പാരിസ്: ബോംബ് ഭീഷണിയെ തുടര്‍ന്ന് യൂറോപ്പില്‍ നിരവധി വിമാനങ്ങല്‍ വഴിതിരിച്ചുവിട്ടു. ഫിന്‍ലാന്റിലെ ഹെല്‍സിങ്കിയില്‍ നിന്ന് റോമിലേക്ക് പോവുകയായിരുന്ന ഫിന്‍എയര്‍ (Finnair) വിമാനത്തിന് ബോംബ് ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് ഇറ്റാലിയന്‍ തലസ്ഥാനത്ത് സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സംശയാസ്പദമായി ഒന്നുമില്ലെന്ന് സ്ഥിരീകരിച്ചു.
ബള്‍ഗേറിയയിലെ സോഫിയയിലേക്ക് സര്‍വീസ് നടത്തിയ മൂന്ന് റയാന്‍എയര്‍ (Ryanair) വിമാനങ്ങള്‍ക്കും ബോംബ് ഭീഷണി സന്ദേശം ലഭിച്ചു. കോപ്പന്‍ഹേഗനില്‍ നിന്നും മാഡ്രിഡില്‍ നിന്നുമുള്ള രണ്ട് വിമാനങ്ങള്‍ സോഫിയയിലെ വാസില്‍ ലെവ്‌സ്‌കി വിമാനത്താവളത്തില്‍ ഇറക്കി. ലണ്ടനിലെ സ്റ്റാന്‍സ്റ്റെഡില്‍ നിന്നുള്ള മൂന്നാമത്തെ വിമാനം ബള്‍ഗേറിയയിലെ പ്ലോവ്ദിവ് വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ട് സുരക്ഷിതമായി നിലത്തിറക്കിയതായി സി.ഇ.ഒ ക്രാസിമിര്‍ പെഷെവ് അറിയിച്ചു.

അയര്‍ലന്‍ഡില്‍ നിന്ന് ഇറ്റലിയിലേക്ക് പോവുകയായിരുന്ന മറ്റൊരു എയര്‍ ലിംഗസ് (Aer Lingus) വിമാനം ഫ്രാന്‍സിലെ നോര്‍മന്‍ഡിയിലുള്ള ബേസിലേക്ക് തിരിച്ചുവിട്ടു. പാരിസിനോട് അടുക്കുമ്പോള്‍ പെട്ടെന്ന് ദിശ മാറി സര്‍ക്കിള്‍ ചെയ്ത ശേഷമാണ് വിമാനം ഇവ്രൂക്‌സിലെ മിലിട്ടറി എയര്‍ ബേസില്‍ ലാന്‍ഡ് ചെയ്തത്. 151 യാത്രക്കാരും 6 ജീവനക്കാരും സുരക്ഷിതരാണെന്നും സൈനിക ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുകയാണെന്നും ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യന്‍ ലെകോര്‍ണുവിന്റെ (Sebastien Lecornu) ഓഫീസ് അറിയിച്ചു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പോളിഷ് എയര്‍ലൈന്‍ ലോട്ട് (LOT), സ്‌കാന്‍ഡിനേവിയന്‍ എയര്‍ലൈന്‍സ്, വിസ് എയര്‍, റയാന്‍എയര്‍ തുടങ്ങിയ നിരവധി വിമാനങ്ങള്‍ക്ക് സമാനമായ രീതിയില്‍ വ്യാജ ബോംബ് സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. അധികൃതര്‍ വ്യാജ സന്ദേശങ്ങള്‍ക്ക് പിന്നിലെ ഉറവിടത്തെക്കുറിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
