Sunday, November 15, 2026

ലഡാക്കിലെ തിരഞ്ഞെടുപ്പിനെതിരായ പ്രതിഷേധം: സോനം വാങ്ചുക്കിന് 60 ദിവസത്തെ വീട്ടുതടങ്കൽ

ശ്രീനഗർ: ലഡാക്കിലെ കാലാവസ്ഥാ പ്രവർത്തകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിനെ 60 ദിവസത്തേക്ക് വീട്ടുതടങ്കലിലാക്കി. ലേ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. പൊതുയോഗങ്ങളിലും റാലികളിലും പങ്കെടുക്കുന്നതിനും വാങ്ചുക്കിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

ഡിസംബർ നാലിന് ലഡാക്കിലെ സ്വയംഭരണ ഹിൽ ഡെവലപ്‌മെന്റ് കൗൺസിലുകളിലേക്ക് തിരഞ്ഞെടുപ്പ് നടത്താനുള്ള ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ വിവിധ സംഘടനകൾ പ്രതിഷേധം തുടരുന്നതിനിടെയാണ് നടപടി. പ്രതിഷേധ സ്ഥലത്തുനിന്ന് പൊലീസ് വാങ്ചുക്കിനെ മാറ്റിയതിന് പിന്നാലെയാണ് വീട്ടുതടങ്കൽ ഉത്തരവ് പുറത്തിറങ്ങിയത്.

ലേ പൊലീസ് മേധാവിയുടെ കത്തും റിപ്പോർട്ടും പരിഗണിച്ചാണ് നടപടിയെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ (ബിഎൻഎസ്എസ്) 163-ാം വകുപ്പ് പ്രകാരമാണ് മജിസ്ട്രേറ്റ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഉത്തരവ് ഉടൻ പ്രാബല്യത്തിൽ വരുമെന്നും 60 ദിവസം തുടരുമെന്നും അധികൃതർ അറിയിച്ചു.

അതേസമയം, ഉത്തരവ് ഔദ്യോഗികമായി പുറത്തുവരുന്നതിന് മണിക്കൂറുകൾക്ക് മുമ്പുതന്നെ താൻ വീട്ടുതടങ്കലിലാണെന്ന് വാങ്ചുക്ക് ആരോപിച്ചിരുന്നു. വീടിന് ചുറ്റും നിരവധി പൊലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്നും പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണെന്നും അദ്ദേഹം എക്‌സിലൂടെ വ്യക്തമാക്കി. സർക്കാർ വീട്ടിൽ തുടരാൻ നിർദേശിച്ചുവെന്നാണ് പറയുന്നതെങ്കിലും ഇത് യഥാർഥത്തിൽ വീട്ടുതടങ്കലാണെന്നാണ് വാങ്ചുക്കിന്റെ ആരോപണം.

കഴിഞ്ഞ വർഷം ലേയിൽ നടന്ന കൊലപാതകങ്ങളെക്കുറിച്ചുള്ള ജുഡീഷ്യൽ അന്വേഷണ കമ്മിഷന്റെ റിപ്പോർട്ട് വൈകുന്നതും ശൈത്യകാലത്ത് തിടുക്കത്തിൽ കൗൺസിൽ തിരഞ്ഞെടുപ്പ് നടത്തുന്നതും ചോദ്യം ചെയ്തതാണ് നടപടിക്ക് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. ലഡാക്ക് മുഴുവൻ പ്രതിഷേധത്തിലാണെന്നും തന്റെ എക്‌സ്, ഇൻസ്റ്റഗ്രാം, യൂട്യൂബ് അക്കൗണ്ടുകളുടെ റീച്ച് ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നും വാങ്ചുക്ക് പറഞ്ഞു.

2019-ൽ ലഡാക്കിനെ പ്രത്യേക കേന്ദ്രഭരണ പ്രദേശമാക്കിയതിന് ശേഷമുള്ള നിർണായക തിരഞ്ഞെടുപ്പിനാണ് ഇപ്പോൾ ഒരുക്കങ്ങൾ നടക്കുന്നത്. എട്ട് സ്വയംഭരണ ഹിൽ ഡെവലപ്‌മെന്റ് കൗൺസിലുകളിലായി 100 മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്. ഇതിൽ 36 സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്തിട്ടുണ്ട്. നവംബർ 17 ആണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. നവംബർ 18-ന് സൂക്ഷ്മപരിശോധനയും നവംബർ 20 വരെ പത്രിക പിൻവലിക്കാനുള്ള അവസരവും അനുവദിച്ചിട്ടുണ്ട്. ഡിസംബർ എട്ടോടെ തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കാനാണ് ഭരണകൂടത്തിന്റെ ലക്ഷ്യം.

