Saturday, November 21, 2026

പരമ്പരാഗത ഗ്രേഡിങ് രീതിക്ക് പകരം പുതിയ പരീക്ഷണവുമായി ടൊറന്റോ മെട്രോപൊളിറ്റൻ സർവകലാശാല

ടൊറന്റോ: വിദ്യാർഥികളുടെ പഠനമികവ് അളക്കുന്നതിനുള്ള പരമ്പരാഗത ഗ്രേഡിങ് രീതിക്ക് പകരം ബദൽ മൂല്യനിർണയ രീതി പരീക്ഷിച്ച് ടൊറന്റോ മെട്രോപൊളിറ്റൻ സർവകലാശാലയിലെ (TMU) അധ്യാപകർ. മാർക്കിനേക്കാൾ പഠനപ്രക്രിയയ്ക്കും കഴിവുകൾ വികസിപ്പിക്കുന്നതിനും പ്രാധാന്യം നൽകുകയാണ് ലക്ഷ്യം.

അസൈൻമെന്റുകൾക്ക് നേരിട്ട് ഗ്രേഡ് നൽകുന്നതിന് പകരം അധ്യാപകരുടെ വിശദമായ പ്രതികരണങ്ങൾ, സ്വയം വിലയിരുത്തൽ, അധ്യാപകരുമായുള്ള ചർച്ച എന്നിവയാണ് ഈ രീതിയുടെ പ്രത്യേകത. വിദ്യാർഥികൾക്ക് സ്വന്തം പഠനനിലവാരം വിലയിരുത്തി അന്തിമ ഗ്രേഡ് നിർണയിക്കുന്നതിൽ പങ്കാളികളാകാനും അവസരമുണ്ട്.

ചെറിയ ക്ലാസുകളിൽ അധ്യാപകരും വിദ്യാർഥികളും തമ്മിലുള്ള നേരിട്ടുള്ള ചർച്ചയിലൂടെയാണ് മൂല്യനിർണയം നടത്തുന്നത്. അതേസമയം, പ്രോജക്ടുകൾ അടിസ്ഥാനമാക്കിയുള്ള പഠനത്തിനും കൂടുതൽ വെല്ലുവിളികൾ ഏറ്റെടുക്കുന്നതിനും ഈ രീതി പ്രോത്സാഹനം നൽകുന്നുണ്ടെന്ന് അധ്യാപകർ പറയുന്നു.

എന്നാൽ ബദൽ ഗ്രേഡിങ് എന്നത് എളുപ്പത്തിൽ വിജയിക്കാനുള്ള സംവിധാനമല്ലെന്നും പഠനനിലവാരത്തിൽ വിട്ടുവീഴ്ചയില്ലെന്നും അധ്യാപിക അലിസ കൗൺസൽ വ്യക്തമാക്കി.

നിലവിൽ സർവകലാശാലയിൽ പരിമിതമായ അധ്യാപകരാണ് ഈ രീതി പിന്തുടരുന്നതെങ്കിലും താൽപര്യം വർധിച്ചുവരികയാണെന്ന് വൈസ് പ്രൊവോസ്റ്റ് സീൻ ഖെരാജ് പറഞ്ഞു. ബിരുദ, ബിരുദാനന്തര ക്ലാസുകളിൽ വിവിധ രീതികൾ പരീക്ഷിക്കുന്നുണ്ട്.

പരമ്പരാഗത ഗ്രേഡിങ് ഒഴിവാക്കിയാലും സെമസ്റ്റർ അവസാനിക്കുമ്പോൾ വിദ്യാർഥികളുടെ ട്രാൻസ്‌ക്രിപ്റ്റിൽ അക്ഷര ഗ്രേഡുകൾ രേഖപ്പെടുത്തും. വിദ്യാർഥികളുടെ അസൈൻമെന്റുകൾ, ലാബ് പ്രവർത്തനങ്ങൾ, പഠനത്തിലെ പുരോഗതി എന്നിവ പരിഗണിച്ചാണ് അന്തിമ ഗ്രേഡ് നിശ്ചയിക്കുന്നത്.

പഠനത്തിൽ ജനറേറ്റീവ് എ.ഐയുടെ ഉപയോഗത്തിലും ഈ രീതി മാറ്റമുണ്ടാക്കുന്നതായി അധ്യാപകർ നിരീക്ഷിക്കുന്നു. ഉയർന്ന മാർക്ക് നേടാനുള്ള സമ്മർദം കുറയുമ്പോൾ എ.ഐയെ ആശ്രയിക്കുന്ന പ്രവണത കുറയുന്നുവെന്നാണ് അവരുടെ വിലയിരുത്തൽ.

പുതിയ മൂല്യനിർണയ രീതിയുടെ ഫലപ്രാപ്തി വിലയിരുത്താൻ സർവകലാശാല വിവരങ്ങൾ ശേഖരിച്ചുവരികയാണ്. പരീക്ഷണങ്ങളുടെ ഫലമനുസരിച്ച് രീതി തുടരണമോ മാറ്റണമോ എന്ന് തീരുമാനിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!