ന്യൂയോർക്ക്: എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ്ങിനെതിരെ ഉയർന്ന ആരോപണങ്ങളിൽ സ്വതന്ത്ര അന്വേഷണം നടത്തുമെന്ന് പ്രമുഖ ചിപ്പ് നിർമാണ കമ്പനിയായ എൻവിഡിയ. മുൻ യുഎസ് ആക്ടിങ് അറ്റോർണി ജൂൺ കിമ്മിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക. അന്വേഷണ ചുമതല പ്രമുഖ അമേരിക്കൻ നിയമസ്ഥാപനമായ വാച്ച്ടെൽ, ലിപ്റ്റൺ, റോസൻ ആൻഡ് കാറ്റ്സിനെയും ഏൽപ്പിച്ചിട്ടുണ്ട്. കമ്പനിയുടെ സ്വതന്ത്ര ഡയറക്ടർമാരാണ് ഇക്കാര്യം അറിയിച്ചത്.
ജെൻസൻ ഹുവാങ്ങും ചൈനീസ് ചാരവനിതയെന്ന് സംശയിക്കപ്പെടുന്ന ആലീസ് ഹുവാങ്ങും തമ്മിലുള്ള ബന്ധം സംബന്ധിച്ച ആരോപണങ്ങളാണ് അന്വേഷണത്തിന് ആധാരം. അമേരിക്കയുടെ കയറ്റുമതി നിയന്ത്രണങ്ങൾ മറികടന്ന് കോടിക്കണക്കിന് ഡോളർ മൂല്യമുള്ള എഐ ചിപ്പുകൾ ചൈനയിലെത്തിക്കാൻ ഈ ബന്ധം സഹായിച്ചെന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്.
എൻവിഡിയയുടെ ഉപഭോക്തൃ സ്ഥാപനമായ മെഗാസ്പീഡിന്റെ പ്രതിനിധിയാണ് ആലീസ് ഹുവാങ്. ഇവർക്ക് ചൈനീസ് രഹസ്യാന്വേഷണ ഏജൻസികളുമായി ബന്ധമുണ്ടെന്ന സംശയവും ഉയർന്നിട്ടുണ്ട്. 2023 മുതൽ ഏകദേശം 7.5 ബില്യൺ ഡോളർ മൂല്യമുള്ള എൻവിഡിയ എഐ ചിപ്പുകൾ ചൈനീസ് കമ്പനികൾ വഴി കടത്താൻ ഈ ബന്ധം വഴിയൊരുക്കിയെന്നാണ് ‘ദി ഇൻഫർമേഷൻ’ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്.
അമേരിക്കയുടെ കയറ്റുമതി നിരോധനം നിലനിൽക്കുന്ന ഏകദേശം 2.4 ലക്ഷം എച്ച്100, എച്ച്200 ചിപ്പുകൾ ചൈനയിലെത്തിക്കാൻ ആലീസ് ഹുവാങ് സഹായിച്ചെന്ന ആരോപണവും റിപ്പോർട്ടിലുണ്ട്. എന്നാൽ ഈ ആരോപണങ്ങൾ സ്വതന്ത്ര അന്വേഷണത്തിലൂടെ പരിശോധിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്.

അന്വേഷണത്തിന് നേതൃത്വം നൽകുന്ന ജൂൺ കിമ്മിന് പൊതുമേഖലയിലെ അഴിമതി, സാമ്പത്തിക കുറ്റകൃത്യങ്ങൾ എന്നിവ അന്വേഷിച്ചുള്ള ദീർഘകാല പരിചയമുണ്ട്. 2021-ൽ ന്യൂയോർക്ക് ഗവർണറായിരുന്ന ആൻഡ്രൂ ക്യൂമോയ്ക്കെതിരായ ലൈംഗിക പീഡന ആരോപണങ്ങളിൽ നടന്ന സ്വതന്ത്ര അന്വേഷണത്തിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചിരുന്നു.
അതേസമയം, വിദേശ രഹസ്യാന്വേഷണ ഏജൻസി ജെൻസൻ ഹുവാങ്ങിനെ ലക്ഷ്യമിട്ടിട്ടുണ്ടോയെന്ന് എഫ്ബിഐയും പ്രത്യേകമായി അന്വേഷിക്കുന്നുണ്ട്. കമ്പനിയുടെ രഹസ്യവിവരങ്ങളോ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങളോ ചോർന്നതിന് നിലവിൽ തെളിവുകളില്ലെന്നാണ് എൻവിഡിയയുടെ നിലപാട്. അന്വേഷണവുമായി സഹകരിക്കാൻ ജെൻസൻ ഹുവാങ് സമ്മതിച്ചിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.
ആരോപണങ്ങളിൽ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ എൻവിഡിയയുടെ പ്രവർത്തനങ്ങളിലും അമേരിക്കയുടെ ചിപ്പ് കയറ്റുമതി നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും അന്വേഷണഫലം നിർണായകമായേക്കും.