ലഡാക്കിന് സംസ്ഥാന പദവി നൽകുക, ഭരണഘടനയുടെ ആറാം പട്ടികയിൽ ഉൾപ്പെടുത്തി പ്രത്യേക പരിരക്ഷ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ലേ, കാർഗിൽ മേഖലകളിൽ ദീർഘകാലമായി പ്രക്ഷോഭം നടക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് ശൈത്യകാലത്തേക്ക് മാറ്റിയതിലും മണ്ഡല പുനർനിർണയത്തിലും വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക സംഘടനകൾ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്നാണ് ഇവരുടെ ആവശ്യം.

എന്നാൽ ശൈത്യകാലത്ത് തിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തെ ലഡാക്ക് ചീഫ് സെക്രട്ടറി ആശിഷ് കുന്ദ്ര ന്യായീകരിച്ചു. കാലാവസ്ഥ വോട്ടെടുപ്പിനെ ബാധിക്കാതിരിക്കാൻ പോളിങ് ബൂത്തുകളിൽ ഹീറ്ററുകൾ സ്ഥാപിക്കുമെന്നും പ്രായമായവർക്ക് പ്രത്യേക ക്യൂ ഏർപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ ജില്ലാ ഡെപ്യൂട്ടി കമ്മിഷണർമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കി.

ഡിസംബർ 15-16 വരെ ലഡാക്കിലെ സ്കൂളുകൾ സാധാരണയായി പ്രവർത്തിക്കാറുണ്ടെന്നും കുട്ടികൾക്ക് ഈ കാലയളവിൽ സ്കൂളിലെത്താൻ കഴിയുമെങ്കിൽ മുതിർന്നവർക്കും വോട്ട് ചെയ്യാൻ സാധിക്കുമെന്നുമാണ് കുന്ദ്രയുടെ വാദം. പുതിയ കൗൺസിലുകളുടെ രൂപീകരണം ഇനിയും വൈകിക്കാനാകില്ലെന്നും അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് തയ്യാറാക്കാൻ തിരഞ്ഞെടുക്കപ്പെടുന്ന കൗൺസിലുകൾക്ക് ജനുവരി മുതൽ മാർച്ച് വരെ സമയം ലഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിനിടെ, തിരഞ്ഞെടുപ്പ് സമയക്രമത്തിനെതിരെ കാർഗിലിൽ ചൊവ്വാഴ്ച ഹർത്താൽ ആചരിച്ചു. പഞ്ചായത്ത്, മുനിസിപ്പൽ തിരഞ്ഞെടുപ്പുകൾ ബഹിഷ്‌കരിക്കുമെന്ന് ലേയിലെ ലഡാക്ക് ബുദ്ധിസ്റ്റ് അസോസിയേഷനും പ്രഖ്യാപിച്ചിട്ടുണ്ട്.

താഴെത്തട്ടിലുള്ള ജനാധിപത്യ സംവിധാനം ശക്തിപ്പെടുത്തുന്നതിനും പുതുതായി രൂപീകരിച്ച ജില്ലകളിൽ തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതികൾക്ക് പ്രവർത്തനം ആരംഭിക്കുന്നതിനും സമയബന്ധിതമായി തിരഞ്ഞെടുപ്പ് നടത്തേണ്ടത് അനിവാര്യമാണെന്നാണ് ഭരണകൂടത്തിന്റെ നിലപാട്. എന്നാൽ കടുത്ത ശൈത്യകാലത്തെ തിരഞ്ഞെടുപ്പും വാങ്ചുക്കിനെതിരായ നടപടിയും ലഡാക്കിലെ രാഷ്ട്രീയ സാഹചര്യം കൂടുതൽ സംഘർഷഭരിതമാക്കുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!