Wednesday, November 11, 2026

വരണ്ട കാലാവസ്ഥയും ശക്തമായ കാറ്റും: കാല്‍ഗറിയില്‍ ഫയര്‍ അഡ്‌വൈസറി പുറപ്പെടുവിച്ചു

കാല്‍ഗറി: ശക്തമായ കാറ്റും വരണ്ട കാലാവസ്ഥയും തുടരുന്ന സാഹചര്യത്തില്‍ കാല്‍ഗറി നഗരത്തില്‍ ഫയര്‍ അഡൈ്വസറി (തീപിടുത്ത ജാഗ്രതാ നിര്‍ദ്ദേശം) പുറപ്പെടുവിച്ചു. ഉണങ്ങിയ പുല്ലുകള്‍, ഉണങ്ങിയ ഇലകള്‍, എളുപ്പത്തില്‍ തീപിടിക്കുന്ന മറ്റ് വസ്തുക്കള്‍ എന്നിവയുള്ള സ്ഥലങ്ങളില്‍ ആളുകള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കാല്‍ഗറി ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍ദ്ദേശം നല്‍കി.

ബെയര്‍സ്‌പോ സൗത്ത് ഫീഡര്‍ മെയിന്‍ പൈപ്പ് ലൈനിലെ അറ്റകുറ്റപ്പണികള്‍ കാരണം നഗരത്തില്‍ സ്റ്റേജ് 4 ജലനിയന്ത്രണം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ ജാഗ്രതാ നിര്‍ദ്ദേശം വന്നിരിക്കുന്നത്. ഉയര്‍ന്ന താപനിലയും കുറഞ്ഞ ആര്‍ദ്രതയും ഒന്നിലധികം തീപിടുത്തങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുണ്ടെന്നും, ഒരേസമയം പലയിടത്തുണ്ടാകുന്ന അപകടങ്ങളോട് പ്രതികരിക്കാനുള്ള ഫയര്‍ഫോഴ്‌സിന്റെ ശേഷിയെ ഇത് ബാധിക്കുമെന്നും കാല്‍ഗറി ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അലക്‌സ് ക്വാന്‍ പറഞ്ഞു.

നിലവിലെ ഫയര്‍ അഡൈ്വസറി നേരിട്ട് വിലക്കുകള്‍ ഏര്‍പ്പെടുത്തുന്നില്ലെങ്കിലും, വിനോദാവശ്യങ്ങള്‍ക്കായുള്ള തീപിടുത്തങ്ങള്‍ താല്‍ക്കാലികമായി ഒഴിവാക്കാന്‍ നഗരവാസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. തുറസ്സായ സ്ഥലങ്ങളില്‍ തീ ഉപയോഗിക്കുന്നവരും ബാര്‍ബിക്യൂ, ഫയര്‍ പിറ്റുകള്‍ എന്നിവ ഉപയോഗിക്കുന്നവരും കടുത്ത ജാഗ്രത പാലിക്കണം. ശക്തമായ കാറ്റുള്ളപ്പോള്‍ തീയിടുന്നത് ഒഴിവാക്കുക, ഉണങ്ങിയ സസ്യജാലങ്ങളില്‍ നിന്ന് തീ അകറ്റി നിര്‍ത്തുക, തീ നിയന്ത്രണമില്ലാതെ വിട്ടിട്ടു പോകരുത് തുടങ്ങിയ നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ശനിയാഴ്ച മുനിസിപ്പല്‍ ഡിസ്ട്രിക്റ്റ് ഓഫ് വില്ലോ ക്രീക്കില്‍ ഉണ്ടായ വന്‍ തീപിടുത്തത്തിന് പിന്നാലെയാണ് ഈ നടപടികള്‍. വൈക്കോല്‍ കൂനയില്‍ നിന്ന് പടര്‍ന്ന തീ സമീപത്തെ ഏതാനും കെട്ടിടങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. 9 സ്റ്റേഷനുകളില്‍ നിന്നായി 40 അഗ്‌നിശമന സേനാംഗങ്ങളും 18 ഫയര്‍ ട്രക്കുകളും എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. വില്ലോ ക്രീക്ക് മേഖലയില്‍ നിലവില്‍ ഫയര്‍ പെര്‍മിറ്റുകള്‍ സസ്‌പെന്‍ഡ് ചെയ്യുകയും പുതിയവ നല്‍കുന്നത് നിര്‍ത്തിവെക്കുകയും ചെയ്തിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!