Wednesday, November 18, 2026

B.Cയില്‍ CN റെയില്‍ ട്രെയിന്‍ പാളം തെറ്റി; രണ്ടുപേര്‍ ആശുപത്രിയില്‍

ബ്രിട്ടീഷ് കൊളംബിയ: വടക്കന്‍ ബ്രിട്ടീഷ് കൊളംബിയയില്‍ CN റെയില്‍ ട്രെയിന്‍ പാളം തെറ്റി നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് ജീവനക്കാര്‍ക്ക് പരgക്കേറ്റു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1:10-ഓടെ ടെറസിന് ഏകദേശം 16 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായാണ് സി.എന്‍ റെയില്‍ ട്രെയിന്‍ അപകടത്തില്‍പ്പെട്ടത്.

അപകടത്തില്‍പ്പെട്ട തീവണ്ടിയുടെ നിരവധി ബോഗികള്‍ സ്‌കീന നദിയിലേക്ക് (Skeena River) മറിഞ്ഞതായി ടെറസ് ആര്‍.സി.എം.പി (RCMP) അറിയിച്ചു. നിരവധി ബോഗികള്‍ വെള്ളത്തില്‍ വീണുകിടക്കുന്നതിന്റെയും മറ്റുള്ളവ പാളത്തിന് സമീപം മറിഞ്ഞുകിടക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പാളം തെറ്റിയ ബോഗികള്‍ സുരക്ഷിതമായി വീണ്ടെടുക്കാനുള്ള ക്രമീകരണങ്ങള്‍ സി.എന്‍ റെയില്‍ നടത്തിവരികയാണെന്ന് കോണ്‍സ്റ്റബിള്‍ കെല്ലി കേറ്റ്‌സ് (Kelly Cates) വ്യക്തമാക്കി.

അപകടസമയത്ത് രണ്ട് സി.എന്‍ ജീവനക്കാരാണ് തീവണ്ടിയിലുണ്ടായിരുന്നത്. ഹൈവേ 16-ലെ 13000 ബ്ലോക്കിന് സമീപമുണ്ടായ അപകടസ്ഥലത്തേക്ക് രണ്ട് ആംബുലന്‍സുകള്‍ എത്തുകയും പരുക്കേറ്റ രണ്ട് ജീവനക്കാരെയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തതായി ബി.സി എമര്‍ജന്‍സി ഹെല്‍ത്ത് സര്‍വീസസ് അറിയിച്ചു. ഇരുവരുടെയും നില ഗുരുതരമാണെങ്കിലും തൃപ്തികരമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

അപകടത്തെത്തുടര്‍ന്ന് തീപിടിത്തമോ അപകടകരമായ വസ്തുക്കളുടെ ചോര്‍ച്ചയോ ഉണ്ടായിട്ടില്ലെന്നും പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയില്ലെന്നും സി.എന്‍ റെയില്‍ വക്താവ് ആഷ്ലി മിക്‌നോവ്‌സ്‌കി (Ashley Michnowski) അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് സഹായിച്ച പ്രാദേശിക അടിയന്തര സേവന വിഭാഗങ്ങള്‍ക്ക് കമ്പനി നന്ദി രേഖപ്പെടുത്തുകയും യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

അപകടത്തെത്തുടര്‍ന്ന് ഹൈവേ 16-ന്റെ ഒരു ഭാഗം താല്‍ക്കാലികമായി അടച്ചിരുന്നെങ്കിലും പിന്നീട് ഇരുദിശകളിലേക്കുമുള്ള ഗതാഗതം പുനഃസ്ഥാപിച്ചതായി ഡ്രൈവ് ബി.സി (DriveBC) അറിയിച്ചു. തീവണ്ടി പാളം തെറ്റാനുണ്ടായ കാരണം സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!