ഓട്ടവ: കാനഡയുടെ ഗ്രാമീണ, വിദൂര സമൂഹങ്ങളില്‍ നിലനില്‍ക്കുന്ന തൊഴില്‍ക്ഷാമം പരിഹരിക്കുന്നതിനായി സ്ഥിരമായ ഒരു കുടിയേറ്റ പദ്ധതിക്ക് തുടക്കമായി. റൂറല്‍ കമ്മ്യൂണിറ്റി ഇമിഗ്രേഷന്‍ പൈലറ്റ് (RCIP) പദ്ധതി സ്ഥിരം പ്രോഗ്രാമാക്കി മാറ്റാന്‍ കനേഡിയന്‍ ഫെഡറല്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നവംബര്‍ 9, 2026-ന് നോവസ്കോഷയിലെ സ്റ്റെല്ലാര്ട്ടണില് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഇമിഗ്രേഷന്‍ മന്ത്രി ലെന മെറ്റ്ലെജ് ഡയബാണ് 2027 ജനുവരി 1 മുതല്‍ പദ്ധതി സ്ഥിരപ്പെടുത്തുന്നതായി പ്രഖ്യാപിച്ചത്.
നോവസ്കോഷ, ഒന്റാരിയോ, മാനിറ്റോബ, സസ്കച്വാന്‍, ആല്‍ബര്‍ട്ട, ബ്രിട്ടീഷ് കൊളംബിയ എന്നീ പ്രവിശ്യകളിലെ തിരഞ്ഞെടുക്കപ്പെട്ട 14 ഗ്രാമീണ മേഖലകളിലാണ് ആദ്യഘട്ടത്തില്‍ ഈ പദ്ധതി നടപ്പിലാക്കുന്നത്. പ്രാദേശിക സാമ്പത്തിക വികസന ഓര്‍ഗനൈസേഷന്റെ അംഗീകാരമുള്ള തൊഴിലുടമയില്‍ നിന്നുള്ള ജോലി വാഗ്ദാനവും അതത് കമ്മ്യൂണിറ്റിയുടെ ശുപാര്‍ശയും ഭാഷാ വൈദഗ്ധ്യവുമാണ് ഇതിലേക്ക് അപേക്ഷിക്കാനുള്ള പ്രധാന യോഗ്യതകള്‍.

കാനഡ പുറത്തുവിട്ട 2027-2029 ഇമിഗ്രേഷന്‍ ലെവല്‍സ് പ്ലാന്‍ പ്രകാരം, 2027-ല്‍ ഈ പദ്ധതി വഴി 5,500 പേര്‍ക്ക് സ്ഥിരതാമസം നല്‍കാനാണ് ലക്ഷ്യമിടുന്നത്. ഇത് 2028-ല്‍ 6,000 ആയും 2029-ല്‍ 6,500 ആയും ഉയര്‍ത്തും. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്കും അവരുടെ ജീവിതപങ്കാളികള്‍ക്കും വര്‍ക്ക് പെര്‍മിറ്റിനും ഇതിലൂടെ അപേക്ഷിക്കാവുന്നതാണ്. ഗ്രാമീണ മേഖലകളിലെ രൂക്ഷമായ തൊഴിലാളി ക്ഷാമം പരിഹരിക്കാനും ജനസംഖ്യാ വര്‍ധന ഉറപ്പാക്കാനും ഈ നീക്കം ഏറെ സഹായകരമാകുമെന്നാണ് വിലയിരുത്തല്‍.
