ഓട്ടവ: കാനഡയിലെ അർഹരായ ഗുണഭോക്താക്കൾക്ക് ആശ്വാസമായി നവംബർ മാസത്തെ ഫെഡറൽ സാമ്പത്തിക ആനുകൂല്യങ്ങളുടെ വിതരണ തീയതികൾ. കാനഡ ഡിസെബിലിറ്റി ബെനഫിറ്റ്, കാനഡ പെൻഷൻ പ്ലാൻ (CPP), ഓൾഡ് ഏജ് സെക്യൂരിറ്റി (OAS), ഗ്യാരന്റീഡ് ഇൻകം സപ്ലിമെന്റ് (GIS) തുടങ്ങിയ ആനുകൂല്യങ്ങളാണ് ഈ മാസം വിതരണം ചെയ്യുന്നത്.
സർവീസ് കാനഡയുടെ ഔദ്യോഗിക പേയ്മെന്റ് കലണ്ടർ പ്രകാരം കാനഡ ഡിസെബിലിറ്റി ബെനഫിറ്റ് നവംബർ 19-ന് ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലെത്തും. CPP, OAS, GIS, അലവൻസ് തുടങ്ങിയ ആനുകൂല്യങ്ങൾ നവംബർ 26-നാണ് വിതരണം ചെയ്യുക.
പ്രധാന പേയ്മെന്റ് തീയതികൾ
- കാനഡ ഡിസെബിലിറ്റി ബെനഫിറ്റ് – നവംബർ 19
- കാനഡ പെൻഷൻ പ്ലാൻ (CPP) – നവംബർ 26
- ഓൾഡ് ഏജ് സെക്യൂരിറ്റി (OAS) – നവംബർ 26
- ഗ്യാരന്റീഡ് ഇൻകം സപ്ലിമെന്റ് (GIS) – നവംബർ 26
- അലവൻസ്, സർവൈവർ അലവൻസ് – നവംബർ 26
ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ OAS പെൻഷൻ തുകയിൽ 1.4 ശതമാനം വർധനവ് നിലവിൽ വന്നിട്ടുണ്ട്. ഇതനുസരിച്ച് 65 മുതൽ 74 വയസ്സുവരെയുള്ളവർക്ക് പ്രതിമാസം പരമാവധി 762.50 കനേഡിയൻ ഡോളറും 75 വയസ്സും അതിനുമുകളിലുള്ളവർക്ക് 838.75 ഡോളറും ലഭിക്കും.
കുറഞ്ഞ വരുമാനമുള്ള ഒറ്റയ്ക്ക് കഴിയുന്ന മുതിർന്ന പൗരന്മാർക്ക് GIS ഇനത്തിൽ പ്രതിമാസം പരമാവധി 1,138.90 ഡോളർ ലഭിക്കും. യോഗ്യതയും വരുമാനവും അനുസരിച്ചായിരിക്കും യഥാർഥ പേയ്മെന്റ് തുക.

18നും 64നും ഇടയിൽ പ്രായമുള്ള യോഗ്യരായ ഭിന്നശേഷിക്കാർക്ക് കാനഡ ഡിസെബിലിറ്റി ബെനഫിറ്റ് ഇനത്തിൽ പ്രതിമാസം പരമാവധി 204.20 ഡോളർ ലഭിക്കും. ഇതിനായി സാധുവായ ഡിസെബിലിറ്റി ടാക്സ് ക്രെഡിറ്റ് സർട്ടിഫിക്കറ്റും മറ്റ് യോഗ്യതാ മാനദണ്ഡങ്ങളും ആവശ്യമാണ്.
അതേസമയം, 65-ാം വയസ്സിൽ വിരമിക്കുന്ന CPP ഗുണഭോക്താക്കൾക്ക് പ്രതിമാസം പരമാവധി 1,507.65 ഡോളർ ലഭിക്കാം. ആശ്രിതരായ കുട്ടികൾക്കുള്ള CPP ആനുകൂല്യം പ്രതിമാസം പരമാവധി 307.81 ഡോളറാണ്.
എംപ്ലോയ്മെന്റ് ഇൻഷുറൻസ് (EI) പേയ്മെന്റുകൾക്ക് പൊതുവായ പ്രതിമാസ തീയതിയില്ല. വ്യക്തിഗത ക്ലെയിമുകളുടെ അടിസ്ഥാനത്തിലാണ് ഇവ വിതരണം ചെയ്യുന്നത്.
പേയ്മെന്റുകൾ സാധാരണയായി നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്യും. നിശ്ചിത തീയതിയിൽ തുക ലഭിക്കാത്തവർക്ക് My Service Canada Account വഴി പേയ്മെന്റ് വിവരങ്ങൾ പരിശോധിക്കാം. ബാങ്കിൽ തുക എത്താൻ ചിലപ്പോൾ അധിക ദിവസങ്ങൾ വേണ്ടിവരുമെന്നും അധികൃതർ വ്യക്തമാക്കുന്നു.
ഡിസംബർ മാസത്തിലെ പ്രധാന പേയ്മെന്റുകൾ ക്രിസ്മസ് അവധിക്ക് മുന്നോടിയായി നേരത്തെയാകും. കാനഡ ഡിസെബിലിറ്റി ബെനഫിറ്റ് ഡിസംബർ 17-നും CPP, OAS, GIS ആനുകൂല്യങ്ങൾ ഡിസംബർ 22-നുമാണ് വിതരണം ചെയ്യുക.
