ഓട്ടവ: കാനഡയിലെ തൊഴിൽ വിപണിയിൽ വീണ്ടും തിരിച്ചടി. ഒക്ടോബറിൽ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 6.7 ശതമാനമായി ഉയർന്നു. കഴിഞ്ഞ ആറു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. സെപ്റ്റംബറിൽ 6.5 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് മാറ്റമില്ലാതെ തുടരുമെന്നും 13,600 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നുമായിരുന്നു സാമ്പത്തിക വിദഗ്ധരുടെ പ്രവചനം. എന്നാൽ പ്രതീക്ഷകൾക്ക് വിരുദ്ധമായി ഒക്ടോബറിൽ 4,700 തൊഴിലുകൾ നഷ്ടപ്പെട്ടതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ കണക്കുകൾ വ്യക്തമാക്കുന്നു.
ഒക്ടോബറിലെ തൊഴിൽ നഷ്ടം പ്രധാനമായും സ്വകാര്യ മേഖലയിലും മുഴുവൻ സമയ ജോലികളിലുമാണ് പ്രകടമായത്. മുഴുവൻ സമയ ജോലികളിൽ 18,100 എണ്ണത്തിന്റെ കുറവുണ്ടായി. സ്വകാര്യ മേഖലയിൽ മാത്രം 52,500 തൊഴിലുകൾ കുറഞ്ഞു. ഫെബ്രുവരിക്ക് ശേഷം സ്വകാര്യ മേഖലയിൽ രേഖപ്പെടുത്തുന്ന ഏറ്റവും വലിയ ഇടിവാണിത്.
മൊത്ത-ചില്ലറ വ്യാപാര മേഖലയിലാണ് ഏറ്റവും കൂടുതൽ തൊഴിൽ നഷ്ടമുണ്ടായത്. ഗതാഗത, വിപണന മേഖലകളിൽ 10,100 തൊഴിലുകൾ കുറഞ്ഞു. അതേസമയം നിർമ്മാണ മേഖലയിൽ 16,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടത് ആശ്വാസമായി.
യുവാക്കൾക്കിടയിൽ തൊഴിലില്ലായ്മ രൂക്ഷം
തൊഴിൽ വിപണിയിലെ മാന്ദ്യം ഏറ്റവും കൂടുതൽ ബാധിച്ചത് യുവാക്കളെയാണ്. 15 മുതൽ 24 വയസ്സുവരെയുള്ളവർക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 0.7 ശതമാനം വർധിച്ച് 13.7 ശതമാനത്തിലെത്തി. 55 വയസ്സിന് മുകളിലുള്ളവർക്കിടയിലെ നിരക്ക് 5.5 ശതമാനമായും ഉയർന്നു.

തൊഴിലില്ലായ്മയ്ക്കൊപ്പം ജീവിതച്ചെലവിലെ വർധനയും കനേഡിയൻ കുടുംബങ്ങളെ പ്രതിസന്ധിയിലാക്കുകയാണ്. 15 വയസ്സിന് മുകളിലുള്ള ജനസംഖ്യയിലെ നാലിലൊന്നിലധികം ആളുകൾക്ക് പാർപ്പിടം, ഭക്ഷണം, വസ്ത്രം, ഗതാഗതം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നതായും സ്റ്റാറ്റിസ്റ്റിക്സ് കാനഡ വ്യക്തമാക്കുന്നു.
സ്ഥിരം ജീവനക്കാരുടെ ശരാശരി മണിക്കൂർ വേതന വളർച്ചയും കുറഞ്ഞിട്ടുണ്ട്. സെപ്റ്റംബറിൽ 2.3 ശതമാനമായിരുന്ന വേതന വളർച്ച ഒക്ടോബറിൽ രണ്ട് ശതമാനമായി താഴ്ന്നു.
ഈ വർഷം ഇതുവരെ 46,000 തൊഴിലുകൾ നഷ്ടമായി
മുൻവർഷങ്ങളെ അപേക്ഷിച്ച് കാനഡയിലെ തൊഴിൽ വിപണിയുടെ പ്രകടനത്തിൽ വലിയ ഇടിവാണുണ്ടായിരിക്കുന്നത്. 2024ൽ പ്രതിമാസം ശരാശരി 33,675 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടിരുന്നു. 2025ൽ ഇത് 17,606 ആയിരുന്നു. എന്നാൽ 2026ൽ ഇതുവരെ പ്രതിമാസം ശരാശരി 4,590 തൊഴിലുകൾ വീതം നഷ്ടപ്പെടുന്ന സാഹചര്യമാണ്.
ഇതോടെ ഈ വർഷം ഇതുവരെ നഷ്ടപ്പെട്ട തൊഴിലുകളുടെ എണ്ണം 46,000 ആയി. അമേരിക്കയും കാനഡയും തമ്മിലുള്ള വ്യാപാര തർക്കങ്ങൾ കമ്പനികളുടെ പ്രവർത്തനങ്ങളെ ബാധിക്കുന്നതും ചെലവുകൾ ചുരുക്കാൻ സ്ഥാപനങ്ങളെ പ്രേരിപ്പിക്കുന്നതുമാണ് തൊഴിൽ വിപണിയിലെ മാന്ദ്യത്തിന് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
തൊഴിലില്ലായ്മ നിരക്ക് ഉയരുകയും വേതന വളർച്ച കുറയുകയും ജീവിതച്ചെലവ് വർധിക്കുകയും ചെയ്യുന്നത് കാനഡയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് മുന്നിലുള്ള വെല്ലുവിളികൾ കൂടുതൽ ശക്തമാക്കുകയാണ്.
