Friday, November 20, 2026

കുതിപ്പിനൊരുങ്ങി ആൽബർട്ട ഭവനവിപണി; വീടുകളുടെ വിലയും വിൽപ്പനയും ഉയരുമെന്ന് പ്രവചനം

എഡ്മിന്റന്‍: ആല്‍ബര്‍ട്ട പ്രവിശ്യയില്‍ 2027ല്‍ ഭവന വില്‍പ്പനയിലും വിലയിലും വര്‍ധനയുണ്ടാകുമെന്ന് ആല്‍ബര്‍ട്ട റിയല്‍ എസ്റ്റേറ്റ് അസോസിയേഷന്‍ (അഞഋഅ) പുറത്തുവിട്ട പുതിയ പ്രവചന റിപ്പോര്‍ട്ട്. എന്നാല്‍ പുതിയ വീടുകളുടെ നിര്‍മ്മാണം കുറയുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2026-നെ അപേക്ഷിച്ച് വില്‍പ്പനയില്‍ 2.4 ശതമാനം വര്‍ധനയോടെ പ്രവിശ്യയില്‍ ഏകദേശം 69,200 വീടുകള്‍ വിറ്റഴിക്കപ്പെടുമെന്നാണ് കണക്കുകൂട്ടല്‍.

അപ്പാര്‍ട്ട്‌മെന്റ് വില്‍പ്പനയില്‍ 10.4 ശതമാനത്തിന്റെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ച പ്രതീക്ഷിക്കുമ്പോള്‍, സ്വതന്ത്ര വീടുകളുടെ (Detached homes) വില്‍പ്പനയില്‍ 0.9 ശതമാനത്തിന്റെ നേരിയ വര്‍ധന മാത്രമാണ് പ്രവചിക്കുന്നത്. സ്വതന്ത്ര വീടുകളുടെ ശരാശരി വില 2.4 ശതമാനം വര്‍ധിച്ച് 6,16,000 ഡോളറില്‍ നിന്ന് 6,31,000 ഡോളറായി ഉയരും. എഡ്മിന്റണില്‍ അടുത്ത വര്‍ഷം 16,400 വീടുകളുടെ വില്‍പ്പനയും (3.5% വര്‍ധന), സ്വതന്ത്ര വീടുകളുടെ ശരാശരി വിലയില്‍ 2 ശതമാനം വര്‍ധനേയാടെ 5,77,000 ഡോളറും എത്തുമെന്നാണ് വിലയിരുത്തല്‍. ജനസംഖ്യാ വളര്‍ച്ചാ നിരക്ക് മന്ദഗതിയിലായതും വിപണിയില്‍ പുതിയ വീടുകളുടെ ലഭ്യത കൂടിയതും കാരണം പുതിയ ഭവന നിര്‍മ്മാണങ്ങള്‍ ഈ വര്‍ഷത്തെ 48,200-ല്‍ നിന്ന് 21.2 ശതമാനം കുറഞ്ഞ് 38,000 ആയി താഴും.

