ഓട്ടവ: കാനഡയുടെ ദേശീയ അടിയന്തര മുന്നറിയിപ്പ് സംവിധാനമായ ‘അലർട്ട് റെഡി’യുടെ (Alert Ready) രാജ്യവ്യാപക പരീക്ഷണ പ്രക്ഷേപണം ഇന്ന് നടക്കും. രാജ്യത്തെ എല്ലാ പ്രവിശ്യകളിലും ടെറിട്ടറികളിലും ഉള്ള ടെലിവിഷൻ, റേഡിയോ, എൽടിഇ/5ജി (LTE/5G) മൊബൈൽ ഫോണുകൾ എന്നിവയിലൂടെ മുന്നറിയിപ്പ് സന്ദേശം എത്തും.
യഥാർത്ഥ അടിയന്തര ഘട്ടങ്ങളിലേതുപോലെ വലിയൊരു അലാറം ശബ്ദത്തോടെയായിരിക്കും സന്ദേശം ലഭിക്കുക. എന്നാൽ ഇതൊരു പതിവ് പരീക്ഷണം മാത്രമാണെന്നും, അലർട്ട് ലഭിക്കുമ്പോൾ പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും അധികൃതർ അറിയിച്ചു. സന്ദേശത്തിൽ ഇതൊരു പരീക്ഷണമാണെന്ന് വ്യക്തമായി രേഖപ്പെടുത്തിയിരിക്കും.
അലർട്ട് ലഭിക്കുമ്പോൾ യാതൊരു നടപടിയും സ്വീകരിക്കേണ്ടതില്ല. ഇതുമായി ബന്ധപ്പെട്ട് എമർജൻസി സേവനങ്ങളിലേക്ക് വിളിക്കരുതെന്നും, അടിയന്തര ആവശ്യങ്ങൾക്കായി ലൈനുകൾ ഒഴിച്ചിടണമെന്നും പൊലീസ് നിർദ്ദേശിച്ചു. പൊതുജന സുരക്ഷയുമായി ബന്ധപ്പെട്ട സംവിധാനമായതിനാൽ ഈ മുന്നറിയിപ്പ് സന്ദേശങ്ങൾ ഫോണിൽ നിന്ന് ഒഴിവാക്കാൻ (Opt-out) സാധിക്കില്ല.

പ്രകൃതിക്ഷോഭങ്ങൾ, കാട്ടുതീ, കൊടുങ്കാറ്റ്, ആംബർ അലർട്ടുകൾ (AMBER Alerts) തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ സംവിധാനം കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനാണ് വർഷത്തിൽ രണ്ടുതവണ (മെയ്, നവംബർ മാസങ്ങളിൽ) ഇത്തരത്തിൽ പരിശോധന നടത്തുന്നത്.
വിവിധ പ്രവിശ്യകളിലെ പ്രാദേശിക സമയമനുസരിച്ച് രാവിലെ 9:55 മുതൽ ഉച്ചയ്ക്ക് 1:55 വരെയുള്ള സമയങ്ങളിലാണ് സന്ദേശം പ്രക്ഷേപണം ചെയ്യുന്നത്. ഒന്റാരിയോയിൽ ഉച്ചയ്ക്ക് 12:55-നും (EST), കെബെക്ക്, ആൽബെർട്ട, ബ്രിട്ടീഷ് കൊളംബിയ എന്നിവിടങ്ങളിൽ ഉച്ചയ്ക്ക് 1:55-നുമാണ് അലർട്ട് ലഭിക്കുക. ഫോണിന്റെ സോഫ്റ്റ്വെയർ അപ്ഡേറ്റുകൾ, നെറ്റ്വർക്ക് കവറേജ് എന്നിവയനുസരിച്ച് ചില ഉപകരണങ്ങളിൽ സന്ദേശം ലഭിച്ചെന്ന് വരില്ലെന്നും അധികൃതർ വ്യക്തമാക്കി.
