Saturday, November 7, 2026

യേശുവിനെ കാണിച്ചുതരാമെന്ന് വിശ്വസിപ്പിച്ച് 191 പേരെ പട്ടിണിക്കിട്ട് കൊന്നു; കുപ്രസിദ്ധ പാസ്റ്റർക്ക് 200 വർഷം തടവ്

നെയ്റോബി: യേശുവിനെ കാണാനായി മരണംവരെ ഉപവസിക്കണമെന്ന് അനുയായികളോട് നിർദേശിക്കുകയും 191 പേരുടെ മരണത്തിനിടയാക്കുകയും ചെയ്ത കെനിയൻ പാസ്റ്റർ പോൾ മക്കെൻസിക്ക് 200 വർഷം തടവുശിക്ഷ. ഗുഡ് ന്യൂസ് ഇന്റർനാഷണൽ ചർച്ചിന്റെ സ്ഥാപകനായ മക്കെൻസിക്കാണ് മൊംബാസ ഹൈക്കോടതി ശിക്ഷ വിധിച്ചത്.

ലോകാവസാനത്തിന് മുമ്പ് യേശുവിനെ നേരിൽ കാണാമെന്ന് വിശ്വസിപ്പിച്ചാണ് മക്കെൻസി അനുയായികളെ കടുത്ത ഉപവാസത്തിന് നിർബന്ധിച്ചത്. കെനിയയിലെ കിലിഫി കൗണ്ടിയിലുള്ള ശാഖാഹോള വനമേഖലയിലായിരുന്നു ഇയാളുടെ നേതൃത്വത്തിൽ ഈ ക്രൂരതകൾ അരങ്ങേറിയത്. മക്കെൻസിയുടെ ആരാധനാകേന്ദ്രത്തിൽനിന്ന് 15 പേരെ പൊലീസ് രക്ഷപ്പെടുത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

വനമേഖലയിൽ നടത്തിയ പരിശോധനയിൽ നൂറുകണക്കിന് മൃതദേഹങ്ങളും കുഴിമാടങ്ങളും കണ്ടെത്തി. 190 കുട്ടികളും ഒരു മുതിർന്നയാളും ഉൾപ്പെടെ 191 പേരുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. പട്ടിണിക്കിട്ട് കൊലപ്പെടുത്തിയതിന് 100 വർഷവും നേരിട്ടുള്ള കൊലപാതകങ്ങൾക്ക് 100 വർഷവും വീതമാണ് ജസ്റ്റിസ് ഡയാന കവേദ്സ ശിക്ഷ വിധിച്ചത്.

ശാഖാഹോള വനത്തിൽ നടത്തിയ അന്വേഷണത്തിൽ അഞ്ഞൂറിലധികം മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ചിലരെ ശ്വാസംമുട്ടിച്ചും മർദിച്ചും കൊലപ്പെടുത്തിയതായും അന്വേഷണത്തിൽ വ്യക്തമായി. ദിവസങ്ങളോളം പട്ടിണി കിടന്ന കുട്ടികൾ ഭക്ഷണം മോഷ്ടിക്കാൻ ശ്രമിച്ചപ്പോൾ അവരെ മർദിക്കുകയും മുറികളിൽ പൂട്ടിയിടുകയും ചെയ്തതായി അന്വേഷണസംഘം കോടതിയിൽ വ്യക്തമാക്കി.

ഉപവാസത്തിനുള്ള നിർദേശത്തെ എതിർക്കുന്നവരെ മർദിച്ച് സ്വർഗത്തിലേക്ക് അയക്കണമെന്നായിരുന്നു മക്കെൻസി അനുയായികൾക്ക് നൽകിയ നിർദേശം. കുട്ടികളെ സ്കൂളിൽ അയക്കുന്നതിനെയും രോഗികളെ ആശുപത്രിയിൽ ചികിത്സ തേടുന്നതിനെയും ഇയാൾ എതിർത്തിരുന്നു. ഗർഭിണിയായ ഒരു സ്ത്രീയെ നവജാത ശിശുവിന് മുലയൂട്ടുന്നതിൽനിന്ന് വിലക്കിയിരുന്നു. തുടർന്ന് 12 ദിവസത്തിനുശേഷം കുഞ്ഞ് മരിച്ചതായും വിവരമുണ്ട്.

2003-ലാണ് മക്കെൻസി ഗുഡ് ന്യൂസ് ഇന്റർനാഷണൽ മിനിസ്ട്രീസ് സ്ഥാപിച്ചത്. തുടർന്നുള്ള വർഷങ്ങളിൽ കെനിയയിലുടനീളം സഭയ്ക്ക് നിരവധി അനുയായികളുണ്ടായി. ടൈംസ് ടിവി എന്ന പേരിൽ ഒരു ടെലിവിഷൻ ചാനലും സഭ നടത്തിയിരുന്നു. മക്കെൻസിയുടെ പ്രസംഗങ്ങളായിരുന്നു പ്രധാനമായും ചാനലിൽ സംപ്രേഷണം ചെയ്തിരുന്നത്.

വിദ്യാഭ്യാസത്തെ തിന്മയായും ആരോഗ്യപരിചരണത്തെ മതവിശ്വാസത്തിന് വിരുദ്ധമായും ഡിജിറ്റൽ തിരിച്ചറിയൽ കാർഡുകളെ പിശാചിന്റെ അടയാളമായും ചിത്രീകരിക്കുന്ന ആശയങ്ങൾ ഇയാളുടെ പ്രസംഗങ്ങളിൽ ഉൾപ്പെട്ടിരുന്നു. 2019-ൽ പള്ളി അടച്ചുപൂട്ടിയതിനു പിന്നാലെയാണ് മക്കെൻസി അനുയായികളുമായി വനമേഖലയിലേക്ക് മാറിയത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!