പെറു: ദക്ഷിണ അമേരിക്കൻ പര്യടനത്തിന്റെ ഭാഗമായി പെറുവിലെത്തിയ പോപ്പ് ലിയോ പതിനാലാമൻ ആമസോൺ വനമേഖലയിലെ ചൂഷണങ്ങൾക്കെതിരെ ശക്തമായ നിലപാടുമായി രംഗത്ത്. ലോകത്തിലെ ഏറ്റവും വലിയ മഴക്കാടായ ആമസോണിൽ സ്വർണഖനനവും എണ്ണ ഉൽപ്പാദനവും മൂലമുണ്ടാകുന്ന വനനശീകരണത്തിനും പരിസ്ഥിതി മലിനീകരണത്തിനുമെതിരെ കത്തോലിക്കാ വിശ്വാസികൾ നിരന്തരമായി പോരാടണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

വനനശീകരണത്തിനെതിരെ പ്രതിഷേധിക്കുന്ന തദ്ദേശീയ ഗോത്രവിഭാഗങ്ങളുടെ നേതാക്കൾ കൊല്ലപ്പെടുന്ന സംഭവങ്ങളിലും പോപ്പ് ആശങ്ക രേഖപ്പെടുത്തി. സ്വന്തം ഭൂമിയും പ്രദേശങ്ങളും സംരക്ഷിക്കാൻ ശ്രമിച്ച നിരവധി തദ്ദേശീയ നേതാക്കൾ കൊലചെയ്യപ്പെട്ടിട്ടുണ്ടെന്നും ഇത്തരം സംഭവങ്ങളിൽ നീതി ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദക്ഷിണ അമേരിക്കൻ പര്യടനത്തിന്റെ അവസാനഘട്ടത്തിൽ നവംബർ 15 ഞായറാഴ്ചയാണ് പോപ്പ് പെറുവിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചത്. ഒരുകാലത്ത് ഇൻക സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന കുസ്കോയും ആമസോൺ മഴക്കാടുകളിലേക്കുള്ള കവാടമെന്ന് അറിയപ്പെടുന്ന പുകാൽപയുമായിരുന്നു പ്രധാന സന്ദർശനകേന്ദ്രങ്ങൾ.
12 മണിക്കൂറിനുള്ളിൽ 2,270 കിലോമീറ്റർ (1,410 മൈൽ) യാത്ര ചെയ്ത് നാല് പരിപാടികളിലാണ് പോപ്പ് പങ്കെടുത്തത്. 12 ദിവസം നീളുന്ന മൂന്ന് രാജ്യങ്ങളിലെ പര്യടനത്തിനിടെ ഏകദേശം 1.2 കോടി ആളുകളാണ് അദ്ദേഹത്തെ നേരിൽ കാണാനെത്തിയത്.
ഇൻക സാമ്രാജ്യത്തിന്റെ ചരിത്രനഗരത്തിൽ സന്ദർശനം
ദക്ഷിണ പെറുവിലെ ആൻഡീസ് പർവതനിരകളിലുള്ള കുസ്കോയാണ് പോപ്പിന്റെ പ്രധാന സന്ദർശനകേന്ദ്രങ്ങളിലൊന്ന്. ഒരുകാലത്ത് ഇൻക സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ഈ നഗരം ചരിത്രപരവും സാംസ്കാരികവുമായി ഏറെ പ്രാധാന്യമുള്ളതാണ്.
സമുദ്രനിരപ്പിൽനിന്ന് 3,700 മീറ്റർ ഉയരത്തിലുള്ള സക്സായ്വാമൻ (Saqsaywaman) പുരാവസ്തു കേന്ദ്രവും പോപ്പ് സന്ദർശിച്ചു. പുരാതന ഇൻക കോട്ടയുടെ ഭാഗമായിരുന്ന ഇവിടത്തെ കല്ലുകൾ പിന്നീട് നഗരത്തിലെ നിരവധി പള്ളികളുടെ നിർമാണത്തിനായി ഉപയോഗിച്ചിരുന്നു.
ഏകദേശം 1438 മുതൽ 1533 വരെ പടിഞ്ഞാറൻ തെക്കേ അമേരിക്കയുടെ വലിയൊരു ഭാഗം ഇൻക സാമ്രാജ്യത്തിന്റെ അധീനതയിലായിരുന്നു. സ്പാനിഷ് അധിനിവേശകരാണ് പിന്നീട് സാമ്രാജ്യത്തെ തകർത്തത്.
പോപ്പിന്റെ സന്ദർശനം പെറുവിലെ വിശ്വാസത്തിന്റെയും സംസ്കാരത്തിന്റെയും പാരമ്പര്യങ്ങളുടെയും സമ്പന്നത ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള അവസരമാണെന്ന് കുസ്കോ അതിരൂപതയുടെ വക്താവ് ഫാ. ജൂലിയോ വെലാസ്കോ പാസ് പറഞ്ഞു.
