Tuesday, November 10, 2026

കാർണിയുടെ ചൈന സന്ദർശനത്തിന് മുന്നോടിയായി കയറ്റുമതിയിൽ റെക്കോർഡ് വർധന

ഓട്ടവ: പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ചൈന സന്ദർശനത്തിന് മുന്നോടിയായി ചൈനയിലേക്കുള്ള കനേഡിയൻ കയറ്റുമതിയിൽ വൻ വർധന. പ്രത്യേകിച്ച് പടിഞ്ഞാറൻ കാനഡയിൽ നിന്നുള്ള ഭക്ഷ്യോൽപ്പന്നങ്ങളുടെയും ഊർജവിഭവങ്ങളുടെയും കയറ്റുമതിയാണ് ശ്രദ്ധേയമായ വളർച്ച രേഖപ്പെടുത്തിയത്. ഈ വർഷം ചൈനയിലേക്കുള്ള കയറ്റുമതി റെക്കോർഡ് നിലവാരത്തിലെത്തുമെന്നാണ് വിലയിരുത്തൽ.

അടുത്തയാഴ്ച ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് പുതിയ വ്യാപാര കണക്കുകൾ പുറത്തുവന്നത്. ആൽബർട്ട സർവകലാശാലയിലെ ചൈന ഇൻസ്റ്റിറ്റ്യൂട്ട് സമാഹരിച്ച മൂന്നാം പാദത്തിലെ കണക്കുകൾ പ്രകാരം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിൽ ഗണ്യമായ വളർച്ചയുണ്ടായി. കയറ്റുമതി അതിവേഗം വർധിച്ചുവരികയാണെന്നും ഈ വർഷം റെക്കോർഡ് നിലയിലെത്തുമെന്നും ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഫിലിപ്പ് റിയോൾട്ട് പറഞ്ഞു.

2018ൽ ഹുവാവേ എക്സിക്യൂട്ടീവ് മെങ് വാൻഷുവിനെ വൻകൂവറിൽ അറസ്റ്റ് ചെയ്തതിനു പിന്നാലെ ചൈനയിൽ കനേഡിയൻ പൗരന്മാരായ മൈക്കൽ കോവ്രിഗിനെയും മൈക്കൽ സ്പാവറിനെയും തടവിലാക്കിയതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. എന്നാൽ കഴിഞ്ഞ ജനുവരിയിൽ വ്യാപാര കരാറിലെത്തിയതോടെ ബന്ധത്തിൽ മാറ്റമുണ്ടായി. കനേഡിയൻ ഉൽപ്പന്നങ്ങൾക്കുള്ള ചൈനീസ് തീരുവ കുറയ്ക്കുന്നതിന് പകരമായി ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾക്ക് കനേഡിയൻ വിപണിയിൽ പ്രവേശനം അനുവദിക്കുകയായിരുന്നു കരാറിന്റെ പ്രധാന വ്യവസ്ഥ.

മൂന്നാം പാദത്തിൽ വ്യാപാരം റെക്കോർഡ് നിലവാരത്തിൽ

മൂന്നാം പാദത്തിൽ കാനഡയും ചൈനയും തമ്മിലുള്ള മൊത്തം ഉഭയകക്ഷി വ്യാപാരം 36.78 ബില്യൺ കനേഡിയൻ ഡോളറിലെത്തി. ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന ത്രൈമാസ വ്യാപാരമൂല്യമാണിത്. ഊർജ കയറ്റുമതിയിലെ വർധനയാണ് പ്രധാനമായും ഈ വളർച്ചയ്ക്ക് പിന്നിൽ.

ചൈനയിലേക്കുള്ള ക്രൂഡ് ഓയിൽ കയറ്റുമതി 159 ശതമാനം വർധിച്ച് പ്രതിദിനം ശരാശരി 3.27 ലക്ഷം ബാരലിലെത്തി. ട്രാൻസ് മൗണ്ടൻ പൈപ്പ്‌ലൈനിന്റെ അധിക ശേഷി പ്രയോജനപ്പെടുത്താനായതാണ് വർധനയ്ക്ക് പ്രധാന കാരണങ്ങളിലൊന്ന്.

കാനഡയിൽനിന്ന് കടൽമാർഗം കയറ്റുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന്റെ ഭൂരിഭാഗവും കാലിഫോർണിയയിലേക്കായിരിക്കുമെന്നായിരുന്നു നേരത്തെയുള്ള വിലയിരുത്തൽ. എന്നാൽ വലിയൊരു വിഹിതം കിഴക്കൻ ഏഷ്യയിലേക്കും അതിൽ ഭൂരിഭാഗവും ചൈനയിലേക്കുമാണ് എത്തുന്നതെന്ന് റിയോൾട്ട് ചൂണ്ടിക്കാട്ടി. മധ്യപൂർവദേശത്തെ വിതരണ തടസ്സങ്ങളും ചൈനയിലേക്കും അമേരിക്കയിലേക്കുമുള്ള എണ്ണ കയറ്റുമതിയുടെ വില ഉയരാൻ കാരണമായിട്ടുണ്ട്.

കാർഷിക കയറ്റുമതിയിലും വൻ കുതിപ്പ്

കനേഡിയൻ കാർഷിക ഉൽപ്പന്നങ്ങൾക്കുമേലുള്ള ചൈനീസ് തീരുവയിൽ ഇളവുണ്ടായതിന്റെ പ്രതിഫലനവും പുതിയ കണക്കുകളിൽ കാണാം.

