മുംബൈ: ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും നേരെ വീണ്ടും വധഭീഷണി. ഗുണ്ടാത്തലവന് ഗോള്‍ഡി ധില്ലന്റെ പേരിലുള്ള സമൂഹമാധ്യമ പോസ്റ്റിലൂടെയാണ് ഭീഷണി സന്ദേശം പുറത്തുവന്നിരിക്കുന്നത്. സംഭവത്തെത്തുടര്‍ന്ന് മുംബൈ പൊലീസ് ബച്ചന് കുടുംബത്തിന്റെ സുരക്ഷ ശക്തമാക്കുകയും പോസ്റ്റിന്റെ ആധികാരികതയെക്കുറിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
1984-ലെ സിഖ് വിരുദ്ധ കലാപം പരാമര്‍ശിച്ചുകൊണ്ടുള്ള പോസ്റ്റില്‍, എത്ര ബുള്ളറ്റ് പ്രൂഫ് ക്യാബിനുകള്‍ നിര്‍മ്മിച്ചാലും രക്ഷപ്പെടില്ലെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മുംബൈയില്‍ ഇരുനൂറോളം കൂട്ടാളികള്‍ ആക്രമണത്തിനായി സജ്ജമാണെന്നും സന്ദേശത്തില്‍ അവകാശപ്പെടുന്നു. മുംബൈയില്‍ നിന്നും രണ്ട് ഷൂട്ടര്‍മാരെ ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഈ ഭീഷണി സന്ദേശം പ്രത്യക്ഷപ്പെട്ടത്.

വികാസ് താക്കൂര്‍, ദീപക് സിങ് എന്നീ ഷൂട്ടര്‍മാരെയാണ് ഡല്‍ഹി സ്പെഷ്യല്‍ സെല്‍ കഴിഞ്ഞ ദിവസം പിടികൂടിയത്. ബച്ചന് കുടുംബത്തിന് പുറമെ സല്മാന് ഖാന്, ആമിര്‍ ഖാന്, രണ്‍വീര്‍ സിങ്, കപില്‍ ശര്‍മ, ഗുരു രണ്‍ധാവ തുടങ്ങിയ പ്രമുഖ താരങ്ങളെയും ഈ ഗുണ്ടാസംഘം ലക്ഷ്യമിട്ടിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
അതിനിടെ, ഗുജറാത്തിലെ സബര്‍മതി ജയിലില്‍ കഴിയുന്ന ഗുണ്ടാത്തലവന് ലോറന്‍സ് ബിഷ്ണോയിയെ സന്ദര്‍ശിച്ചവരുടെ പട്ടിക ഡല്‍ഹി പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ജയിലില്‍ കിടന്നുകൊണ്ട് ബിഷ്ണോയ് ഗുണ്ടാസംഘങ്ങളെ നിയന്ത്രിക്കുന്നു എന്ന സംശയം ശക്തമായ സാഹചര്യത്തിലാണ് പൊലീസിന്റെ ഈ നീക്കം.
