ലണ്ടൻ: ഐപിഎൽ മുൻ ചെയർമാനും സ്ഥാപകരിലൊരാളുമായ ലളിത് മോദിക്ക് ബ്രിട്ടീഷ് പൗരത്വം ലഭിച്ചു. ഇന്ത്യ വിട്ട് യുകെയിൽ താമസം തുടങ്ങിയിട്ട് 16 വർഷത്തോളമായതിന് പിന്നാലെയാണ് പുതിയ പൗരത്വം ലഭിച്ച വിവരം അദ്ദേഹം പരസ്യപ്പെടുത്തിയത്. സെപ്റ്റംബർ 15ന് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ചതെന്ന് ലളിത് മോദി വ്യക്തമാക്കി.

നവംബർ 14ന് ഓക്സ്ഫഡ് യൂണിയനിൽ നടത്തിയ പ്രസംഗത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ബ്രിട്ടീഷ് പൗരനാകാൻ കഴിഞ്ഞത് അഭിമാനകരമായ നിമിഷമാണെന്നും പുതിയൊരു അധ്യായത്തിന്റെ തുടക്കമാണിതെന്നും അദ്ദേഹം സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. വർഷങ്ങളായി യുകെയാണ് തന്റെ വീടെന്നും രാജ്യത്തിന്റെ ജനങ്ങളെയും സ്ഥാപനങ്ങളെയും പാരമ്പര്യങ്ങളെയും മൂല്യങ്ങളെയും ഏറെ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ബ്രിട്ടീഷ് പൗരത്വം അഭിമാനത്തോടെയും നന്ദിയോടെയും സ്വീകരിക്കുന്ന ഉത്തരവാദിത്തമാണെന്നും യുകെയ്ക്ക് ക്രിയാത്മകമായി സംഭാവന നൽകാൻ ആഗ്രഹിക്കുന്നുവെന്നും ലളിത് മോദി പറഞ്ഞു. ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് പ്രഖ്യാപനം നടത്തിയതെന്നും കുറിപ്പിന്റെ അവസാനം ‘ഗോഡ് സേവ് ദ കിങ്’ എന്നും അദ്ദേഹം കുറിച്ചു.
2008ൽ ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിക്കുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് ലളിത് മോദി. ഐപിഎല്ലിന്റെ ആദ്യ ചെയർമാനും കമ്മീഷണറുമായി പ്രവർത്തിച്ച അദ്ദേഹം ടൂർണമെന്റിനെ ആഗോള ക്രിക്കറ്റ് വേദിയിൽ ശ്രദ്ധേയമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.
എന്നാൽ 2010ൽ ഐപിഎല്ലുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളും ഭരണപരമായ വീഴ്ചകളും ആരോപിച്ച് ബിസിസിഐ അദ്ദേഹത്തെ സസ്പെൻഡ് ചെയ്തു. തുടർന്ന് ഇന്ത്യ വിട്ട് ലണ്ടനിൽ താമസമാക്കി. 2013ൽ ബിസിസിഐ അച്ചടക്ക നടപടികളുടെ ഭാഗമായി അദ്ദേഹത്തിന് ആജീവനാന്ത വിലക്കും ഏർപ്പെടുത്തി. ആരോപണങ്ങളുമായി ബന്ധപ്പെട്ട വിവിധ നിയമനടപടികളും അന്വേഷണങ്ങളും പിന്നീട് തുടർന്നു.
2025ൽ പസഫിക് ദ്വീപ് രാജ്യമായ വാനുവാട്ടുവിന്റെ പൗരത്വം നേടിയതുമായി ബന്ധപ്പെട്ടും ലളിത് മോദി വാർത്തകളിൽ ഇടംപിടിച്ചിരുന്നു. പിന്നീട് വാനുവാട്ടു അധികൃതർ അദ്ദേഹത്തിന്റെ പൗരത്വം റദ്ദാക്കാനുള്ള നടപടികൾ ആരംഭിച്ചതായി റിപ്പോർട്ടുകളുണ്ടായി. ഈ പശ്ചാത്തലത്തിലാണ് ഇപ്പോൾ ബ്രിട്ടീഷ് പൗരത്വം ലഭിച്ച വിവരം പുറത്തുവന്നിരിക്കുന്നത്.
ഇന്ത്യയിൽ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട ആരോപണങ്ങളും നിയമനടപടികളും നിലനിൽക്കുന്ന സാഹചര്യത്തിൽ ലളിത് മോദിയുടെ പുതിയ പൗരത്വ പ്രഖ്യാപനം വീണ്ടും ശ്രദ്ധ നേടുകയാണ്.
