്ട്‌സ് ഓഫീസില്‍ (MPO) സേവനമനുഷ്ഠിക്കുന്ന സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ പേരുവിവരങ്ങള്‍ പരസ്യപ്പെടുത്തരുതെന്ന് കാനഡ ആഭ്യന്തര വ്യാപാര മന്ത്രി ഡൊമിനിക് ലെബ്ലാങ്ക് പാര്‍ലമെന്ററി കമ്മിറ്റിക്ക് മുന്നില്‍ വാദിച്ചു. രാജ്യസേവനത്തിനായി മുന്നോട്ടുവരുന്ന സ്ഥാപനങ്ങളെയും വ്യക്തികളെയും സംശയനിഴലില്‍ നിര്‍ത്തുന്നത് ശരിയല്ലെന്ന് ചൊവ്വാഴ്ച നടന്ന സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. MPO ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (CEO) ഡോണ്‍ ഫാരെല്‍ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങള്‍ പങ്കുവെക്കാന്‍ വിസമ്മതിച്ചതിന് പിന്നാലെയാണ് മന്ത്രി ഈ നിലപാട് വ്യക്തമാക്കിയത്.

1971-ല്‍ മുന്‍ പ്രധാനമന്ത്രി പിയറി എലിയറ്റ് ട്രൂഡോയുടെ കാലഘട്ടത്തിലാണ് സെക്കന്‍ഡ്‌മെന്റ് പ്രോഗ്രാം ആരംഭിച്ചതെന്നും, അമ്പതിലധികം വര്‍ഷത്തെ പാരമ്പര്യമുള്ള ഒരു സംവിധാനത്തെ ചൊല്ലി അനാവശ്യ ആശങ്കകള്‍ സൃഷ്ടിക്കരുതെന്നും ലെബ്ലാങ്ക് ചൂണ്ടിക്കാട്ടി. MPO-യില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ ആകെ എണ്ണവും, പൊരുത്തക്കേടുകള്‍ (Conflict of Interest) ഒഴിവാക്കാന്‍ നടപ്പിലാക്കിയ സ്‌ക്രീനിംഗുകളുടെ വിവരങ്ങളും സമിതിക്ക് കൈമാറാമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. MPO ജീവനക്കാരില്‍ മൂന്നിലൊന്ന് ഭാഗം പൊതുമേഖലാ ജീവനക്കാരല്ലെന്ന് മന്ത്രിയും CEO ഫാരെലും വ്യക്തമാക്കി.

സ്വകാര്യ കമ്പനികളില്‍ നിന്ന് വന്നിട്ടുള്ള ജീവനക്കാര്‍ തങ്ങളുടെ മാതൃ കമ്പനികളുടെ പദ്ധതികളെ വഴിവിട്ട് സഹായിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ എന്ത് സംവിധാനമാണുള്ളതെന്ന് കണ്‍സര്‍വേറ്റീവ് എം.പി കോണി കോഡി ചോദ്യമുന്നയിച്ചു. എന്നാല്‍ ജീവനക്കാര്‍ക്ക് പദ്ധതികളില്‍ വ്യക്തിപരമായ നിക്ഷേപങ്ങളില്ലെന്ന് ലെബ്ലാങ്കും ഫാരെലും ഉറപ്പുനല്‍കി. കഴിഞ്ഞ വര്‍ഷം പ്രാബല്യത്തില്‍ വന്ന ‘ബില്‍ഡിംഗ് കാനഡ ആക്ട്’ പ്രകാരമുള്ള നടപടികളെക്കുറിച്ചാണ് കമ്മിറ്റി പരിശോധിക്കുന്നത്. രാജ്യത്തുടനീളം 190 ബില്യണ്‍ ഡോളറിലധികം പുതിയ നിക്ഷേപവും 2,00,000 തൊഴിലവസരങ്ങളും സൃഷ്ടിക്കുന്ന 18 പ്രധാന പദ്ധതികള്‍ക്ക് MPO പിന്തുണ നല്‍കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!