ടെല്‍ അവീവ്: ഇസ്രയേലി പാര്‍ലമെന്റായ കെനസെറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. ഇതിന് പിന്നാലെ പുതിയ സ്പീക്കറെ തിരഞ്ഞെടുക്കാനുള്ള നടപടികള്‍ ഇന്നുതന്നെ പൂര്‍ത്തിയാക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. നിലവില്‍ ലിക്കുഡ് പാര്‍ട്ടി നേതാവായ ആമിര്‍ ഒഹാനയാണ് കെനസെറ്റ് സ്പീക്കര്‍ പദവി വഹിക്കുന്നത്.
സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ മുന്‍ പ്രതിരോധ മേധാവി ഗാഡി ഐസന്‍കോട്ട് നേരിട്ട് പിന്തുണ അഭ്യര്‍ഥിച്ചെങ്കിലും ലിക്കുഡ് സഖ്യത്തിലെ ചെറിയ പാര്‍ട്ടികള്‍ അനുകൂലമായി പ്രതികരിച്ചിട്ടില്ല. പുതിയ സര്‍ക്കാര്‍ രൂപീകരിച്ചതിന് ശേഷം മാത്രം സ്പീക്കര്‍ തെരഞ്ഞെടുപ്പ് മതിയെന്നാണ് ഇവരുടെ നിലപാട്.
അതേസമയം, പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ അടുത്ത അനുയായിയായ ആമിര്‍ ഒഹാനയെ സ്പീക്കര്‍ സ്ഥാനത്തുനിന്ന് മാറ്റാന്‍ അറബ് പാര്‍ട്ടികളും യാഷര്‍ സഖ്യവും ധാരണയിലെത്തിയിട്ടുണ്ട്. 120 അംഗ കെനസെറ്റില്‍ 61 പേരുടെ ഭൂരിപക്ഷം വേണമെന്നിരിക്കെ, ഇരുവിഭാഗവും ചേരുമ്പോള്‍ 67 അംഗങ്ങളുടെ പിന്തുണ ലഭിക്കും. യാഷര്‍ പാര്‍ട്ടിയില്‍ നിന്നായിരിക്കും പ്രതിപക്ഷത്തിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി എത്തുക.

പ്രതിപക്ഷം പിന്തുണയ്ക്കുന്ന വ്യക്തി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടാല്‍ 2023 ഒക്ടോബര്‍ 7-ലെ ഹമാസ് ആക്രമണത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണം പ്രഖ്യാപിക്കാനാണ് സാധ്യത. എന്നാല്‍, തങ്ങള്‍ക്ക് സ്വാധീനമില്ലാത്ത ഒരു സ്പീക്കര്‍ വരുന്നത് തടയാന്‍ ഭരണകക്ഷിയായ ലിക്കുഡ് പാര്‍ട്ടി പാര്‍ലമെന്റ് സമ്മേളനം തടസ്സപ്പെടുത്തിയേക്കുമെന്നും ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