കനോല സംസ്കരണത്തിലൂടെ ലഭിക്കുന്ന കനോല മീൽ കയറ്റുമതി മുൻവർഷത്തെ 12.9 മില്യൺ ഡോളറിൽനിന്ന് 360.3 മില്യൺ ഡോളറായി ഉയർന്നു. പീസ് കയറ്റുമതി 9.2 മില്യൺ ഡോളറിൽനിന്ന് 147.6 മില്യൺ ഡോളറിലെത്തി. ബീഫ് കയറ്റുമതി 181.4 മില്യൺ ഡോളറായും വർധിച്ചു. മുൻവർഷം ഇതിന്റെ കയറ്റുമതി നാമമാത്രമായിരുന്നു.

മൂന്നാം പാദത്തിൽ ചൈനയിലേക്കുള്ള കാനഡയുടെ ആഭ്യന്തര കയറ്റുമതി മുൻവർഷത്തെ അപേക്ഷിച്ച് ഏകദേശം 4.32 ബില്യൺ ഡോളർ വർധിച്ചു. ഈ വർധനയുടെ 78 ശതമാനത്തോളം ആൽബർട്ട, സസ്കാച്വാൻ എന്നീ പ്രവിശ്യകളിൽ നിന്നാണ്.

ആൽബർട്ടയുടെ വളർച്ചയ്ക്ക് ക്രൂഡ് ഓയിൽ കയറ്റുമതിയാണ് പ്രധാനമായും കാരണമായത്. സസ്കാച്വാനിൽ കനോല മീൽ, കനോല വിത്ത്, പൊട്ടാഷ്, പീസ് എന്നിവയുടെ കയറ്റുമതിയാണ് വർധിച്ചത്.

ചൈനയുമായുള്ള വ്യാപാരത്തിൽ ആശങ്കയും

ചൈനയുമായുള്ള വ്യാപാരം വർധിക്കുന്നത് അവസരങ്ങൾ സൃഷ്ടിക്കുമ്പോഴും അതുമായി ബന്ധപ്പെട്ട ആശ്രിതത്വത്തിന്റെ അപകടസാധ്യതകൾ അവഗണിക്കരുതെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. 2024ൽ കാനഡയുടെ കനോല വിത്ത് കയറ്റുമതിയുടെ ഏകദേശം 70 ശതമാനവും ചൈനയിലേക്കായിരുന്നു. രാഷ്ട്രീയ തർക്കങ്ങളുടെ ഘട്ടങ്ങളിൽ ഈ ആശ്രിതത്വം ചൈനയ്ക്ക് സമ്മർദം ചെലുത്താനുള്ള സാഹചര്യം സൃഷ്ടിച്ചിട്ടുണ്ടെന്ന് സെന്റർ ഫോർ സ്ട്രാറ്റജിക് സ്റ്റേറ്റ്ക്രാഫ്റ്റ് മേധാവി വീന നജീബുള്ള പറഞ്ഞു.

ചൈനയുമായുള്ള വ്യാപാരം വികസിപ്പിക്കുന്നതിനൊപ്പം മറ്റു വിപണികളിലും കാനഡ സാന്നിധ്യം ശക്തമാക്കണം. ഒരു വൻ ശക്തിയോടുള്ള ആശ്രിതത്വം മറ്റൊരു രാജ്യത്തേക്ക് മാറ്റുന്നതല്ല, തന്ത്രപരമായ ആശ്രിതത്വം കുറയ്ക്കുന്നതാണ് ലക്ഷ്യമാകേണ്ടതെന്നും അവർ അഭിപ്രായപ്പെട്ടു.

ഏഷ്യൻ പര്യടനവുമായി കാർണി

ചൈനയുമായുള്ള വ്യാപാരം വർധിക്കുന്നതിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള കാനഡയുടെ പുതിയ സമീപനത്തിന്റെ ഫലം വ്യക്തമാകുന്നുണ്ടെന്ന് റിയോൾട്ട് പറഞ്ഞു. അമേരിക്ക കാനഡയോടുള്ള സമീപനം പുനഃപരിശോധിക്കുന്ന സാഹചര്യത്തിൽ ചൈനയുമായി സഹകരിക്കാൻ കാർണി ഭരണകൂടം കൂടുതൽ താൽപര്യം പ്രകടിപ്പിക്കുന്നതായും അദ്ദേഹം വിലയിരുത്തി.

അമേരിക്കയ്ക്ക് പുറത്തുള്ള വിപണികളിലേക്കുള്ള കനേഡിയൻ ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും കയറ്റുമതി 2035ഓടെ ഇരട്ടിയാക്കുകയാണ് കാർണിയുടെ ലക്ഷ്യം. ഈ ലക്ഷ്യം കൈവരിക്കുന്നതിൽ ചൈനയ്ക്ക് പ്രധാന പങ്കുണ്ടാകുമെന്നാണ് വിലയിരുത്തൽ.

ബുധനാഴ്ച ആരംഭിക്കുന്ന കാർണിയുടെ ഏഷ്യൻ പര്യടനത്തിൽ ഫിലിപ്പീൻസിലെ ആസിയാൻ ഉച്ചകോടി, ചൈനയിലെ അപെക് ഉച്ചകോടി, കംബോഡിയയിലെ ഫ്രാങ്കോഫോണി ഉച്ചകോടി എന്നിവ ഉൾപ്പെടുന്നു. അപെക് ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതീക്ഷ. പ്രധാനമന്ത്രിയായ ശേഷമുള്ള കാർണിയുടെ രണ്ടാമത്തെ ചൈന സന്ദർശനമാണിത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!