ബെംഗളൂരു: സംസ്ഥാനത്ത് വിൽക്കുന്ന പെട്രോളിലെ എഥനോളിന്റെ അളവ് പരിശോധിക്കാൻ സ്വതന്ത്രവും നിഷ്പക്ഷവുമായ സംവിധാനം വേണമെന്ന് കർണാടക സർക്കാർ. എണ്ണക്കമ്പനികളുടെ സ്വന്തം ലാബുകളിലെ പരിശോധനയ്ക്ക് പകരം സ്വതന്ത്ര ഏജൻസിയുടെ നേതൃത്വത്തിൽ ശാസ്ത്രീയ പരിശോധന നടത്തണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. കർണാടക സിവിൽ സപ്ലൈസ്-ഉപഭോക്തൃകാര്യ മന്ത്രി റിസ്വാൻ അർഷാദാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പെട്രോളിൽ 30 ശതമാനത്തിലധികം എഥനോൾ അടങ്ങിയിട്ടുണ്ടെന്ന കർണാടക സർക്കാരിന്റെ പരിശോധനാ റിപ്പോർട്ട് അശാസ്ത്രീയമാണെന്ന കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷിയുടെ വിമർശനത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
എഥനോളിന്റെ അളവ് കൃത്യമായി കണ്ടെത്താൻ പ്രത്യേക സൗകര്യങ്ങളുള്ള ലാബുകളിൽ ശാസ്ത്രീയ പരിശോധന നടത്തണമെന്നാണ് പ്രൾഹാദ് ജോഷിയുടെ നിലപാട്. എണ്ണക്കമ്പനികൾക്ക് ഇതിനുള്ള സംവിധാനങ്ങളുണ്ടെന്നും കർണാടക സർക്കാർ നടത്തിയ പരിശോധന അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കേന്ദ്രമന്ത്രിമാർക്കെതിരെ വിമർശനം
പെട്രോളിയം മന്ത്രി ഹർദീപ് പുരി വിഷയത്തിൽ പ്രതികരിക്കാത്തപ്പോൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി വിശദീകരണവുമായി രംഗത്തെത്തിയത് എന്തിനാണെന്ന് റിസ്വാൻ അർഷാദ് ചോദിച്ചു. ഹർദീപ് പുരി രാജിവെച്ചാൽ ഈ വകുപ്പിന്റെ കൂടി ചുമതല ഏറ്റെടുക്കേണ്ടിവരുമെന്നതിനാലാണ് ജോഷി മറുപടി നൽകുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.
കരിമ്പുകർഷകരുടെ പേരിൽ രാജ്യത്തെ സാധാരണക്കാരുടെ മേൽ അധിക സാമ്പത്തികഭാരം അടിച്ചേൽപ്പിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
പെട്രോളിൽ 31.2 ശതമാനം വരെ എഥനോൾ
കർണാടകയിലെ വിവിധ പെട്രോൾ പമ്പുകളിൽ നടത്തിയ പരിശോധനയിലാണ് അനുവദനീയമായതിലും ഉയർന്ന അളവിൽ എഥനോൾ കണ്ടെത്തിയതായി സംസ്ഥാന സർക്കാർ അറിയിച്ചത്. പ്രമുഖ എണ്ണക്കമ്പനികൾ വിൽക്കുന്ന പെട്രോളിന്റെ സാമ്പിളുകളിൽ 31.2 ശതമാനം വരെ എഥനോളിന്റെ സാന്നിധ്യം കണ്ടെത്തിയെന്നാണ് റിപ്പോർട്ട്.
കേന്ദ്രസർക്കാർ നിശ്ചയിച്ചിട്ടുള്ള എഥനോൾ മിശ്രണ പരിധി 20 ശതമാനമാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ പെട്രോൾ പമ്പുകളിൽനിന്ന് ശേഖരിച്ച 63 സാമ്പിളുകൾ പരിശോധിച്ചതിൽ ബെംഗളൂരു ഉൾപ്പെടെ ഏഴ് ജില്ലകളിൽ അനുവദനീയമായതിലും കൂടുതൽ എഥനോൾ കണ്ടെത്തിയെന്നാണ് മന്ത്രി റിസ്വാൻ അർഷാദ് വ്യക്തമാക്കിയത്.
എന്നാൽ പരിശോധനാ ഫലങ്ങളുടെ വിശ്വാസ്യതയെച്ചൊല്ലി കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള തർക്കം തുടരുകയാണ്. പെട്രോളിലെ എഥനോളിന്റെ യഥാർഥ അളവ് സംബന്ധിച്ച തർക്കത്തിന് സ്വതന്ത്ര പരിശോധനാ സംവിധാനം പരിഹാരമാകുമോയെന്നാണ് ഇനി അറിയേണ്ടത്.
