വൻകൂവർ: കനത്ത മഴയും ശക്തമായ കാറ്റും തുടരുന്ന ബ്രിട്ടീഷ് കൊളംബിയയുടെ ദക്ഷിണ തീരദേശ മേഖലയിൽ വീണ്ടും മഴ മുന്നറിയിപ്പ്. ശനിയാഴ്ച പുതിയ ന്യൂനമർദം മേഖലയിലേക്ക് എത്തുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ (ECCC) അറിയിപ്പിനെത്തുടർന്ന് വിവിധ പ്രദേശങ്ങളിൽ യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു.
കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ കൊടുങ്കാറ്റിലും വെള്ളപ്പൊക്കത്തിലും നിന്ന് പ്രദേശം സാധാരണ നിലയിലേക്ക് മടങ്ങുന്നതിനിടെയാണ് വീണ്ടും മഴ ശക്തമാകുന്നത്. സ്ക്വാമിഷ് മുതൽ വിസ്ലർ വരെയുള്ള സീ ടു സ്കൈ ഇടനാഴിയിലും പെംബർട്ടൺ വാലിയിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. നദികളിലെ ജലനിരപ്പ് ഉയരാനും വെള്ളപ്പൊക്ക ഭീഷണിയ്ക്കും സാധ്യതയുള്ളതിനാൽ അധികൃതർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
വെള്ളപ്പൊക്കത്തെത്തുടർന്ന് അടച്ചിട്ടിരുന്ന ഹൈവേ 99 ശനിയാഴ്ച രാത്രിയോടെ ഗതാഗതത്തിനായി തുറന്നുകൊടുത്തു. എന്നാൽ സ്ക്വാമിഷ് റിവർ റോഡിൽ നിയന്ത്രണങ്ങൾ തുടരുകയാണ്.
ഞായറാഴ്ചയോടെ സീ ടു സ്കൈ മേഖലയിൽ 40 മുതൽ 70 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. നേരത്തെയുണ്ടായ മഴയിൽ മണ്ണ് പൂർണമായി നനഞ്ഞതിനാൽ കൂടുതൽ വെള്ളം ആഗിരണം ചെയ്യാനുള്ള ശേഷി കുറഞ്ഞിട്ടുണ്ട്. ഇത് വെള്ളപ്പൊക്ക സാധ്യത വർധിപ്പിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
വാരാന്ത്യത്തിലും മഴ തുടരാൻ സാധ്യതയുള്ളതിനാൽ നദീതീരങ്ങളിൽ നിന്ന് ജനങ്ങൾ അകന്നുനിൽക്കണമെന്ന് സ്ക്വാമിഷ് മേയർ ഷോൺ ഈസ്റ്റൺ അഭ്യർഥിച്ചു. കുട്ടികളുടെയും വളർത്തുമൃഗങ്ങളുടെയും സുരക്ഷയിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും അദ്ദേഹം നിർദേശിച്ചു.
അതിനിടെ, വ്യാഴാഴ്ച കനത്ത മഴയ്ക്കിടെ സ്ക്വാമിഷ് നദിയിലുണ്ടായ ബോട്ടപകടത്തിൽ മൂന്ന് പേർ മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

വൻകൂവർ ദ്വീപിന്റെ വടക്കൻ, പടിഞ്ഞാറൻ മേഖലകളിലും ഉൾപ്രദേശങ്ങളിലും കനത്ത മഴ മുന്നറിയിപ്പ് നിലവിലുണ്ട്. ടൊഫിനോയിലും തെക്കൻ മേഖലകളിലും 120 മില്ലിമീറ്റർ വരെയും സെബല്ലോസ്, ഗോൾഡ് റിവർ, പോർട്ട് ആലീസ് എന്നിവിടങ്ങളിൽ 150 മില്ലിമീറ്റർ വരെയും മഴ ലഭിക്കാനാണ് സാധ്യത. കഴിഞ്ഞ ആഴ്ചയുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് സെബല്ലോസിലെ നിരവധി വീടുകളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു.
മെട്രോ വൻകൂവർ, ഗ്രേറ്റർ വിക്ടോറിയ, സാനിച്ച് ഇൻലെറ്റ്, ജോർജിയ കടലിടുക്ക് എന്നിവിടങ്ങളിലും ഞായറാഴ്ച വരെ തീരദേശ വെള്ളപ്പൊക്കത്തിനും കടലാക്രമണത്തിനും സാധ്യതയുണ്ട്. ശക്തമായ കാറ്റും ഉയർന്ന തിരമാലകളും കാരണം വേലിയേറ്റ സമയത്ത് കടൽനിരപ്പ് സാധാരണയിലും ഉയരാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
നാനൈമോ മുതൽ ഷോണിഗൻ തടാകം വരെയുള്ള കിഴക്കൻ തീരപ്രദേശങ്ങൾ ഒഴികെ വൻകൂവർ ദ്വീപിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ശക്തമായ കാറ്റിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സതേൺ ഗൾഫ് ദ്വീപുകൾ, സൺഷൈൻ കോസ്റ്റ്, ഹൈഡ ഗ്വായ് എന്നിവിടങ്ങളിലും കാറ്റ് ശക്തമാകാൻ സാധ്യതയുണ്ട്.
കനത്ത മഴയും കാറ്റും വെള്ളപ്പൊക്ക ഭീഷണിയും ഒരേസമയം തുടരുന്നതിനാൽ ബ്രിട്ടീഷ് കൊളംബിയയിലെ തീരദേശ മേഖലകളിൽ അധികൃതർ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.