ബാങ്ക് ഓഫ് കാനഡയുടെ പലിശ നിരക്ക് നിലവിലെ 2.5 ശതമാനത്തില്‍ നിന്ന് 3.5 ശതമാനമായി ഉയരാന്‍ സാധ്യതയുണ്ടെങ്കിലും, ആല്‍ബര്‍ട്ടയുടെ സാമ്പത്തിക വളര്‍ച്ച ദേശീയ ശരാശരിയായ 2 ശതമാനത്തേക്കാള്‍ ഉയര്‍ന്ന് 2.4 ശതമാനത്തിലെത്തുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. തൊഴിലില്ലായ്മ നിരക്ക് 6.7 ശതമാനത്തില്‍ നിന്ന് 6.2 ശതമാനമായി കുറയും. 2026-ല്‍ പ്രവിശ്യയിലെ നിക്ഷേപം 2014-ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കായ 76.1 ബില്യണ്‍ ഡോളറിലെത്തിയിട്ടുണ്ട്. ജനസംഖ്യാ കുറവും ഉയര്‍ന്ന വായ്പാ നിരക്കുകളും നിലവില്‍ എഡ്മിന്റണ്‍ വിപണിയില്‍ ചെറിയൊരു മന്ദതയ്ക്ക് കാരണമായിട്ടുണ്ടെങ്കിലും, 2027-ന് ശേഷം വിപണി കൂടുതല്‍ ശക്തമാകുമെന്ന് അസോസിയേഷന്‍ മുഖ്യ സാമ്പത്തിക വിദഗ്ധന്‍ ബെന്‍ ബ്രണ്ണന്‍ അഭിപ്രായപ്പെട്ടു. മുനിസിപ്പല്‍ സോണിങ് നിയമങ്ങളില്‍ ആല്‍ബര്‍ട്ട സര്‍ക്കാര്‍ വരുത്തിയ ഭേദഗതികള്‍ പുതിയ നിര്‍മ്മാണങ്ങളുടെ ബാഹുല്യം കുറയ്ക്കാനും വില സ്ഥിരത നിലനിര്‍ത്താനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യാഴാഴ്ച നടന്ന അസോസിയേഷന്‍ പരിപാടിയില്‍ പങ്കെടുത്ത പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത്, ഭവന വിപണിയുമായി ബന്ധപ്പെട്ട വിവിധ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. സെന്റ് ആല്‍ബര്‍ട്ട് നഗരത്തിനായി ഫെഡറല്‍ സര്‍ക്കാര്‍ അനുവദിച്ച 28 മില്യണ്‍ ഡോളര്‍ പ്രവിശ്യാ സര്‍ക്കാര്‍ തടഞ്ഞുവെച്ചിരിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, നെറ്റ്-സീറോ കോണ്‍ക്രീറ്റ് (Net-zero concrete) മാത്രം ഉപയോഗിക്കണമെന്ന ഫെഡറല്‍ നിബന്ധനയാണ് ഇതിന് തടസ്സമെന്ന് സ്മിത്ത് വ്യക്തമാക്കി. ഒരൊറ്റ കമ്പനി മാത്രം നിര്‍മ്മിക്കുന്ന ഈ ഉല്‍പ്പന്നം നിര്‍ബന്ധമാക്കുന്നത് കുത്തകവല്‍ക്കരണത്തിനും വീടുകളുടെ വില കുത്തനെ ഉയരാനും കാരണമാകുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

റിയല്‍ എസ്റ്റേറ്റ് പരസ്യങ്ങളില്‍ വീടുകളുടെ രൂപം മാറ്റി കാണിക്കാന്‍ നിര്‍മ്മിത ബുദ്ധി (AI) ചിത്രങ്ങള്‍ ഉപയോഗിക്കുന്നത് നിരോധിക്കുന്ന കാര്യം നിലവില്‍ സജീവ പരിഗണനയിലില്ലെന്നും, എന്നാല്‍ ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കാന്‍ നടപടികള്‍ ആലോചിക്കുമെന്നും പ്രീമിയര്‍ പറഞ്ഞു. ഭിന്നശേഷിക്കാര്‍ക്ക് അനുയോജ്യമായ വീടുകളുടെ ലഭ്യതക്കുറവിനെക്കുറിച്ചുള്ള ആശങ്കയ്ക്ക് മറുപടിയായി, എല്ലാ പുതിയ വീടുകളിലും നിര്‍മ്മാണ മാറ്റങ്ങള്‍ നിര്‍ബന്ധമാക്കുന്നതിന് പകരം, മുതിര്‍ന്ന പൗരന്മാര്‍ക്കായി നിലവിലുള്ള ഭവന പുനര്‍നിര്‍മ്മാണ സഹായ പദ്ധതി ചലനവൈകല്യമുള്ള എല്ലാവര്‍ക്കുമായി വിപുലീകരിക്കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കുമെന്നും ഡാനിയേല്‍ സ്മിത്ത് ഉറപ്പുനല്‍കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!