ടെഹ്റാന്: അമേരിക്കയുമായുള്ള സൈനിക സംഘര്‍ഷം അവസാനിപ്പിക്കണമെങ്കില്‍ ഇറാന് മുന്നോട്ടുവെച്ച ഏഴ് ഉപാധികളും പൂര്‍ണ്ണമായി അംഗീകരിക്കണമെന്ന് ഇറാന് സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി മേജര്‍ ജനറല്‍ മൊഹ്സെന്‍ റെസായി വ്യക്തമാക്കി. നടക്കാത്ത ചര്‍ച്ചകളെക്കുറിച്ചുള്ള വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തിവെക്കണമെന്നും പശ്ചിമേഷ്യയില്‍ പുതിയൊരു രാഷ്ട്രീയതലം രൂപപ്പെടുകയാണെന്ന യാഥാര്‍ഥ്യം അമേരിക്ക തിരിച്ചറിയണമെന്നും സമൂഹമാധ്യമത്തില്‍ പങ്കുവെച്ച പ്രസ്താവനയില്‍ അദ്ദേഹം ആവശ്യപ്പെട്ടു. ഇറാനെതിരായ യുദ്ധം അമേരിക്കന്‍ ഭരണകൂടത്തെ പ്രതിസന്ധിയിലാക്കിയെന്നും ഒരു ചൂതാട്ടക്കാരനെപ്പോലെ പെരുമാറുന്ന അമേരിക്ക പരാജയം അംഗീകരിക്കാന്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പരിഹസിച്ചു.
യുദ്ധം അവസാനിപ്പിക്കുന്നതിനും തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുമായി ഏഴ് നിര്‍ണായക ഉപാധികളാണ് ഇറാന് മുന്നോട്ടുവെച്ചിട്ടുള്ളത്. ലെബനന്, ഗസ്സ, യെമന്‍ മേഖലകളിലെ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുക, വിദേശത്തുള്ള ഇറാന്റെ മരവിപ്പിച്ച ആസ്തികള്‍ വിട്ടുനല്‍കുക, നാവിക-സാമ്പത്തിക-രാഷ്ട്രീയ ഉപരോധങ്ങള്‍ നീക്കുക, പശ്ചിമേഷ്യയില്‍ നിന്ന് അമേരിക്കന്‍ നാവിക-വ്യോമസേനകളെ പിന്‍വലിക്കുക, യുദ്ധനഷ്ടപരിഹാരം നല്‍കുക, ഇറാനെതിരായ ഭീഷണികളും അധിക്ഷേപങ്ങളും അവസാനിപ്പിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍.

മുന്‍കാല ചര്‍ച്ചകളും ഇസ്ലാമാബാദ് ധാരണ അടക്കമുള്ള നയതന്ത്ര നീക്കങ്ങളും അമേരിക്കയുടെ ഏകപക്ഷീയമായ പിന്മാറ്റം മൂലമാണ് തകര്‍ന്നതെന്ന് ഇറാന് ആരോപിച്ചു. ഏഴ് ഉപാധികളോടുള്ള അമേരിക്കയുടെ പ്രാഥമിക പ്രതികരണം തൃപ്തികരമല്ലെന്നും കൂടുതല്‍ വ്യക്തത ആവശ്യമാണെന്നും റെസായി ചൂണ്ടിക്കാട്ടി. നയതന്ത്രപരമായ പരിഹാരത്തിന് തയ്യാറാണെങ്കിലും രാജ്യത്തിന്റെ അവകാശങ്ങള്‍ പൂര്‍ണമായി അംഗീകരിക്കണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
