വാഷിങ്ടന്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തനിക്ക് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി പദവി പരസ്യമായി വാഗ്ദാനം ചെയ്ത സാഹചര്യത്തില്‍, വിഷയം തിങ്കളാഴ്ച ട്രംപുമായി നേരിട്ട് ചര്‍ച്ച ചെയ്യുമെന്ന് അള്‍ട്ടിമേറ്റ് ഫൈറ്റിങ് ചാംപ്യന്‍ഷിപ്പ് (യുഎഫ്‌സി) മേധാവി ഡാന വൈറ്റ് അറിയിച്ചു. ലണ്ടനില്‍ നടന്ന ഒരു ബോക്‌സിങ് ചടങ്ങിനിടെ മാധ്യമപ്രവര്‍ത്തകരോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്കായി താന്‍ നിലവില്‍ വാഷിങ്ടനിലേക്കു വിമാനം കയറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകത്തിലെ ഏറ്റവും വലിയ മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് സംഘടനയായ യുഎഫ്‌സിയുടെ പ്രസിഡന്റും സിഇയുമാണ് ഡാന വൈറ്റ്.
ഡാന വൈറ്റിനെ ശക്തനായ പോരാളിയും യോദ്ധാവുമായി വിശേഷിപ്പിച്ച ട്രംപ്, ദയവായി ഈ സ്ഥാനം ഏറ്റെടുക്കണമെന്ന് ട്രൂത്ത് സോഷ്യലിലൂടെ പരസ്യമായി അഭ്യര്‍ത്ഥിക്കുകയായിരുന്നു. ഇതിനു മറുപടിയായി നേരിട്ടുള്ള ചോദ്യങ്ങളില്‍നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറിയെങ്കിലും, സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു പോസ്റ്റ് അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി. വൈറ്റ് ഹൗസ് ബ്രീഫിങ് മുറിയിലെ പോഡിയത്തിനു പിന്നില്‍ നില്‍ക്കുന്ന സ്വന്തം എഐ ചിത്രവും ട്രംപിന്റെ ട്രൂത്ത് സോഷ്യല്‍ പ്രഖ്യാപനത്തിന്റെ സ്‌ക്രീന്‍ഷോട്ടും ‘അടുത്ത അധ്യായത്തിലേക്ക്’ എന്ന അടിക്കുറിപ്പോടെയാണ് ഡാന വൈറ്റ് പങ്കുവെച്ചത്.

വര്‍ഷങ്ങളായി അടുത്ത സൗഹൃദം പുലര്‍ത്തുന്നവരാണ് ട്രംപും ഡാന വൈറ്റും. ട്രംപ് പലപ്പോഴും യുഎഫ്‌സി മത്സരങ്ങള്‍ നേരിട്ടു കാണാന്‍ എത്താറുണ്ട്. ഡാന വൈറ്റിനെ പ്രസ് സെക്രട്ടറിയാക്കുന്നതിനൊപ്പം ആറ് യുഎഫ്‌സി ഫൈറ്റര്‍മാരെ ഉപദേശകരായി വൈറ്റ് ഹൗസിലേക്ക് കൊണ്ടുവരുമെന്നും ട്രംപ് വെളിപ്പെടുത്തിയിട്ടുണ്ട്. ഇവരില്‍ ചിലര്‍ മറ്റ് രാജ്യങ്ങളില്‍നിന്നുള്ളവരാണെന്നും രണ്ടുപേര്‍ റഷ്യക്കാരും ഒരാള്‍ ബ്രസീല്‍ സ്വദേശിയുമാണെന്നാണ് വിവരങ്ങള്‍.
