ദുബായ്: സാധാരണക്കാർക്ക് പണം വാഗ്ദാനം ചെയ്ത് അവരുടെ പേരിൽ ബാങ്ക് അക്കൗണ്ടുകളും ഡിജിറ്റൽ വാലറ്റുകളും തുടങ്ങിപ്പിച്ച് നിക്ഷേപ തട്ടിപ്പ് നടത്തിയിരുന്ന സംഘത്തെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം കൈമാറാനും സാമ്പത്തിക ഇടപാടുകളുടെ ഉറവിടം മറച്ചുവെക്കാനുമാണ് സംഘം മറ്റുള്ളവരുടെ അക്കൗണ്ടുകൾ ഉപയോഗിച്ചിരുന്നത്.
സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിനായി ദുബായ് പൊലീസ് നടത്തിവരുന്ന പരിശോധനകൾക്കിടെയാണ് സംഘം പിടിയിലായത്. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ ലക്ഷ്യമിട്ടായിരുന്നു തട്ടിപ്പുകാരുടെ പ്രവർത്തനം. ചെറിയ തുക പ്രതിഫലമായി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഇവരെക്കൊണ്ട് പുതിയ ബാങ്ക് അക്കൗണ്ടുകളും ഡിജിറ്റൽ വാലറ്റുകളും തുറപ്പിക്കുകയായിരുന്നു രീതി.
അക്കൗണ്ടുകൾ തുറന്നുകഴിഞ്ഞാൽ ലോഗിൻ വിവരങ്ങളും പാസ്വേഡുകളും ഉൾപ്പെടെയുള്ള രഹസ്യവിവരങ്ങൾ തട്ടിപ്പുകാർ കൈക്കലാക്കും. ഇതോടെ അക്കൗണ്ടുകളുടെ പൂർണ നിയന്ത്രണം ഇവരുടെ കൈകളിലാകും. പിന്നീട് നിക്ഷേപ തട്ടിപ്പിലൂടെ ലഭിക്കുന്ന പണം കൈമാറാനും വിവിധ സാമ്പത്തിക ഇടപാടുകൾ നടത്താനും ഈ അക്കൗണ്ടുകൾ ഉപയോഗിക്കും.
തട്ടിപ്പുകാരുടെ യഥാർഥ വിവരങ്ങളും സാമ്പത്തിക ഇടപാടുകളുടെ ഉറവിടവും അന്വേഷണ ഏജൻസികൾക്ക് കണ്ടെത്താൻ കഴിയാതിരിക്കാനാണ് മറ്റുള്ളവരുടെ പേരിലുള്ള അക്കൗണ്ടുകൾ ഉപയോഗിച്ചിരുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനും നിരീക്ഷണത്തിനും പിന്നാലെയാണ് പൊലീസ് സംഘത്തെ പിടികൂടിയത്.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൈമാറരുത്; മുന്നറിയിപ്പുമായി പൊലീസ്
സ്വന്തം പേരിലുള്ള ബാങ്ക് അക്കൗണ്ടുകളോ ഡിജിറ്റൽ വാലറ്റുകളോ മറ്റുള്ളവർക്ക് ഉപയോഗിക്കാൻ നൽകുന്നതിനെതിരെ ദുബായ് പൊലീസ് മുന്നറിയിപ്പ് നൽകി. പണത്തിന് വേണ്ടിയോ മറ്റ് ആനുകൂല്യങ്ങൾക്കായോ ബാങ്ക് അക്കൗണ്ട് വിവരങ്ങളും പാസ്വേഡുകളും കൈമാറുന്നത് ഗുരുതരമായ നിയമപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് പൊലീസ് വ്യക്തമാക്കി.
ഇത്തരം അക്കൗണ്ടുകൾ വഴി കള്ളപ്പണം വെളുപ്പിക്കലോ സാമ്പത്തിക തട്ടിപ്പുകളോ നടന്നാൽ അക്കൗണ്ട് ഉടമകൾക്കും നിയമനടപടികൾ നേരിടേണ്ടിവരാം. അതിനാൽ എളുപ്പത്തിൽ പണം സമ്പാദിക്കാമെന്ന വാഗ്ദാനങ്ങളിൽ വിശ്വസിച്ച് ബാങ്ക് വിവരങ്ങൾ മറ്റുള്ളവർക്ക് കൈമാറരുതെന്നും അധികൃതർ നിർദേശിച്ചു.
സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളെക്കുറിച്ചോ ബാങ്ക് വിവരങ്ങൾ ആവശ്യപ്പെട്ടുള്ള വാഗ്ദാനങ്ങളെക്കുറിച്ചോ വിവരം ലഭിച്ചാൽ ഉടൻ പൊലീസിനെ അറിയിക്കണം. ദുബായ് പൊലീസിന്റെ ‘പൊലീസ് ഐ’ (Police Eye) സേവനം, ഇ-ക്രൈം പ്ലാറ്റ്ഫോം, ഔദ്യോഗിക വെബ്സൈറ്റ്, സ്മാർട്ട് ആപ്പ് എന്നിവയിലൂടെ പരാതി നൽകാം. അടിയന്തരമല്ലാത്ത പരാതികൾക്കും വിവരങ്ങൾ കൈമാറുന്നതിനും 901 എന്ന നമ്പറിലും ബന്ധപ്പെടാം.
ബാങ്ക് അക്കൗണ്ട് മറ്റൊരാൾക്ക് ഉപയോഗിക്കാൻ നൽകുന്നത് ചെറിയൊരു സാമ്പത്തിക നേട്ടമായി തോന്നാമെങ്കിലും, അതുവഴി നടക്കുന്ന കുറ്റകൃത്യങ്ങളുടെ നിയമപരമായ പ്രത്യാഘാതങ്ങൾ അക്കൗണ്ട് ഉടമയെയും ബാധിക്കാമെന്നതാണ് പൊലീസ് നൽകുന്ന പ്രധാന മുന്നറിയിപ്പ്.