തദ്ദേശീയ ജനവിഭാഗങ്ങളുടെ ദുരിതങ്ങൾ ശ്രദ്ധയിൽപ്പെടുത്തും
ആമസോൺ മേഖലയിലെ പുകാൽപയിലാണ് പോപ്പിന്റെ മറ്റൊരു പ്രധാന സന്ദർശനം നടന്നത്. ഷിപിബോ-കൊനിബോ (Shipibo-Konibo) ഉൾപ്പെടെയുള്ള തദ്ദേശീയ ജനവിഭാഗങ്ങൾ താമസിക്കുന്ന പ്രദേശമാണിത്.
പോപ്പിന്റെ സന്ദർശനം തങ്ങളുടെ ജീവിതസാഹചര്യങ്ങളും അവകാശപ്രശ്നങ്ങളും ലോകശ്രദ്ധയിൽ കൊണ്ടുവരാൻ സഹായിക്കുമെന്നാണ് പ്രദേശവാസികളുടെ പ്രതീക്ഷ.
‘പോപ്പിന്റെ വരവ് ഞങ്ങൾക്ക് വലിയ സന്തോഷമാണ്. അതേസമയം, ഞങ്ങളുടെ ആവശ്യങ്ങളും പരാതികളും പ്രശ്നങ്ങളും ലോകത്തോട് പറയാനുള്ള വലിയ അവസരം കൂടിയാണിത്’ എന്ന് തദ്ദേശീയ മനുഷ്യാവകാശ പ്രവർത്തകൻ സെസിലിയോ സോറിയ പറഞ്ഞു.
അനധികൃത മരംമുറി, സ്വർണഖനനം, കൊക്ക കൃഷി, കാർഷിക മേഖലയിലെ വ്യാപനം തുടങ്ങിയവ ആമസോൺ മേഖലയിലെ തദ്ദേശീയ സമൂഹങ്ങളുടെ ജീവിതത്തെയും പരിസ്ഥിതിയെയും പ്രതികൂലമായി ബാധിക്കുന്നതായി വിവിധ സംഘടനകൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ശ്വാസകോശ ശസ്ത്രക്രിയയ്ക്കുശേഷമുള്ള യാത്ര
ശ്വാസകോശ അർബുദത്തെത്തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായതിന് ഏകദേശം ഒരു മാസത്തിനുശേഷമാണ് പോപ്പ് ഉയർന്ന പ്രദേശമായ കുസ്കോ സന്ദർശിച്ചത്. ഇതും സന്ദർശനത്തിന്റെ പ്രത്യേകതയായി ശ്രദ്ധിക്കപ്പെട്ടു.
ഒക്ടോബർ 13-നാണ് ശ്വാസകോശ അർബുദത്തിന്റെ സാധാരണ രൂപമായ ലംഗ് അഡിനോകാർസിനോമയെ (Lung Adenocarcinoma) തുടർന്ന് പോപ്പിന് ശസ്ത്രക്രിയ നടത്തിയത്. അർബുദം ഒരു പ്രത്യേക ഭാഗത്ത് മാത്രമായി ഒതുങ്ങിയിരുന്നുവെന്നും മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ചിരുന്നില്ലെന്നും ചികിത്സിച്ച ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു. തുടർചികിത്സ ആവശ്യമില്ലെന്നും അവർ അറിയിച്ചിരുന്നു.
ഉയർന്ന പ്രദേശങ്ങളിലേക്കുള്ള യാത്രയിൽ ഉയരവ്യത്യാസം മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാകാമെങ്കിലും പോപ്പിന് പ്രത്യേകമായ അപകടസാധ്യതയില്ലെന്നാണ് മെഡിക്കൽ വിദഗ്ധരുടെ വിലയിരുത്തൽ. ആവശ്യമായ വിശ്രമവേളകളോ അധിക ഓക്സിജനോ ഉപയോഗിക്കേണ്ടിവന്നേക്കാമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി.
ശ്വാസകോശ ശസ്ത്രക്രിയ കഴിഞ്ഞ് ഏതാനും ആഴ്ചകൾക്കുശേഷം ഉയർന്ന പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നത് അസാധാരണമല്ലെന്ന് അമേരിക്കയിലെ മയോ ക്ലിനിക്കിലെ തൊറാസിക് സർജറി പ്രൊഫസർ ഡോ. സ്റ്റീഫൻ കാസിവി അഭിപ്രായപ്പെട്ടു.
ചിക്കാഗോയിൽ ജനിച്ച പോപ്പ് ലിയോ പെറുവിൽ ഏകദേശം 20 വർഷത്തോളം മിഷനറിയായും ബിഷപ്പായും പ്രവർത്തിച്ചിട്ടുണ്ട്. അമേരിക്കൻ, പെറുവിയൻ പൗരത്വമുള്ള അദ്ദേഹം 2015 മുതൽ 2023 വരെ ചിക്ലായോ രൂപതയുടെ ബിഷപ്പായിരുന്നു.
ചിക്ലായോയിൽനിന്ന് യാത്ര ആരംഭിച്ച പോപ്പ് കുസ്കോയും പുകാൽപയും സന്ദർശിച്ചശേഷം അന്നേദിവസം ലിമയിലെത്തി. തിങ്കളാഴ്ച റോമിലേക്ക് മടങ്ങാനായിരുന്നു നിശ്ചയിച്ചിരുന്നത്
