Sunday, November 22, 2026

പാൻക്രിയാസ്, ശ്വാസകോശ കാൻസറുകൾക്ക് പുതിയ മരുന്ന്; ആദ്യ പരീക്ഷണത്തിലെ ഫലം പ്രതീക്ഷ നൽകുന്നു

ടൊറന്റോ: പാൻക്രിയാസ്, ശ്വാസകോശ അർബുദ ചികിത്സയിൽ പ്രതീക്ഷ നൽകുന്ന പുതിയ മരുന്ന് പരീക്ഷണവുമായി അമേരിക്കൻ ഔഷധനിർമാണ കമ്പനി. ERAS-0015 എന്ന ഗുളികയുടെ ആദ്യഘട്ട ക്ലിനിക്കൽ പരീക്ഷണത്തിൽ രോഗികളിൽ ട്യൂമറുകളുടെ വലുപ്പം കുറഞ്ഞതായി കണ്ടെത്തി. കാൻസർ ചികിത്സയിലെ നിർണായക മുന്നേറ്റമായി കനേഡിയൻ ഡോക്ടർമാർ ഇതിനെ വിശേഷിപ്പിച്ചു.

അമേരിക്കയിലെ എറാസ്ക (Erasca) കമ്പനിയാണ് മരുന്ന് വികസിപ്പിക്കുന്നത്. പാൻക്രിയാസ് കാൻസർ ബാധിച്ച 25 പേരിൽ 44 ശതമാനം പേർക്കും 32 മില്ലിഗ്രാം മരുന്ന് ദിവസവും നൽകിയപ്പോൾ ട്യൂമറുകൾ ഗണ്യമായി ചുരുങ്ങി. പ്രത്യേക ജനിതക വ്യതിയാനങ്ങളുള്ള രോഗികളിൽ 69 ശതമാനം പേർക്കും അനുകൂല ഫലമുണ്ടായി.

ശ്വാസകോശ കാൻസർ ബാധിച്ച് നേരത്തെ കീമോതെറാപ്പിയും ഇമ്യൂണോതെറാപ്പിയും സ്വീകരിച്ച അഞ്ച് രോഗികളിൽ മൂന്ന് പേരിലും ട്യൂമറുകളുടെ വലുപ്പം കുറഞ്ഞു.

ടൊറന്റോയിലെ പ്രിൻസസ് മാർഗരറ്റ് കാൻസർ സെന്ററിലെ മെഡിക്കൽ ഓങ്കോളജിസ്റ്റ് ഡോ. ജെന്നിഫർ നോക്സ് പുതിയ മരുന്നിനെ വലിയ മുന്നേറ്റമെന്നാണ് വിശേഷിപ്പിച്ചത്. 2027ൽ കാനഡയിലും ആരംഭിക്കുന്ന ആഗോള പരീക്ഷണത്തിന്റെ ഭാഗമായി അവർ രോഗികളുടെ ചികിത്സയ്ക്ക് മേൽനോട്ടം വഹിക്കും.

എങ്ങനെയാണ് മരുന്ന് പ്രവർത്തിക്കുന്നത്?

കോശങ്ങളുടെ വളർച്ച നിയന്ത്രിക്കുന്ന RAS പ്രോട്ടീനുകളിലെ ജനിതക വ്യതിയാനങ്ങളാണ് ചില കാൻസറുകൾക്ക് കാരണമാകുന്നത്. ഇത്തരം വ്യതിയാനങ്ങൾ തടഞ്ഞ് കാൻസർ കോശങ്ങളുടെ വളർച്ച നിയന്ത്രിക്കുകയാണ് ERAS-0015 ലക്ഷ്യമിടുന്നത്.

എന്നാൽ പരീക്ഷണം ഇപ്പോഴും ആദ്യഘട്ടത്തിലാണ്. വളരെ കുറച്ച് രോഗികളിലാണ് പഠനം നടത്തിയിട്ടുള്ളത്. ദീർഘകാല ഫലങ്ങളും സുരക്ഷയും ഉറപ്പാക്കാൻ കൂടുതൽ വിപുലമായ ക്ലിനിക്കൽ പരീക്ഷണങ്ങൾ ആവശ്യമാണ്.

മരുന്നിന്റെ 24 മില്ലിഗ്രാം ഡോസ് സ്വീകരിച്ച ഒരു രോഗി ശ്വാസകോശത്തിലെ വീക്കം മൂലം മരിച്ചതായി കമ്പനി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. അതിനാൽ മരുന്നിന്റെ സുരക്ഷയും തുടർപഠനങ്ങളിൽ നിർണായകമാകും. 2027-ൽ കൂടുതൽ വിപുലമായ പരീക്ഷണങ്ങൾ ആരംഭിക്കാനാണ് കമ്പനിയുടെ പദ്ധതി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!