Sunday, November 22, 2026

ശബരിമല വെർച്വൽ ക്യൂ ബുക്കിങ്ങിൽ നിയന്ത്രണം കടുപ്പിക്കുന്നു; ബുക്ക് ചെയ്തിട്ട് എത്താത്തവർക്ക് വീണ്ടും അവസരമില്ല

പത്തനംതിട്ട: ശബരിമല ദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിങ് സംവിധാനത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. ബുക്ക് ചെയ്ത ദിവസം ദർശനത്തിനെത്താതിരിക്കുകയും ബുക്കിങ് റദ്ദാക്കാതിരിക്കുകയും ചെയ്യുന്ന തീർഥാടകർക്ക് ഈ മണ്ഡലകാലത്ത് പിന്നീട് പുതിയ സ്ലോട്ട് അനുവദിക്കില്ല. വെർച്വൽ ക്യൂ സ്ലോട്ടുകൾ കൂട്ടത്തോടെ ബുക്ക് ചെയ്ത് ഉയർന്ന വിലയ്ക്ക് മറിച്ചുവിൽക്കുന്നത് തടയാനാണ് പൊലീസും തിരുവിതാംകൂർ ദേവസ്വം ബോർഡും പുതിയ പരിഷ്‌കാരങ്ങൾ ആലോചിക്കുന്നത്.

നിശ്ചയിച്ച ദിവസം ദർശനത്തിനെത്താൻ അസൗകര്യമുള്ളവർക്ക് മറ്റൊരു ദിവസത്തേക്ക് ബുക്കിങ് മാറ്റാനും ആവശ്യമെങ്കിൽ റദ്ദാക്കാനും സൗകര്യമുണ്ടാകും. എന്നാൽ ബുക്കിങ് റദ്ദാക്കാതെ ദർശനത്തിന് എത്താത്തവർക്കായിരിക്കും നിയന്ത്രണം ബാധകമാകുക. പുതിയ മാറ്റങ്ങൾ ഈ മണ്ഡലകാലത്തുതന്നെ നടപ്പാക്കാനാണ് നീക്കം.

അയൽ സംസ്ഥാനങ്ങളിലെ ട്രാവൽ ഏജൻസികൾ തീർഥാടകരുടെ തിരിച്ചറിയൽ രേഖകളും മൊബൈൽ നമ്പറുകളും ഉപയോഗിച്ച് കൂട്ടത്തോടെ സ്ലോട്ടുകൾ ബുക്ക് ചെയ്ത് മറിച്ചുവിൽക്കുന്നതായി സംശയമുണ്ട്. ഇത്തരം ക്രമക്കേടുകൾ തടയുന്നതിനായി വെർച്വൽ ക്യൂ ബുക്കിങ് സോഫ്റ്റ്‌വെയറിൽ മാറ്റങ്ങൾ വരുത്തും.

കൂട്ടബുക്കിങ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആധാർ അധിഷ്ഠിത ഒടിപി വെരിഫിക്കേഷൻ ഇതിനകം നിർബന്ധമാക്കിയിട്ടുണ്ട്. ഓരോ തീർഥാടകന്റെയും ആധാർ നമ്പർ നൽകി അതുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് സ്ഥിരീകരണം പൂർത്തിയാക്കിയാൽ മാത്രമേ ഇനി വെർച്വൽ ക്യൂ ബുക്ക് ചെയ്യാനാകൂ.

ഓരോ തീർഥാടകന്റെയും ടിക്കറ്റിൽ പ്രത്യേക ക്യുആർ കോഡ് ഉൾപ്പെടുത്തി പമ്പയിലോ നിലയ്ക്കലിലോ പരിശോധിക്കുന്ന സംവിധാനവും പരിഗണനയിലുണ്ട്. എന്നാൽ ഇത് ഉടൻ നടപ്പാക്കില്ലെന്നാണ് സൂചന.

അതേസമയം, കൂടുതൽ തീർഥാടകർക്ക് ദർശനത്തിന് അവസരമൊരുക്കുന്നതിനായി നവംബർ 30 വരെ പ്രതിദിന വെർച്വൽ ക്യൂ പരിധിയിൽ 5,000 സ്ലോട്ടുകൾ കൂടി അനുവദിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചിട്ടുണ്ട്. നിലവിൽ വെർച്വൽ ക്യൂ വഴി 66,000 പേർക്കും സ്പോട്ട് ബുക്കിങ് വഴി 14,000 പേർക്കുമാണ് പ്രതിദിനം ദർശനാനുമതി. പുതിയ വർധനയോടെ ആകെ പ്രതിദിന പരിധി 85,000 ആയി ഉയരും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!