ഓട്ടവ: ഓട്ടവയിലെ മേയര്‍ക്കും കൗണ്‍സിലര്‍മാര്‍ക്കും 2027-ല്‍ ശമ്പള വര്‍ധന ലഭിക്കുമെന്ന് റിപ്പോര്‍ട്ട്. പുതിയതായി അധികാരമേറ്റ കൗണ്‍സിലിന്റെ ആദ്യ പരിഗണനകളിലൊന്ന് സ്വന്തം ശമ്പളവര്‍ധന സംബന്ധിച്ച തീരുമാനമായിരിക്കും. സമാനമായ മറ്റ് മുനിസിപ്പാലിറ്റികളിലെ ശരാശരി ശമ്പളത്തിന് തുല്യമാക്കുന്നതിനായി 2027-ലെ ഓട്ടവ ബജറ്റില്‍ ശമ്പളം പരിഷ്കരിക്കാനാണ് 2026-30 കൗണ്‍സില്‍ ഗവേണന്‍സ് റിവ്യൂ (Council Governance Review) ശുപാര്‍ശ ചെയ്യുന്നത്.
പുതിയ നിര്‍ദ്ദേശപ്രകാരം കൗണ്‍സിലര്‍മാരുടെ വാര്‍ഷിക ശമ്പളം 1,19,692 ഡോളറില്‍ നിന്ന് 1,37,000 ഡോളറായി ഉയരും. മേയര്‍ മാര്‍ക്ക് സട്ട്ക്ലിഫിന്റെ (Mark Sutcliffe) ശമ്പളം 2,13,921 ഡോളറില്‍ നിന്ന് 2,28,000 ഡോളറായാണ് വര്‍ധിക്കുന്നത്. ഇതോടെ ഒന്റാരിയോയിലും കാനഡയിലുടനീളവും ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന മേയര്‍മാരില്‍ ഒരാളായി മാര്‍ക്ക് സട്ട്ക്ലിഫ് മാറും.

മറ്റ് മേയര്‍മാരുടെ ശമ്പള നിരക്കുകള്‍:
2025-ലെ കണക്കുകള്‍ പ്രകാരം ഒന്റാരിയോയില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്നത് മാര്‍ഖം മേയര്‍ ഫ്രാങ്ക് സ്കാര്പിറ്റിയാണ് (3,08,179 ഡോളര്‍). ടൊറന്റോ മേയര്‍ ഒലിവിയ ചൗ 2,40,349 ഡോളറും വിന്‍ഡ്സര്‍ മേയര്‍ ഡ്രൂ ഡില്ക്കന്സ് 2,18,949 ഡോളറും വാങ്ങുന്നു. വോണ്‍ മേയര്‍ സ്റ്റീവന്‍ ഡെല്‍ ഡ്യൂക്ക (2,18,544 ഡോളര്‍), ബര്‍ലിങ്ടണ്‍ മേയര്‍ മരിയന്‍ മീഡ് വാര്‍ഡ് (2,14,252 ഡോളര്‍), ഹാമില്ട്ടണ് മേയര്‍ ആന്‍ഡ്രിയ ഹോര്‍വാത്ത് (2,12,764 ഡോളര്‍) എന്നിവരാണ് തൊട്ടുപിന്നില്‍. മിസ്സിസാഗ മേയര്‍ക്ക് 1,56,170 ഡോളര്‍ അടിസ്ഥാന ശമ്പളത്തിന് പുറമെ റീജണല്‍ മുനിസിപ്പാലിറ്റി ഓഫ് പീല്‍ കൗണ്‍സില്‍ അംഗമെന്ന നിലയില്‍ 67,289 ഡോളര്‍ കൂടി ലഭിക്കുന്നുണ്ട്.
കാനഡയിലെ മറ്റ് പ്രധാന നഗരങ്ങളില്‍ എഡ്മിന്റന്‍ മേയര്‍ക്ക് 2,29,863 ഡോളറും കാല്‍ഗറി മേയര്‍ക്ക് 2,26,000 ഡോളറും വന്‍കൂവര്‍ മേയര്‍ക്ക് 2,14,442 ഡോളറുമാണ് ഈ വര്‍ഷത്തെ ശമ്പളം. ഗാറ്റിനോ മേയര്‍ മോഡ് മാര്‍ക്വിസ്-ബിസോനെറ്റിന് 1,81,660 ഡോളര്‍ ലഭിക്കും.
കൗണ്‍സിലര്‍മാരുടെ ശമ്പളം:
കാനഡയിലെ പ്രധാന നഗരങ്ങളിലെ കൗണ്‍സിലര്‍മാരുടെ വാര്‍ഷിക ശമ്പളത്തില്‍ ടൊറന്റോയാണ് മുന്നില്‍ (1,73,693 ഡോളര്‍). എഡ്മിന്റന്‍ (1,29,865 ഡോളര്‍), കാല്‍ഗറി (1,28,159 ഡോളര്‍), വിന്നിപെഗ് (1,25,906 മുതല്‍ 1,42,273 ഡോളര്‍ വരെ), ഹാമില്ട്ടണ് (1,12,176 ഡോളര്‍), വന്‍കൂവര്‍ (1,06,159 ഡോളര്‍), ഹാലിഫാക്സ് (1,04,408 ഡോളര്‍) എന്നിങ്ങനെയാണ് മറ്റ് നഗരങ്ങളിലെ നിരക്കുകള്‍.
പ്രവിശ്യാ-ഫെഡറല്‍ ജനപ്രതിനിധികളുടെ ശമ്പളം:
ഒന്റാരിയോ പ്രവിശ്യയിലെ എം.പി.പിമാരുടെ (MPP) അടിസ്ഥാന ശമ്പളം 2025-ല്‍ 1,57,360 ഡോളറായി ഉയര്‍ത്തിയിരുന്നു. ഒന്റാരിയോ പ്രീമിയറുടെ ശമ്പളം 2,82,129 ഡോളറും കാബിനറ്റ് മന്ത്രിമാരുടേത് 2,23,909 ഡോളറുമാണ്. ഔദ്യോഗിക പ്രതിപക്ഷ നേതാവിന് 2,44,207 ഡോളര്‍ ലഭിക്കും.
ഫെഡറല്‍ തലത്തില്‍ ഒരു എം.പിയുടെ വാര്‍ഷിക ശമ്പളം 2,17,700 ഡോളറാണ്. കനേഡിയന്‍ പ്രധാനമന്ത്രിക്ക് എം.പി ശമ്പളത്തിന് പുറമെ 2,17,700 ഡോളര്‍ അധികമായി ലഭിക്കുന്നു. പ്രതിപക്ഷ നേതാവിന് 1,03,700 ഡോളറും ഹൗസ് ഓഫ് കോമണ്‍സ് സ്പീക്കര്‍ക്ക് 1,03,600 ഡോളറുമാണ് അധിക ശമ്പളം. സെനറ്റര്‍മാരുടെ അടിസ്ഥാന ശമ്പളം 1,92,700 ഡോളറാണ്. സെനറ്റ് സ്പീക്കര്‍ക്ക് 75,600 ഡോളറും സെനറ്റിലെ ഗവണ്മെന്റ് നേതാവിന് 1,03,800 ഡോളറും അധികമായി ലഭിക്കും.
