തിരുവനന്തപുരം: പൊലീസ് അടിച്ചമർത്താൻ ശ്രമിച്ചാലും സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് എൽ.പി.എസ്.ടി റാങ്ക് ഹോൾഡറും സമരനേതാവുമായ വളർമതി. ഇന്നലെ പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയ വളർമതി ഇന്ന് വീണ്ടും സമരപ്പന്തലിലെത്തി നിരാഹാരസമരം തുടരുകയാണ്. സമരം പൊളിക്കാനാണ് പൊലീസിന്റെ ശ്രമമെന്നും ഒരുതരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും അവർ വ്യക്തമാക്കി.
എയ്ഡഡ് മേഖലയ്ക്ക് കൊടുത്താൽ മാത്രമേ സർക്കാരിന് ലാഭമുള്ളു. അതുകൊണ്ടാണ് വിദ്യാർഥി- അധ്യാപക അനുപാതം കുറയ്ക്കില്ല എന്ന് പറയുന്നത്. എയ്ഡഡ് മേഖലയ്ക്ക് അനുകൂലമായ തീരുമാനങ്ങൾ മാത്രമാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് വളർമതി ആരോപിച്ചു.
ഡിവിഷനുകൾ കുറഞ്ഞ സ്കൂളുകളിൽ മാത്രം പുതിയ അനുപാതം നടപ്പാക്കിയാൽ സർക്കാരിന് അധിക സാമ്പത്തിക ബാധ്യതയുണ്ടാകില്ല. ഡിവിഷനുകൾ കുറയാത്ത സാഹചര്യത്തിൽ എത്ര നിയമനങ്ങൾ നടത്തേണ്ടിവരുമോ അത്രയും നിയമനങ്ങൾ മാത്രമേ ഇവിടെയും ആവശ്യമായി വരൂ. ഇക്കാര്യം സർക്കാരിന് അറിയാമെങ്കിലും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും വളർമതി ആരോപിച്ചു.
കാലാനുസൃതമായി എല്ലാ സ്കൂളുകളിലും വിദ്യാർഥി-അധ്യാപക അനുപാതം കുറച്ചുനൽകേണ്ട ബാധ്യത സർക്കാരിനുണ്ട്. സാമ്പത്തിക ബാധ്യതയുടെ പേരിൽ ഈ ആവശ്യം തള്ളിക്കളയാനാകില്ല. അതേസമയം, ഖജനാവ് ധൂർത്തടിക്കുന്ന നിരവധി സംഭവങ്ങൾ സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.

പൊലീസിനെതിരെ ഗുരുതര ആരോപണം
സമരപ്പന്തലിൽ നിന്ന് തന്നെ പൊലീസ് വലിച്ചിഴച്ചാണ് കൊണ്ടുപോയതെന്ന് വളർമതി പറഞ്ഞു. 18 ദിവസം നിരാഹാരസമരം നടത്തിയ ഒരാളോട് പെരുമാറേണ്ട രീതിയിലല്ല പൊലീസ് പെരുമാറിയത്. ആരോഗ്യസ്ഥിതിയുടെ ഗൗരവം പൊലീസ് പരിഗണിച്ചില്ലെന്നും ആശുപത്രിയിൽ എത്തിച്ചശേഷം ചികിത്സയോട് സഹകരിക്കാൻ തയ്യാറാകാതിരുന്നത് അതുകൊണ്ടാണെന്നും അവർ വ്യക്തമാക്കി.
ആശുപത്രിയിൽ പിടിച്ചുകിടത്തുക എന്നതുമാത്രമായിരുന്നു പൊലീസിന്റെ ലക്ഷ്യം. സമരപ്പന്തൽ പൊളിക്കുകയും സമരം അവസാനിപ്പിക്കുകയുമായിരുന്നു പൊലീസിന്റെ ഉദ്ദേശമെന്നും വളർമതി ആരോപിച്ചു.
‘കോഴ കൊടുക്കുന്നവർക്ക് ജോലി നൽകാനല്ല സർക്കാർ’
ഭരണത്തിലെത്തുമ്പോൾ തങ്ങളുടെ സമരം അനാവശ്യമാകുന്നുവെങ്കിൽ അത് രാഷ്ട്രീയ നിലപാട് മാത്രമാണെന്ന് വളർമതി പറഞ്ഞു. സാധാരണക്കാരുടെ ആവശ്യങ്ങൾ പരിഗണിക്കാത്ത സർക്കാരിന് അതിന്റെ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകി.
കോഴ കൊടുക്കുന്നവർക്ക് ജോലി കൊടുക്കാൻ മാത്രമായി ഇവിടെ ഒരു സർക്കാരോ വിദ്യാഭ്യാസ വകുപ്പോ വേണ്ട. സാധാരണക്കാരെയും പരിഗണിക്കണം. കേസെടുത്താലും പ്രശ്നമില്ല. നിരാഹാരസമരം ശക്തമായി തുടരുമെന്നും വളർമതി വ്യക്തമാക്കി.
പൊലീസ് നടപടികൾക്കും സമ്മർദങ്ങൾക്കും വഴങ്ങില്ലെന്നും ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരാനാണ് തീരുമാനമെന്നും വളർമതി പറഞ്ഞു.
