വാഷിങ്ടൺ: ഇറാനെതിരായ പുതിയ സൈനിക നീക്കങ്ങൾക്ക് അമേരിക്കയുടെ പിന്തുണ ഉറപ്പാക്കാൻ ബെഞ്ചമിൻ നെതന്യാഹു ശ്രമിക്കുന്നതിനിടെ, മൊസാദ് മേധാവി റോമൻ ഗോഫ്മാൻ അടിയന്തരമായി അമേരിക്കയിലെത്തി. അതേസമയം, ഇസ്രയേലിൽ പുതിയ സർക്കാർ രൂപീകരണത്തിന് ശ്രമിക്കുന്ന മുൻ സൈനിക മേധാവി ഗാദി ഐസൻകോട്ട്, നെതന്യാഹുവിന്റെ നീക്കങ്ങൾ തടയാൻ രംഗത്തെത്തിയതായാണ് റിപ്പോർട്ടുകൾ.
അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എ. ഡയറക്ടർ ജോൺ റാറ്റ്ക്ലിഫുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും ഗോഫ്മാൻ ഇറാനുമായി ബന്ധപ്പെട്ട സുരക്ഷാ സാഹചര്യങ്ങൾ ചർച്ച ചെയ്തതായി റിപ്പോർട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫുമായി കൂടിക്കാഴ്ച നടത്താൻ അദ്ദേഹം മയാമിയിലേക്ക് പോകുമെന്നും ‘ആക്സിയോസ്’ റിപ്പോർട്ട് ചെയ്തു. എന്നാൽ, സന്ദർശനത്തെക്കുറിച്ച് മൊസാദോ വൈറ്റ് ഹൗസോ സി.ഐ.എ.യോ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
ഇറാനുമായി പുതിയൊരു സൈനിക ഏറ്റുമുട്ടലിലേക്ക് കടക്കാൻ താത്പര്യമില്ലാത്ത ട്രംപിനെ യുദ്ധനീക്കത്തിൽ പങ്കാളിയാക്കുകയാണ് നെതന്യാഹുവിന്റെ ലക്ഷ്യമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം, നെതന്യാഹുവുമായി കൂടിയാലോചിക്കാതെ ഇറാനുമായി നയതന്ത്ര ധാരണയിലെത്താനാണ് ട്രംപ് ശ്രമിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ഇതോടെ ഇസ്രയേലിന്റെ സൈനിക താത്പര്യങ്ങളും അമേരിക്കയുടെ നയതന്ത്ര നീക്കങ്ങളും തമ്മിൽ ഭിന്നത രൂക്ഷമാകാനുള്ള സാഹചര്യമാണുള്ളത്.
രാഷ്ട്രീയ പ്രതിസന്ധിക്കിടെ യുദ്ധനീക്കം
ഇസ്രയേലിലെ ആഭ്യന്തര രാഷ്ട്രീയ പ്രതിസന്ധിക്കിടയിലാണ് നെതന്യാഹുവിന്റെ പുതിയ നീക്കങ്ങൾ. പാർലമെന്റിലെ നിർണായക സ്ഥാനങ്ങളും സമിതികളിലെ സ്വാധീനവും നഷ്ടമായ സാഹചര്യത്തിൽ, ഇറാനെതിരായ യുദ്ധം രാഷ്ട്രീയ പിന്തുണ തിരിച്ചുപിടിക്കാനുള്ള മാർഗമായി നെതന്യാഹു കാണുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷണങ്ങൾ.
യുദ്ധസാഹചര്യം രൂപപ്പെട്ടാൽ പ്രതിപക്ഷ നേതാക്കൾ പോലും ദേശീയ സുരക്ഷയുടെ പേരിൽ സർക്കാരിനൊപ്പം നിൽക്കേണ്ടിവരുമെന്ന കണക്കുകൂട്ടലാണ് നെതന്യാഹുവിനുള്ളതെന്നാണ് റിപ്പോർട്ടുകൾ.

