ജിദ്ദ: 2027-ലെ ഹജ്ജ് തീർഥാടനത്തിനായുള്ള ഇന്ത്യ – സൗദി അറേബ്യ ഉഭയകക്ഷി ഹജ്ജ് കരാർ ഒപ്പുവെച്ചു. ജിദ്ദയിൽ നടക്കുന്ന ആറാമത് ഹജ്ജ് എക്‌സിബിഷൻ ആൻഡ് കോൺഫറൻസിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി കിരൺ റിജിജുവും സൗദി ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅയും തമ്മിലാണ് കരാറിൽ ഒപ്പിട്ടത്.
കരാർ പ്രകാരം അടുത്ത വർഷം ഇന്ത്യയിൽ നിന്ന് 1,75,025 തീർഥാടകർക്ക് ഹജ്ജ് നിർവഹിക്കാൻ അവസരം ലഭിക്കും. ഇതിൽ 70 ശതമാനം പേർ കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴിയും ബാക്കി 30 ശതമാനം പേർ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾ (എൻ.സി.ഒ) വഴിയുമായിരിക്കും ഹജ്ജിന് എത്തുക. 2027 മേയ് ആദ്യവാരത്തിലാണ് അടുത്ത ഹജ്ജ് കർമ്മങ്ങൾ ആരംഭിക്കുന്നത്.

ഹജ്ജ് ഒരുക്കങ്ങൾ വിലയിരുത്തിയ ഇരുമന്ത്രിമാരും ഇന്ത്യൻ തീർഥാടകർക്കുള്ള സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും ചർച്ച നടത്തി. ഇന്ത്യൻ തീർഥാടകർക്ക് സുഗമമായി കർമ്മങ്ങൾ പൂർത്തിയാക്കാൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രി വ്യക്തമാക്കി. ചടങ്ങിൽ സൗദിയിലെ ഇന്ത്യൻ സ്ഥാനപതി വിപുൽ, കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി, ഹജ്ജ് കോൺസൽ സദഫ് ചൗധരി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
