ഓട്ടവ: ഒക്ടോബറിലും വാര്‍ഷിക പണപ്പെരുപ്പ നിരക്ക് 3.1 ശതമാനമായി മാറ്റമില്ലാതെ തുടരുന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ (Statistics Canada) അറിയിച്ചു. സെപ്റ്റംബറിലും സമാനമായ നിരക്കാണ് രേഖപ്പെടുത്തിയിരുന്നത്. ഗ്യാസോലിന്‍, പ്രകൃതിവാതകം, പലചരക്ക് സാധനങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവയുടെ വിലയിലുണ്ടായ വര്‍ധനയാണ് ഉപഭോക്തൃ വിലക്കയറ്റത്തിന് പ്രധാന കാരണമായത്.
മിഡില്‍ ഈസ്റ്റിലെയും യുക്രെയ്നിലെയും ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ഇന്ധനവിലയാണ് പണപ്പെരുപ്പത്തെ പ്രധാനമായും സ്വാധീനിച്ചത്. സെപ്റ്റംബറില്‍ 27.8 ശതമാനമായിരുന്ന ഗ്യാസോലിന്‍ വിലവര്‍ധന ഒക്ടോബറില്‍ 30.9 ശതമാനമായി ഉയര്‍ന്നു. 2025 ഒക്ടോബറില്‍ അസംസ്കൃത എണ്ണവില കുറവായിരുന്നതാണ് വാര്‍ഷിക കണക്കില്‍ ഇത്രയും വലിയ വര്‍ധന രേഖപ്പെടുത്താന്‍ കാരണമായത്. എന്നാല്‍, സെപ്റ്റംബറിനെ അപേക്ഷിച്ച് ഒക്ടോബറില്‍ പ്രതിമാസ ഗ്യാസോലിന്‍ വിലയില്‍ 2.5 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്.

തുടര്‍ച്ചയായ നാല് മാസത്തെ നേരിയ ആശ്വാസത്തിന് ശേഷം, ഒക്ടോബറില്‍ പലചരക്ക് സാധനങ്ങളുടെ വില വാര്‍ഷികാടിസ്ഥാനത്തില്‍ രണ്ട് ശതമാനം വര്‍ധിച്ചു. അതേസമയം, വാടക നിരക്കുകളിലെ വര്ധന് കുറഞ്ഞതും മൊബൈല്‍ ഫോണ്‍ പ്ലാനുകളുടെ നിരക്കിലുണ്ടായ ഇടിവും ഉപഭോക്താക്കള്‍ക്ക് നേരിയ ആശ്വാസം നല്കി. ഊര്‍ജ്ജ മേഖലയെ ഒഴിവാക്കിയുള്ള പണപ്പെരുപ്പ നിരക്ക് സെപ്റ്റംബറിലെ 2.1 ശതമാനത്തില്‍ നിന്ന് ഒക്ടോബറില്‍ രണ്ട് ശതമാനമായി കുറഞ്ഞിട്ടുണ്ട്.
