Thursday, November 12, 2026

സ്റ്റെല്ലാന്റിസ് പ്ലാന്റ് വില്‍പ്പന: സര്‍ക്കാരിന് മാസങ്ങള്‍ക്ക് മുമ്പേ വിവരമുണ്ടായിരുന്നതായി റിപ്പോര്‍ട്ട്

ഓട്ടവ: റോഷല്‍ ഇന്‍കോര്‍പ്പറേറ്റഡിന് (Roshel Inc.) വില്‍ക്കാനുള്ള വാഹന നിര്‍മ്മാണ കമ്പനിയായ സ്റ്റെല്ലാന്റിസിന്റെ (Stellantis) നീക്കത്തെക്കുറിച്ച് ഫെഡറല്‍ സര്‍ക്കാരിന് മാസങ്ങള്‍ക്ക് മുന്‍പേ അറിവുണ്ടായിരുന്നതായി റിപ്പോര്‍ട്ട്. ഓഗസ്റ്റ് മുതല്‍ ഈ ഇടപാടുമായി ബന്ധപ്പെട്ട് ഫെഡറല്‍ സര്‍ക്കാര്‍ നിരന്തരം ഇടപെട്ടിരുന്നതായും, പ്രധാനമന്ത്രിയുടെ ഓഫീസിനെയും വ്യവസായ മന്ത്രി മെലാനി ജോളിയുടെ ഓഫീസിനെയും വിവരങ്ങള്‍ ധരിപ്പിച്ചിരുന്നതായും റിപ്പോര്‍ട്ട്.

തിങ്കളാഴ്ചയാണ് പ്ലാന്റ് റോഷലിന് വില്‍ക്കാന്‍ പദ്ധതിയിടുന്നതായി സ്റ്റെല്ലാന്റിസ് പ്രഖ്യാപിച്ചത്. ഇത് തൊഴിലാളികളോടും കാനഡയോടുമുള്ള ഉത്തരവാദിത്തങ്ങളോടുമുള്ള വഞ്ചനയാണെന്ന് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. 2023-ല്‍ ജീപ്പ് കോമ്പസ് നിര്‍മ്മാണത്തിനായി പ്ലാന്റ് നവീകരിക്കുന്നതിന്റെ ഭാഗമായി പ്രവര്‍ത്തനം നിര്‍ത്തിവെച്ചപ്പോള്‍ രണ്ടായിരത്തിലധികം തൊഴിലാളികള്‍ക്കാണ് ഇവിടെ ജോലി നഷ്ടപ്പെട്ടത്. തൊഴിലാളികളുടെ ഭാവി സംബന്ധിച്ച് തീരുമാനമെടുക്കാന്‍ വ്യവസായ മന്ത്രി മെലാനി ജോളി വ്യാഴാഴ്ച ടൊറന്റോയില്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചിട്ടുണ്ട്.

ഇടപാടില്‍ പങ്കില്ലെന്ന് വ്യവസായ മന്ത്രിയുടെ ഓഫീസ്

സ്റ്റെല്ലാന്റിസുമായോ റോഷലുമായോ ഉള്ള കരാര്‍ ചര്‍ച്ചകളില്‍ മന്ത്രി മെലാനി ജോളിക്ക് യാതൊരു പങ്കുമില്ലെന്ന് അവരുടെ വക്താവ് മാത്തിസ് ഡെനിസ് വ്യക്തമാക്കി. യൂണിയന്റെ സമ്മതമില്ലാത്ത ഒരു കരാറിനും മന്ത്രിയോ വകുപ്പോ അംഗീകാരം നല്‍കില്ലെന്നും, 2022-ല്‍ മുന്‍ സര്‍ക്കാര്‍ സ്റ്റെല്ലാന്റിസുമായി ഒപ്പുവെച്ച കരാറിലെ വ്യവസ്ഥകള്‍ ലംഘിക്കുന്ന ഇടപാടുകള്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2022-ലെ കരാര്‍ പ്രകാരം ഇലക്ട്രിക്, ഗ്യാസ് വാഹനങ്ങളുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനായി 529 ദശലക്ഷം ഡോളര്‍ നല്‍കാമെന്ന് ഫെഡറല്‍ സര്‍ക്കാരും, 513 ദശലക്ഷം ഡോളര്‍ നല്‍കാമെന്ന് ഒന്റാരിയോ പ്രവിശ്യാ സര്‍ക്കാരും വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത് ഉള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ പാലിക്കാത്തതിനാല്‍ ഒന്റാരിയോ സര്‍ക്കാര്‍ ഇതുവരെ പണം നല്‍കിയിട്ടില്ല.

ചൈനീസ് വാഹന ഘടകങ്ങള്‍ക്കെതിരെ ഒന്റാരിയോ പ്രീമിയര്‍

ബ്രാംപ്ടണ്‍ പ്ലാന്റ് ചൈനീസ് വാഹനങ്ങളുടെ ഭാഗങ്ങള്‍ ഇറക്കുമതി ചെയ്ത് കൂട്ടിയോജിപ്പിക്കുന്ന (Chinese-made knock-down kits) കേന്ദ്രമായി മാറുന്നതിനെതിരെ ഒന്റാരിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡ് ശക്തമായ മുന്നറിയിപ്പ് നല്‍കി. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിക്ക് കത്തയച്ചു. ചൈനീസ് വാഹന നിര്‍മ്മാതാക്കളായ ലീപ്മോട്ടറുമായി (Leapmotor) സ്റ്റെല്ലാന്റിസ് ചര്‍ച്ചകള്‍ നടത്തുന്നതായുള്ള റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ഫോര്‍ഡിന്റെ പ്രതികരണം. ചൈനയില്‍ നിന്നുള്ള ഭാഗങ്ങള്‍ ഇവിടെ കൊണ്ടുവന്ന് കൂട്ടിയോജിപ്പിക്കുന്നത് കാനഡയിലെയും ഒന്റാരിയോയിലെയും വാഹന നിര്‍മ്മാണ മേഖലയുടെ ഭാവിയെ തകര്‍ക്കുമെന്നും, ആയിരക്കണക്കിന് തൊഴിലാളികളെയും അനുബന്ധ വ്യവസായങ്ങളെയും ഇത് പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!