Thursday, November 5, 2026

ഓവൽ ഓഫീസും കാബിനറ്റ് മുറിയും ദേശീയ സ്മാരകമാക്കാൻ ട്രംപ്; ഭാവി പ്രസിഡന്റുമാരുടെ മാറ്റങ്ങൾക്ക് കടുത്ത നിയന്ത്രണം വരും!

വാഷിംഗ്ടൺ: വൈറ്റ് ഹൗസിലെ ചരിത്രപ്രധാനമായ ഓവൽ ഓഫീസും കാബിനറ്റ് മുറിയും ഭാവിയിലെ പ്രസിഡന്റുമാരുടെ വലിയ മാറ്റങ്ങളിൽനിന്ന് സംരക്ഷിക്കാൻ നിർണായക നീക്കവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഈ രണ്ട് സുപ്രധാന ഇടങ്ങളെയും ദേശീയ സ്മാരകമായി പ്രഖ്യാപിക്കുന്നതിനുള്ള പ്രാരംഭ നടപടിയായി വ്യാഴാഴ്ച ട്രംപ് പ്രത്യേക പ്രഖ്യാപനത്തിൽ ഒപ്പുവച്ചു.

അമേരിക്കൻ ചരിത്രത്തിൽ നിർണായക സ്ഥാനമുള്ള ഈ മുറികൾക്ക് പ്രത്യേക സംരക്ഷണവും അംഗീകാരവും ഉറപ്പാക്കുകയാണ് നീക്കത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ട്രംപ് വ്യക്തമാക്കി. എന്നാൽ ഈ പ്രഖ്യാപനം പ്രാബല്യത്തിൽ വരാൻ കോൺഗ്രസിന്റെ അംഗീകാരം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഓവൽ ഓഫീസിന്റെ നിലവിലെ രൂപം മാറ്റി ചതുരാകൃതിയിലാക്കാൻ ഭാവിയിലെ ഏതെങ്കിലും പ്രസിഡന്റ് തീരുമാനിച്ചാൽ പോലും അതിന് കോൺഗ്രസിന്റെ അനുമതി തേടേണ്ടിവരുമെന്നാണ് ട്രംപിന്റെ വിശദീകരണം.

1930-കൾ മുതൽ നിലവിലെ സ്ഥാനങ്ങളിൽ തുടരുന്ന ഓവൽ ഓഫീസും കാബിനറ്റ് മുറിയും നിരവധി നിർണായക അന്താരാഷ്ട്ര, ആഭ്യന്തര കൂടിക്കാഴ്ചകൾക്ക് വേദിയായിട്ടുണ്ട്. അതിനാൽ ഇവയുടെ ചരിത്രപ്രാധാന്യം പ്രത്യേകം സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നാണ് ട്രംപിന്റെ വാദം.

വൈറ്റ് ഹൗസിൽ ട്രംപിന്റെ മാറ്റങ്ങൾ

2025 ജനുവരിയിൽ വീണ്ടും അധികാരത്തിലെത്തിയതിനുശേഷം വൈറ്റ് ഹൗസിൽ നിരവധി വലിയ മാറ്റങ്ങളാണ് ട്രംപ് നടപ്പാക്കിയത്. ഓവൽ ഓഫീസിൽ സ്വർണനിറത്തിലുള്ള അലങ്കാരങ്ങൾ വർധിപ്പിക്കുകയും റോസ് ഗാർഡനിൽ മാറ്റങ്ങൾ വരുത്തുകയും ഈസ്റ്റ് വിംഗ് പൊളിച്ച് പുതിയ ബാൾറൂം നിർമാണത്തിന് തുടക്കമിടുകയും ചെയ്തു. ലിങ്കൺ മെമ്മോറിയലിലെ റിഫ്ലക്ടിംഗ് പൂളിന്റെ നവീകരണവും ഇതിന്റെ ഭാഗമാണ്.

ഈ മാറ്റങ്ങളിൽ ചിലത് വലിയ വിമർശനങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും വഴിവെച്ചിരുന്നു. എന്നിരുന്നാലും തന്റെ പദ്ധതികളുമായി മുന്നോട്ടുപോകാനാണ് ട്രംപിന്റെ തീരുമാനം.

കോൺഗ്രസിലെ അധികാരമാറ്റവും നിർണായകം

മിഡ്‌ടേം തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് കോൺഗ്രസിന്റെ നിയന്ത്രണം നഷ്ടമായതിന് പിന്നാലെയാണ് ട്രംപിന്റെ പുതിയ നീക്കം ശ്രദ്ധ നേടുന്നത്. ജനുവരിയിൽ ഡെമോക്രാറ്റുകൾ ഭൂരിപക്ഷം ഏറ്റെടുക്കുന്നതോടെ പ്രസിഡന്റിന്റെ നിയമനിർമാണ സ്വാധീനം കുറയുമെന്നാണ് വിലയിരുത്തൽ.

പ്രഖ്യാപനത്തിൽ ഒപ്പുവയ്ക്കുന്നതിനിടെ ട്രംപിന്റെ മേശപ്പുറത്ത് ‘VETO’ എന്നെഴുതിയ ചുവന്ന തൊപ്പിയും ശ്രദ്ധിക്കപ്പെട്ടു.

ഭാവിയിലെ പ്രസിഡന്റ് തന്റെ സ്വർണനിറത്തിലുള്ള അലങ്കാരങ്ങൾ നീക്കം ചെയ്യുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, “അവർക്ക് ഇഷ്ടമുള്ളതെല്ലാം ചെയ്യാം, പക്ഷേ ശ്രദ്ധയോടെ ചെയ്യണം” എന്നായിരുന്നു ട്രംപിന്റെ മറുപടി.

വൈറ്റ് ഹൗസിന്റെ ചരിത്രപൈതൃകം സംരക്ഷിക്കാനുള്ള നീക്കമാണോ അതോ തന്റെ ഭരണകാലത്തെ മാറ്റങ്ങൾ ഭാവിയിലും നിലനിർത്താനുള്ള രാഷ്ട്രീയ നീക്കമാണോ എന്ന ചർച്ചകൾക്കും ട്രംപിന്റെ പ്രഖ്യാപനം വഴിതുറന്നിരിക്കുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!