ഓട്ടവ: അമേരിക്കയുമായുള്ള സാമ്പത്തിക ആശ്രയത്വം കുറയ്ക്കുന്നതിനും രാജ്യത്തിന്റെ സ്വയംപര്യാപ്തത ഉറപ്പുവരുത്തുന്നതിനുമായി കാനഡ പുതിയ ബജറ്റ് അവതരിപ്പിച്ചു. പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ നേതൃത്വത്തിലുള്ള ലിബറല്‍ സര്‍ക്കാരാണ് വ്യാഴാഴ്ച പാര്‍ലമെന്റില്‍ തങ്ങളുടെ രണ്ടാമത്തെ ബജറ്റ് സമര്‍പ്പിച്ചത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നയങ്ങള്‍ കാരണം വിപണിയിലുണ്ടായ തിരിച്ചടികള്‍ നേരിടാനും ആഗോള തലത്തില്‍ കാനഡയുടെ സ്ഥാനം ശക്തമാക്കാനും ലക്ഷ്യമിട്ടാണ് ‘മാസ്റ്റേഴ്സ് ഓഫ് ഔര്‍ ഡെസ്റ്റിനി’ (Masters of our Destiny) എന്ന പേരില്‍ ബജറ്റ് സഭയില്‍ സമര്‍പ്പിച്ചത്.

ധനമന്ത്രി ഫ്രാന്‍സ്വ-ഫിലിപ്പ് ഷാംപെയ്ന്‍ അവതരിപ്പിച്ച ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍ താഴെ നല്കുന്നു:
കാനഡ സ്ട്രോങ് ഫണ്ട്: രാജ്യത്തെ പ്രധാന ദേശീയ പദ്ധതികളില്‍ നിക്ഷേപിക്കുന്നതിനായി 25 ബില്യണ്‍ ഡോളറിന്റെ (CAN$25 billion) ആദ്യത്തെ സോവറിന്‍ വെല്‍ത്ത് ഫണ്ട് പ്രഖ്യാപിച്ചു.
സാമ്പത്തിക വൈവിധ്യവല്‍ക്കരണം: യുഎസ് വിപണിയെ മാത്രം ആശ്രയിക്കുന്ന രീതിയില്‍ മാറ്റം വരുത്താന്‍ സമയം എടുക്കുമെങ്കിലും, അതിനായുള്ള നടപടികള്‍ ആരംഭിച്ചതായി ബജറ്റ് വ്യക്തമാക്കി.
പ്രൊഡക്ടിവിറ്റി മെഗാ ഡിഡക്ഷന്: കാനഡയില്‍ നിക്ഷേപം നടത്തുന്ന ബിസിനസുകള്‍ക്ക് വലിയ രീതിയിലുള്ള നികുതി ഇളവുകള്‍ നല്കുന്ന പുതിയ പദ്ധതി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതുവഴി യുഎസിനേക്കാള്‍ കുറഞ്ഞ നികുതി നിരക്കില്‍ കാനഡയില്‍ നിക്ഷേപം നടത്താന്‍ കമ്പനികള്‍ക്ക് സാധിക്കും.
തീരുവ ബാധിതര്‍ക്ക് ആശ്വാസം: ട്രംപിന്റെ ട്രേഡ് വാര് കാരണം തിരിച്ചടി നേരിട്ട ഓട്ടോമൊബൈല്‍, സ്റ്റീല്‍, അലുമിനിയം, മരം തുടങ്ങിയ മേഖലകളിലെ തൊഴിലാളികള്‍ക്കും ബിസിനസുകള്‍ക്കുമായി 44 ബില്യണ്‍(CAN$44 billion)ഡോളറിന്റെ ധനസഹായം പ്രഖ്യാപിച്ചു.
മുന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ സാമ്പത്തിക നയങ്ങളില്‍ നിന്നും യുഎസുമായുള്ള പരമ്പരാഗത വ്യാപാര ബന്ധങ്ങളില്‍ നിന്നും വേറിട്ടൊരു സാമ്പത്തിക പാതയാണ് പുതിയ ബജറ്റിലൂടെ കാനഡ മുന്നോട്ടുവെക്കുന്നത്.
