ന്യൂഡല്‍ഹി: യു.എസ് ഇടക്കാല (മിഡ്ടേം) തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേരിട്ട കടുത്ത തിരിച്ചടിക്ക് പിന്നാലെ, യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പരിഹസിച്ച് ഇന്ത്യയിലെ ഇറാന്‍ എംബസി. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് ഇറാന്റെ നയതന്ത്ര കേന്ദ്രം ട്രംപിനെതിരെ രംഗത്തെത്തിയത്.
ട്രംപിനെ ‘അപകടകരമായ മാലിന്യം’ എന്ന് എഴുതിയ ചവറ്റുകുട്ടയിലേക്ക് ഉദ്യോഗസ്ഥര്‍ തള്ളുന്ന തരത്തിലുള്ള എ.ഐ (കൃത്രിമബുദ്ധി) നിര്‍മ്മിത വീഡിയോയാണ് എംബസി പങ്കുവെച്ചത്. യു.എസ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ വന്‍ മുന്നേറ്റം നടത്തുകയും ഭൂരിപക്ഷം പിടിച്ചെടുക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെ പുറത്തുവന്ന ഈ പോസ്റ്റ് നിലവില്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്.

ഇറാനുമായുള്ള സൈനിക സംഘര്‍ഷവും അതുമൂലമുണ്ടായ ഇന്ധനവില വര്‍ധനവും ജീവിതച്ചെലവുകളുമാണ് തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായതെന്ന് ട്രംപ് തന്നെ സമ്മതിച്ചിരുന്നു. മുന്‍പും ട്രംപിന്റെ നയങ്ങള്‍ക്കും പ്രസ്താവനകള്‍ക്കുമെതിരെ ഇറാനിയന്‍ നയതന്ത്ര പ്രതിനിധികള്‍ ശക്തമായ ഭാഷയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചിട്ടുണ്ട്.
ശക്തമായ ട്രംപ് വിരുദ്ധ തരംഗമാണ് ഇത്തവണത്തെ ഇടക്കാല തിരഞ്ഞെടുപ്പില്‍ പ്രകടമായത്. സെനറ്റിലും പ്രതിനിധിസഭയിലും ആധിപത്യം ഉറപ്പിച്ച ഡെമോക്രാറ്റിക് പാര്‍ട്ടി, സെനറ്റില്‍ 53 സീറ്റുകളോടെ കേവല ഭൂരിപക്ഷം നേടി. പ്രതിനിധിസഭയിലും വ്യക്തമായ ഭൂരിപക്ഷം നേടാന്‍ പാര്‍ട്ടിക്ക് സാധിച്ചു. നിരവധി റിപ്പബ്ലിക്കന്‍ കോട്ടകളാണ് ഇത്തവണ ഡെമോക്രാറ്റുകള്‍ പിടിച്ചെടുത്തത്. നിര്‍ണായക മണ്ഡലമായ മിഷിഗണില്‍ നിന്ന് വിജയിച്ച അബ്ദുല്‍ അല്‍ സയീദ്, യു.എസ് സെനറ്റിലെത്തുന്ന ആദ്യ മുസ്ലിം എന്ന ചരിത്രനേട്ടത്തിനും അര്‍ഹനായി.