നെതന്യാഹുവിനെതിരെ ഐസൻകോട്ട്
പുതിയ സർക്കാർ രൂപീകരണത്തിന് നേതൃത്വം നൽകുന്ന യാഷാർ പാർട്ടി നേതാവ് ഗാദി ഐസൻകോട്ടിന് മുന്നിലുള്ള പ്രധാന വെല്ലുവിളി രാജ്യത്ത് രാഷ്ട്രീയ സ്ഥിരത ഉറപ്പാക്കുന്നതിനൊപ്പം നെതന്യാഹുവിന്റെ ഏകപക്ഷീയമായ സൈനിക നീക്കങ്ങൾ നിയന്ത്രിക്കുകയെന്നതാണ്.
ഇറാനുമായി ബന്ധപ്പെട്ട സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ച് വിശദമായ ബ്രീഫിങ് ആവശ്യപ്പെട്ട് ഐസൻകോട്ട് പ്രധാനമന്ത്രിയുടെ ഓഫീസിനെ സമീപിച്ചെങ്കിലും ആദ്യം പ്രതികരണമുണ്ടായില്ലെന്നാണ് റിപ്പോർട്ട്. തുടർന്ന് അറ്റോർണി ജനറലിനെ സമീപിച്ച അദ്ദേഹം, സുരക്ഷാ വിവരങ്ങൾ കൈമാറാൻ പ്രധാനമന്ത്രിക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടു.
ഇതിനുപിന്നാലെയാണ് നെതന്യാഹുവും സൈനിക സെക്രട്ടറി ഗൈ മാർക്കിസാനോയും ഐസൻകോട്ടുമായി ചർച്ച നടത്തിയത്. എന്നാൽ, മൊസാദ് മേധാവിയുടെ അമേരിക്കൻ സന്ദർശനത്തെക്കുറിച്ചുള്ള വിവരം ഈ കൂടിക്കാഴ്ചയിൽ ഐസൻകോട്ടിനെ അറിയിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ.
പുതിയ സർക്കാർ അധികാരമേൽക്കുന്നതുവരെ ഇത്തരം നിർണായക സൈനിക-നയതന്ത്ര നീക്കങ്ങളിൽ നിന്ന് നെതന്യാഹു വിട്ടുനിൽക്കണമെന്ന് ഐസൻകോട്ട് ആവശ്യപ്പെട്ടു. ദേശീയ സുരക്ഷാ ഏജൻസികളുടെ മേധാവികളെ ഭരണഘടനാ പ്രതിസന്ധിയിലേക്ക് തള്ളിവിടരുതെന്നും അദ്ദേഹം പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി.
എന്നാൽ, ഐസൻകോട്ടിന്റെ കത്ത് ദേശീയ സുരക്ഷാ വിഷയങ്ങളെ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമമാണെന്നാണ് നെതന്യാഹുവിന്റെ പ്രതികരണം.
സൈനിക നേതൃത്വത്തിലും ഭിന്നത
നെതന്യാഹുവിന്റെ ഇറാൻ നയത്തിനെതിരെ ഇസ്രയേൽ സൈനിക നേതൃത്വത്തിലും എതിർപ്പുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഐ.ഡി.എഫ്. മേധാവി ഇയാൽ സമീറും പ്രധാനമന്ത്രിയും തമ്മിൽ സൈനിക നീക്കങ്ങളെച്ചൊല്ലി അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നതായാണ് സൂചന.
ഇറാനെതിരായ പുതിയ സൈനിക നീക്കത്തിൽ അമേരിക്കയുടെ നിലപാട്, ഇസ്രയേലിലെ അധികാരമാറ്റം, സൈനിക നേതൃത്വത്തിന്റെ സമീപനം എന്നിവ നിർണായകമാകും. പശ്ചിമേഷ്യയിൽ മറ്റൊരു വലിയ സംഘർഷത്തിന് വഴിയൊരുക്കുമോ എന്ന ആശങ്കയ്ക്കിടയിലാണ് വാഷിങ്ടണിലെ നയതന്ത്ര ചർച്ചകളും ഇസ്രയേലിലെ രാഷ്ട്രീയ നീക്കങ്ങളും ശ്രദ്ധാകേന്ദ്രമാകുന്നത്.
