വാഷിങ്ടണ്‍: മുസ്ലിം ബ്രദര്‍ഹുഡ് കമ്യൂണിസത്തേക്കാള്‍ അപകടകാരിയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നിലവിലെ സാഹചര്യത്തില്‍ കമ്യൂണിസത്തേക്കാള്‍ വലിയ ഭീഷണി ഉയര്‍ത്തുന്നത് മുസ്ലിം ബ്രദര്‍ഹുഡ് ആണെന്നാണ് തന്റെ വിലയിരുത്തലെന്നും സംഘടനയെ എത്രയും വേഗം നിര്‍വീര്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു. റേഡിയോ അവതാരകന് ഹ്യൂ ഹെവിറ്റിന് നല്കിയ അഭിമുഖത്തിലാണ് ട്രംപിന്റെ ഈ വിവാദ പരാമര്‍ശം.
കമ്യൂണിസമാണോ മുസ്ലിം ബ്രദര്ഹുഡാണോ കൂടുതല്‍ അപകടകരമെന്ന ചോദ്യത്തിന്, രണ്ടും വലിയ ഭീഷണിയാണെന്നായിരുന്നു ട്രംപിന്റെ ആദ്യ പ്രതികരണം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ മുസ്ലിം ബ്രദര്‍ഹുഡാണ് കൂടുതല്‍ അപകടകരമെന്ന് താന്‍ കരുതുന്നതായി അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംഘടനയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടില്‍ വലിയ മാറ്റമുണ്ടായതായും, ഇവരുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും അവസാനിപ്പിക്കേണ്ടതുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. സംഘടനയുടെ കൈവശം മിസൈലുകളുണ്ടെന്ന ഗുരുതരമായ അവകാശവാദവും അഭിമുഖത്തില്‍ അദ്ദേഹം ഉന്നയിച്ചു.
മുസ്ലിം ബ്രദര്‍ഹുഡിനെതിരായ ട്രംപ് ഭരണകൂടത്തിന്റെ നടപടികള്‍ ശക്തമാകുന്നതിനിടെയാണ് പ്രസിഡന്റിന്റെ പുതിയ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്. ഈ വര്‍ഷം ജനുവരിയില്‍ സംഘടനയുടെ ലെബനാന്, ഈജിപ്ത്, ജോര്‍ദാന്‍ ഘടകങ്ങളെ ഭീകരസംഘടനകളായി പ്രഖ്യാപിക്കാന്‍ അമേരിക്ക നടപടി സ്വീകരിച്ചിരുന്നു. ഹമാസിന് സഹായം നല്‍കിയെന്നായിരുന്നു ജോര്‍ദാന്‍ ഘടകത്തിനെതിരെ അമേരിക്ക ഉന്നയിച്ച പ്രധാന ആരോപണം.

കഴിഞ്ഞ മേയില്‍ വൈറ്റ് ഹൗസ് പുറത്തിറക്കിയ 2026-ലെ ഭീകരവിരുദ്ധ തന്ത്രരേഖയിലും മുസ്ലിം ബ്രദര്‍ഹുഡിനെതിരെ രൂക്ഷമായ പരാമര്‍ശങ്ങളുണ്ടായിരുന്നു. ആധുനിക ഇസ്ലാമിക ഭീകരവാദത്തിന്റെ വേരായാണ് രേഖയില്‍ സംഘടനയെ വിശേഷിപ്പിച്ചിരുന്നത്. അമേരിക്കയിലെ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍ ടെഡ് ക്രൂസും നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ഫെഡറല്‍ സര്‍ക്കാരിന് പുറമെ അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളും മുസ്ലിം ബ്രദര്‍ഹുഡിനെതിരെ രംഗത്തുവന്നിട്ടുണ്ട്. സംഘടനയെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് സ്വതന്ത്ര തീരുമാനമെടുത്ത ആദ്യ സ്റ്റേറ്റ് ടെക്സസാണ്. പിന്നാലെ ഫ്ലോറിഡയും സമാനമായ നിലപാട് സ്വീകരിച്ചു. മുസ്ലിം ബ്രദര്‍ഹുഡിനൊപ്പം കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍സിനെയും ഭീകരസംഘടനയായി പ്രഖ്യാപിക്കുന്ന നടപടിയാണ് ഫ്ലോറിഡ സ്വീകരിച്ചത്.
