സെന്റ് ജോൺസ്: ജീവിതച്ചെലവ് വർധിച്ചതോടെ ന്യൂഫിൻലൻഡിൽ ഒറ്റ രക്ഷിതാക്കളുള്ള കുടുംബങ്ങളിലെ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ക്രിസ്മസ് സമ്മാന വിതരണ പദ്ധതി പ്രതിസന്ധിയിൽ. സഹായം തേടുന്നവരുടെ എണ്ണം വർധിക്കുകയും സംഭാവനകൾ കുറയുകയും ചെയ്തതാണ് തിരിച്ചടിയായത്.
സിംഗിൾ പാരന്റ്സ് അസോസിയേഷൻ ഓഫ് ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ 1,400 കുട്ടികൾക്ക് ക്രിസ്മസ് സമ്മാനങ്ങൾ നൽകാൻ ലക്ഷ്യമിടുന്നുണ്ട്. എന്നാൽ 400 കുട്ടികൾ കൂടി കാത്തിരിപ്പുപട്ടികയിലുണ്ട്. കൂടുതൽ സംഭാവനകൾ ലഭിച്ചില്ലെങ്കിൽ ഇവർക്ക് സമ്മാനങ്ങൾ നൽകാനാകില്ലെന്ന് സംഘാടകർ ആശങ്കപ്പെടുന്നു.
രജിസ്ട്രേഷൻ ആരംഭിച്ച ആദ്യ ദിവസം തന്നെ 1,000 കുട്ടികൾ പദ്ധതിയിൽ പേര് ചേർത്തു. പിന്നീട് 800 പേർ കൂടി അപേക്ഷിച്ചു. കുടുംബങ്ങളുടെ ഭക്ഷണം, ഇന്ധനം, താമസം എന്നിവയ്ക്കുള്ള ചെലവ് വർധിച്ചതോടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ രൂക്ഷമായെന്ന് സംഘാടകർ പറഞ്ഞു.

2025 ഒക്ടോബറിനും 2026 ഒക്ടോബറിനുമിടയിൽ കാനഡയിൽ ഇന്ധനവില ഏകദേശം 30 ശതമാനം വർധിച്ചതായും റിപ്പോർട്ടിലുണ്ട്. നേരത്തെ സംഭാവന നൽകിയിരുന്ന ചിലർ ഇപ്പോൾ സംഘടനയുടെ സഹായം തേടുന്നവരായി മാറിയെന്നും അധികൃതർ വ്യക്തമാക്കി.
കുട്ടികൾക്ക് സ്നോസ്യൂട്ടുകൾ, ശൈത്യകാല ബൂട്ടുകൾ, തൊപ്പികൾ, കൈയുറകൾ തുടങ്ങിയവ ലഭിക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെടാറുണ്ട്. കുട്ടികൾ ആഗ്രഹിക്കുന്ന സമ്മാനങ്ങളല്ലെങ്കിലും കുടുംബങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ ഇത്തരം സഹായങ്ങൾ ഏറെ പ്രയോജനപ്പെടുന്നുണ്ടെന്ന് അസോസിയേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ആഞ്ചല നോസ്വർത്തി പറഞ്ഞു.. രണ്ട് കുട്ടികൾക്കും ഓരോ ശൈത്യകാല കോട്ടുകൾ ലഭിച്ചതോടെ ഇരുവരെയും സ്കൂളിലേക്ക് അയക്കാൻ കഴിഞ്ഞെന്ന് അറിയിച്ച രക്ഷിതാക്കളുടെ അനുഭവവും അവർ പങ്കുവെച്ചു.
ജീവിതച്ചെലവിലെ വർധന ക്രിസ്മസ് ആഘോഷങ്ങളെയും സന്നദ്ധ സംഘടനകളുടെ പ്രവർത്തനങ്ങളെയും എങ്ങനെ ബാധിക്കുന്നുവെന്നതിന്റെ ഉദാഹരണമായി മാറുകയാണ് ന്യൂഫിൻലൻഡിലെ ഈ കളിപ്പാട്ട വിതരണ പദ്ധതി.
